തൂവൽ തൂഫാൻ! ബാഡ്‌മിന്റൻ ലോക ചാംപ്യൻഷിപ്പിന് നാളെ ഡൽഹിയിൽ തുടക്കം

1 month ago 7

ആൽബിൻ രാജ്

ആൽബിൻ രാജ്

Published: August 16, 2026 12:48 PM IST Updated: August 16, 2026 06:55 PM IST

1 minute Read

ഡൽഹി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലെ കോർട്ടുകളിൽ അവസാനഘട്ട നവീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഡൽഹി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലെ കോർട്ടുകളിൽ അവസാനഘട്ട നവീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ന്യൂഡൽഹി ∙ പൊടിയല്ല, തൂവൽ പാറുന്ന ലോക പോരാട്ടത്തിന് ഡൽഹി കച്ചമുറുക്കിക്കഴിഞ്ഞു. 30-ാമത് ബാഡ്‌മിന്റൻ ലോക ചാംപ്യൻഷിപ്പിന് നാളെ തലസ്ഥാനത്ത് തിരിതെളിയും. ന്യൂഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്പിന് ശക്തമായ നിരയുമായാണ് ആതിഥേയരായ ഇന്ത്യയെത്തുന്നത്. 2009ൽ ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന ചാംപ്യൻഷിപ്പിന് ശേഷം ഇതാദ്യമായാണ് ലോക ബാഡ്‌മിന്റൻ മാമാങ്കത്തിന് ഇന്ത്യ വേദിയാകുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ മെഡൽ കൊയ്യാനെത്തുന്ന ഇന്ത്യൻ സ്ക്വാഡിൽ എം.ആർ.അർജുനും ട്രീസ ജോളിയുമാണ് മലയാളി സാന്നിധ്യം. സൂപ്പർ താരം പി.വി.സിന്ധുവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ചാംപ്യൻഷിപ്പിന് ഇറങ്ങുന്നത്.

ടീം: ലക്ഷ്യ സെൻ, ആയുഷ് ഷെട്ടി (പുരുഷ സിംഗിൾസ്), പി.വി.സിന്ധു, ഉന്നതി ഹൂഡ (വനിതാ സിംഗിൾസ്), സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി, ഹരിഹരൻ അംസകരുണൻ- എം.ആർ.അർജുൻ (പുരുഷ ഡബിൾസ്), ട്രീസ ജോളി- ഗായത്രി ഗോപിചന്ദ്, കവിപ്രിയ സെൽവം - സിമ്രാൻ സിംഗി (വനിതാ ഡബിൾസ്), ധ്രുവ് കപില - തനിഷ ക്രാസ്റ്റോ, രോഹൻ കപൂർ - രുത്വിക ഗദ്ദെ (മിക്സഡ് ഡബിൾസ്).

പ്രതീക്ഷയോടെ യുവനിര

ആയുഷ് ഷെട്ടി, ഉന്നതി ഹൂഡ, സിമ്രാൻ സിംഗി– കവിപ്രിയ സെൽവം എന്നിവർ ഈ ടൂർണമെന്റിലൂടെ ലോക ചാംപ്യൻഷിപ്പിൽ അരങ്ങേറും. ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ അരങ്ങേറ്റ ടൂർണമെന്റിൽതന്നെ മെഡൽ നേടിയത് രണ്ടേരണ്ടു ഇന്ത്യൻ താരങ്ങൾ മാത്രമാണ്; 2013ൽ പി.വി.സിന്ധുവും (വെങ്കലം) 2021ൽ ലക്ഷ്യ സെന്നും (വെങ്കലം). ഈ പട്ടികയിൽ ഇടംപിടിക്കാനുള്ള സുവർണാവസരമാണ് യുവതാരങ്ങൾക്ക് മുൻപിലുള്ളത്. 2023 ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ ആയുഷ് ഷെട്ടി, ഇത്തവണ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ്. ആദ്യ മത്സരത്തിൽ ഒന്നാം നമ്പർ താരവും നിലവിലെ ലോക ചാംപ്യനുമായ ഷി യുഖിയാണ് (ചൈന) ആയുഷിന്റെ എതിരാളി.

അയർലൻഡിന്റെ സോഫിയ നോബലാണ് പി.വി.സിന്ധുവിന്റെ ആദ്യ എതിരാളി. ലക്ഷ്യ സെൻ ആദ്യ മത്സരത്തിൽ ഓസ്ട്രിയയുടെ കോളിൻസ് വാലന്റൈൻ ഫിലിമണിനെയും ഉന്നതി ഹൂഡ മ്യാൻമറിന്റെ തെറ്റ് ഹതാർ തുസാറിനെയും നേരിടും. നാളെ ആരംഭിക്കുന്ന പ്രാഥമിക ഘട്ട മത്സരങ്ങൾക്ക് ശേഷം നോക്കൗട്ട് രീതിയിലാണ് ടൂർണമെന്റ് പുരോഗമിക്കുക. ഫൈനൽ 23ന്. മത്സരങ്ങൾ ബിഡബ്ല്യുഎഫ് യുട്യൂബ് ചാനലിൽ തത്സമയം കാണാം.

English Summary:

Badminton World Championships: India Gears Up for Global Showdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article