തൃശൂർ ഇനി ‘ഒന്നാമൻ’; സൂപ്പർ ലീഗ് കേരളയിൽ മലപ്പുറത്തിന് ആദ്യ തോൽവി (2–1)

2 months ago 2

മനോരമ ലേഖകൻ

Published: November 14, 2025 10:28 PM IST

1 minute Read

  • തൃശൂർ മാജിക് എഫ്സി - 2

  • മലപ്പുറം എഫ്സി - 1

 SLK
സൂപ്പർ ലീഗ് കേരളയിൽ തൃശൂർ– മലപ്പുറം മത്സരത്തിൽനിന്ന്. ചിത്രം: SLK

തൃശൂർ∙  മലപ്പുറം എഫ്സിക്ക് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച തൃശൂർ മാജിക് എഫ്സി സൂപ്പർ ലീഗ് കേരളയുടെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ 2-1 നാണ് തൃശൂരിന്റെ വിജയം. ഇവാൻ മാർക്കോവിച്ച്, എസ്. കെ.ഫയാസ് എന്നിവർ തൃശൂരിനായും ജോൺ കെന്നഡി മലപ്പുറത്തിനായും സ്കോർ ചെയ്തു. മൂന്ന് ഗോളുകളും പിറന്നത് ഒന്നാം പകുതിയിൽ. ആറ് റൗണ്ട് മത്സരം പൂർത്തിയാവുമ്പോൾ 13 പോയന്റുമായി തൃശൂർ ഒന്നാം സ്ഥാനത്താണ്. ഒൻപത് പോയന്റുള്ള മലപ്പുറം മൂന്നാമത്. 

ആറ് മിനിറ്റിനിടെ അടിയും തിരിച്ചടിയും കണ്ടാണ് മത്സരത്തിന് ചൂടുപിടിച്ചത്. നാലാം മിനിറ്റിൽ തൃശൂർ ലീഡ് നേടി. ബിബിൻ അജയന്റെ പാസിൽ സ്കോർ ചെയ്തത് ഇവാൻ മാർക്കോവിച്ച് (1-0). ആറാം മിനിറ്റിൽ തന്നെ മലപ്പുറം തിരിച്ചടിച്ചു. റോയ് കൃഷ്ണയുടെ ഒത്താശയിൽ ജോൺ കെന്നഡിയുടെ ഗോൾ (1-1). ലീഗിൽ ബ്രസീലുകാരന്റെ അഞ്ചാം ഗോളാണിത്.  ഇരുപത്തിയേഴാം മിനിറ്റിൽ വീണ്ടും തൃശൂരിന്റെ ഗോൾ. ബിബിൻ അജയന്റെ വലതു വിങിൽ നിന്നുള്ള ക്രോസ് ഹെഡ്ഡ് ചെയ്ത് മലപ്പുറത്തിന്റെ വലകുലുക്കിയത് എസ്. കെ. ഫയാസ് (2-1). ആദ്യപകുതി അവസാനിക്കാനിരിക്കെ തൃശൂർ നായകൻ ലെനി റോഡ്രിഗസിനെ ഫൗൾ ചെയ്ത മലപ്പുറത്തിന്റെ ഇർഷാദിന് മഞ്ഞക്കാർഡ് ലഭിച്ചു. തൊട്ടുപിന്നാലെ തൃശൂരിന് ലഭിച്ച ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി.

മൂന്ന് മാറ്റങ്ങളുമായാണ് മലപ്പുറം രണ്ടാം പകുതി തുടങ്ങിയത്. അഖിൽ പ്രവീൺ, ഇഷാൻ പണ്ഡിത, അബ്ദുൽ ഹക്കു എന്നിവർ കളത്തിലിറങ്ങി. അറുപതാം മിനിറ്റിൽ മലപ്പുറം ക്യാപ്റ്റൻ എയ്റ്റർ ആൽഡലിർ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് സ്പാനിഷ് താരം ഫക്കുണ്ടോ ബല്ലാർഡോ. കോർണർ ബോളിൽ ഹക്കുവിന്റെ ഹെഡ്ഡർ തൃശൂർ ഗോൾകീപ്പർ കട്ടിമണി തടുത്തിട്ടതിന് പിന്നാലെ  ആതിഥേയർക്കായി ഫ്രാൻസിസ് അഡോ പകരക്കാരനായി വന്നു. രണ്ടാം പകുതിയിൽ ആധിപത്യം നേടാൻ മലപ്പുറത്തിന് കഴിഞ്ഞെങ്കിലും സമനില ഗോൾ നേടാൻ കഴിഞ്ഞില്ല. 

English Summary:

Thrissur Magic FC triumphs implicit Malappuram FC successful a thrilling match, securing the apical spot successful the Sports.com Super League Kerala. The victory, witnessed by a ample crowd, showcased Thrissur's dominance and marked Malappuram's archetypal decision of the season.

Read Entire Article