മഞ്ചേരി∙ ഡോണൾഡ് ട്രംപിന്റെ വ്യാപാരയുദ്ധം പോലെയായിരുന്നു തൃശൂർ മാജിക് എഫ്സിയുടെ പ്രകടനം. മധ്യവരയ്ക്കിപ്പുറമുള്ള മലപ്പുറം എഫ്സിയുടെ എല്ലാ ഇറക്കുമതി നീക്കങ്ങൾക്കും കൗണ്ടർ അറ്റാക്കുകളിലൂടെ വാരിക്കോരി പിഴത്തീരുവയിട്ടു. പക്ഷേ, ഡ്യൂട്ടി ഫ്രീ പോലെ കിട്ടിയ പെനൽറ്റിയിലൂടെ മലപ്പുറം കളി ജയിച്ചു.
71–ാം മിനിറ്റിൽ റോയ് കൃഷ്ണയെടുത്ത കോർണർ തൃശൂരിന്റെ ഹൃദയമാണ് തകർത്തത്. കോർണർ ഗോളാകാതിരിക്കാനുള്ള ബോക്സിനകത്തെ മസിലുപിടിത്തത്തിൽ തൃശൂർ താരം എസ്.സെന്തമിഴും മലപ്പുറം എഫ്സിയുടെ അബ്ദുൽ ഹക്കുവും കെട്ടിമറിഞ്ഞു വീഴുന്നു. റഫറി പെനൽറ്റി വിധിച്ചു. സെന്തമിഴിന് മഞ്ഞ കാർഡും.
പെനൽറ്റിയെടുത്ത മലപ്പുറം എഫ്സിയുടെ ഫിജിയൻ സൂപ്പർ സ്ട്രൈക്കർ റോയ് കൃഷ്ണയ്ക്കു പിഴച്ചില്ല. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ഗാലറി നിറച്ച ആയിരക്കണക്കിന് മലപ്പുറം എഫ്സിയുടെ ആരാധകർ ആർപ്പുവിളികൊണ്ട് ആകാശം നിറച്ചു. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ വിജയത്തോടെ മലപ്പുറം എഫ്സിക്കു വിജയാരംഭം. മലപ്പുറം–1, തൃശൂർ– 0.
5 മിഡ്ഫീൽഡർമാരുമായി മധ്യനിര അടക്കി ഭരിക്കാൻ തന്നെയായിരുന്നു മലപ്പുറം എഫ്സിയുടെ ഉദ്ദേശ്യം. എന്നാൽ ആദ്യപകുതിയിൽ 56% പന്തവകാശവുമായി മികച്ച പ്രകടനം കാഴ്ചവച്ചത് തൃശൂർ മാജിക് എഫ്സിയാണ്. പലസമയത്തും മുന്നേറ്റ നിരയിലെ കൂട്ടപ്പൊരിച്ചിലായി മലപ്പുറത്തിന്റെ കളി മാറിയപ്പോൾ കൗശലം നിറഞ്ഞ കൗണ്ടർ അറ്റാക്കുകളിലൂടെ തൃശൂർ കളം നിറഞ്ഞു.
ഗോൾ സാധ്യതയുള്ള അവസരം മലപ്പുറം എഫ്സിയുടെ സൂപ്പർ സ്ട്രൈക്കർ റോയ് കൃഷ്ണയ്ക്കു ലഭിക്കുന്നത് 42–ാം മിനിറ്റിൽ മാത്രമാണ്. പക്ഷേ ഷോട്ട് പുറത്തേക്കുപോയി. കളി തങ്ങളുടെ വശത്താക്കാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ആദ്യപകുതി സമനിലയിലാണ് കലാശിച്ചത്. രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമണ വേഗം മലപ്പുറത്തിനായിരുന്നു.
ബ്രസീലിയൻ സ്ട്രൈക്കർ ജോൺ കെന്നഡി പകരക്കാരനായി ഇറങ്ങിയതോടെ മലപ്പുറം എഫ്സിയുടെ ആക്രമണങ്ങൾക്ക് ലക്ഷ്യബോധം വന്നു. ജോൺ കെന്നഡിയിലൂടെ നേടിയെടുത്ത കോർണറിലാണ് മലപ്പുറത്തിനു പെനൽറ്റി ലഭിച്ചത്. ഗോൾ വീണശേഷം തിരിച്ചടിക്കാൻ തൃശൂർ ആവതു ശ്രമിച്ചെങ്കിലും ഫലം കാണും മുൻപേ മലപ്പുറത്തിന് ആശ്വാസഗീതം പോലെ ഫൈനൽ വിസിൽ മുഴങ്ങി. 12ന് കണ്ണൂർ വോറിയേഴ്സ് എഫ്സിക്കെതിരെയാണ് മലപ്പുറം എഫ്സിയുടെ അടുത്ത മത്സരം.
English Summary:








English (US) ·