13 July 2025, 10:22 AM IST
.jpg?%24p=e65d0a9&f=16x10&w=852&q=0.8)
ലയണൽ മെസ്സി | Getty Images via AFP
ഫിലാഡെല്‍ഫിയ: മേജര്‍ സോക്കര്‍ ലീഗില്‍ ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. മെസ്സിയുടെ ഇരട്ട ഗോള്‍ മികവില്‍ നാഷ് വില്ലയെ ഇന്റര്‍ മയാമി പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് മയാമിയുടെ ജയം. തുടര്‍ച്ചയായ അഞ്ചാം എംഎല്‍എസ് മത്സരത്തിലാണ് മെസ്സി ഗോള്‍ നേടുന്നത്.
17-ാം മിനിറ്റിലാണ് മെസ്സി ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. പെനാല്‍റ്റി ബോക്‌സിന് പുറത്തുവെച്ച് ലഭിച്ച ഫ്രീകിക്ക് വലയിലാക്കിയ മെസ്സി മയാമിയെ മുന്നിലെത്തിച്ചു. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ നാഷ് വില്ലയുടെ തിരിച്ചടിയെത്തി. 49-ാം മിനിറ്റില്‍ ഹാനി മുക്തറാണ് ടീമിനായി സമനിലഗോള്‍ കണ്ടെത്തിയത്. എന്നാല്‍, മുന്നേറ്റം തുടര്‍ന്ന മെസ്സിയും സംഘവും 62-ാം മിനിറ്റില്‍ വിജയഗോളും നേടി. നാഷ് വില്ലെ ഗോളിയുടെ പിഴവ് മുതലെടുത്ത് മെസ്സി രണ്ടാം തവണയും ലക്ഷ്യംകണ്ടു.
തുടര്‍ച്ചയായ അഞ്ചാം എംഎല്‍എസ് മത്സരത്തിലും ഇരട്ടഗോള്‍ നേടിയ മെസ്സി ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളിലും ഇരട്ടഗോള്‍ നേടുന്ന ആദ്യ എംഎല്‍എസ് താരമാണ് മെസ്സി. മൊൺട്രിയൽ, കൊളംബസ് ക്ലബ്ബുകള്‍ക്കെതിരേയാണ് നേരത്തേ മെസ്സി ഡബിളടിച്ചത്. ഫിഫ ക്ലബ് ലോകകപ്പിന് ശേഷം ലീഗ് മത്സരം പുനരാരംഭിച്ചപ്പോഴും അർജന്റീന നായകന്‍ ഗോളടി തുടര്‍ന്നു. കഴിഞ്ഞ മത്സരത്തിൽ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെതിരേയും മെസ്സി ഇരട്ടഗോളുകള്‍ നേടിയിരുന്നു.
ലീഗില്‍ ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സ് വിഭാഗത്തിൽ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്റര്‍ മയാമി. 19 മത്സരങ്ങളില്‍ നിന്ന് 11 ജയവും മൂന്ന് തോല്‍വിയും അഞ്ച് സമനിലയുമടക്കം 38 പോയന്റാണ് ടീമിനുള്ളത്.
Content Highlights: Lionel Messi At The Double Again To Lift Inter Miami To MLS Win Over Nashville








English (US) ·