തുടർച്ചയായ ഓവറുകളിൽ രണ്ട് ഹാട്രിക്; അഞ്ചുപേർ ഡക്ക്, അഞ്ചുപേർ ബൗള്‍ഡ്, ചരിത്രം സൃഷ്ടിച്ച് കിഷോർകുമാർ

6 months ago 6

11 July 2025, 12:11 PM IST

kishor kumar sadhak

കിഷോർ കുമാർ സാധക്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഓവറുകളില്‍ രണ്ട് ഹാട്രിക് സ്വന്തമാക്കി സ്പിന്‍ ബൗളര്‍ കിഷോര്‍ കുമാര്‍ സാധക്. യുകെയിലെ ഇപ്‌സ്വിച്ച് ആന്‍ഡ് കോള്‍ചെസ്റ്റര്‍ ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടിയാണ് സാധകിന്റെ പ്രകടനം. കെസ്‌ഗ്രേവ് ക്ലബ്ബിനെതിരായ മത്സരത്തില്‍ 21 റണ്‍സ് വിട്ടുനല്‍കി ആറുവിക്കറ്റാണ് താരം സ്വന്തമാക്കിയത്. അഞ്ചുപേരെ ബൗള്‍ഡ് ചെയ്തും ഒരാളെ ക്യാച്ചിലുമാണ് പുറത്താക്കിയതെന്നതും വിക്കറ്റുകളുടെ മാറ്റു കൂട്ടുന്നു. അഞ്ചുപേരെ പൂജ്യത്തിനാണ് മടക്കിയത്. മത്സരത്തില്‍ ഇപ്‌സ്വിച്ച് ആന്‍ഡ് കോള്‍ചെസ്റ്റര്‍ ക്ലബ് ഏഴ് വിക്കറ്റ് ജയം നേടി.

ആറു വിക്കറ്റുകള്‍ക്ക് പുറമേ, ജസ്‌കരണ്‍ സിങ്ങിനെ റണ്ണൗട്ടാക്കി ഏഴാമതൊരു വിക്കറ്റില്‍ക്കൂടി സാധകിന്റെ കൈയൊപ്പുണ്ടായി. കെസ്‌ഗ്രേവ് ക്ലബ് ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം ഇപ്‌സ്വിച്ച് ക്ലബ് 21 ഓവറില്‍ മറികടന്നു. രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 14 റണ്‍സ് നേടി സാധക് ബാറ്റിങ്ങിലും മികവ് കാണിച്ചു.

അതേസമയം 2017-ല്‍ ന്യൂസൗത്ത് വെയില്‍സിനുവേണ്ടി ഷെഫീല്‍ഡ് ഷീല്‍ഡ് ഗെയിമില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് ഹാട്രിക് നേടിയിരുന്നു. 113 വര്‍ഷം മുന്‍പ് ഓള്‍ഡ് ട്രാഫോഡില്‍ നടന്ന ഒരു മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ ജിമ്മി മാത്യൂസും രണ്ട് ഹാട്രിക് നേടിയതായി ചരിത്ര രേഖകളുണ്ട്. പക്ഷേ, ഈ രണ്ട് സംഭവങ്ങളിലും രണ്ട് ഇന്നിങ്‌സുകളിലായാണ് ഈ ഹാട്രിക്കുകള്‍ പിറന്നിരുന്നത്.

Content Highlights: Two hat-tricks successful consecutive overs: Kishor Kumar Sadhak

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article