Published: July 11 , 2025 02:29 PM IST
1 minute Read
ഡബ്ലിൻ∙ തുടർച്ചയായി അഞ്ച് പന്തുകളിൽ അഞ്ച് വിക്കറ്റെടുത്ത് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച് അയർലൻഡ് താരം കർട്ടിസ് കാംഫർ. അയർലൻഡിൽ നടക്കുന്ന ഇന്റർ പ്രൊവിൻഷ്യൽ ട്വന്റി20 ടൂർണമെന്റിലാണ് ഐറിഷ് താരത്തിന്റെ റെക്കോർഡ് പ്രകടനം. ടൂർണമെന്റിൽ മൻസ്റ്റർ റെഡിന്റെ നായകനായ ഇരുപത്താറുകാരൻ കാംഫർ, നോർത്ത്–വെസ്റ്റ് വോറിയേഴ്സിനെതിരായ മത്സരത്തിലാണ് തുടർച്ചയായി അഞ്ച് പന്തുകളിൽ അഞ്ച് വിക്കറ്റെടുത്ത് വിസ്മയിപ്പിച്ചത്.
മത്സരത്തിൽ മൻസ്റ്റർ റെഡ് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നോർത്ത്–വെസ്റ്റ് വോറിയേഴ്സ് ഒരു ഘട്ടത്തിൽ അഞ്ചിന് 87 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ, കാംഫറിന്റെ ഐതിഹാസിക പ്രകടനത്തോടെ അവർ 88 റൺസിന് ഓൾഔട്ടായി.
12–ാം ഓവറിലെ അഞ്ചാം പന്തിൽ ജാരദ് വിൽസനെ ക്ലീൻ ബൗൾഡാക്കിയാണ് കാംഫർ തന്റെ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. അവസാന പന്തിൽ ഗ്രഹാം ഹ്യൂമിനെ എൽബിയിൽ കുരുക്കിയതോടെ താരത്തിന് തുടർച്ചയായി രണ്ടു പന്തുകളിൽ രണ്ടു വിക്കറ്റായി. നോർത്ത്–വെസ്റ്റ് വോറിയേഴ്സ് അഞ്ചിന് 87 റൺസ് എന്ന നിലയിൽനിന്ന് ഏഴിന് 87 റൺസ് എന്ന നിലയിലേക്ക് തകരുകയും ചെയ്തു.
ഒരു റൺ മാത്രം പിറന്ന 13–ാം ഓവറിനു ശേഷം ബോളിങ്ങിനായി 14–ാം ഓവറിൽ തിരിച്ചെത്തിയ കാംഫർ ആദ്യ മൂന്നു പന്തുകളിൽത്തന്നെ എതിർ ടീമിന്റെ ശേഷിച്ച മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. ആദ്യ പന്തിൽ ഐറിഷ് ദേശീയ താരം കൂടിയായ ആൻഡി മക്‌ബ്രീനിനെ ഡീപ് മിഡ്‌വിക്കറ്റിൽ ഫീൽഡറിന്റെ കൈകളിലെത്തിച്ച് ഹാട്രിക് പൂർത്തിയാക്കി കാംഫർ, തൊട്ടടുത്ത പന്തിൽ റോബി മില്ലറിനെ വിക്കറ്റ് കീപ്പറിന്റെ കൈകളിലുമെത്തിച്ചു. മൂന്നാം പന്തിൽ ജോഷ് വിൽസനെ ക്ലീൻ ബൗൾഡാക്കിയതോടെ താരത്തിന് തുടർച്ചയായി 5 പന്തുകളിൽ 5 വിക്കറ്റ് എന്ന അതുല്യ നേട്ടം.
പുരുഷ ക്രിക്കറ്റിൽ ഇത് ആദ്യ സംഭവമാണെങ്കിൽ വനിതാ ക്രിക്കറ്റിൽ അഞ്ച് പന്തിൽ അഞ്ച് വിക്കറ്റ് എന്ന അതുല്യ നേട്ടം മുൻപേ സ്വന്തമാക്കിയ താരമാണ് സിംബാബ്‌വെ ഓള്‍റൗണ്ടർ കെലിസ് എൻദ്‌ലോവു. കഴിഞ്ഞ വർഷം അണ്ടർ 19 വിഭാഗത്തിൽ ഒരു ആഭ്യന്തര ട്വന്റി20 മത്സരത്തിലായിരുന്നു താരത്തിന്റെ നേട്ടം.
English Summary:








English (US) ·