Published: December 03, 2025 04:12 AM IST
1 minute Read
-
ജയത്തോടെ കണ്ണൂർ മൂന്നാമത്; സെമി പ്രതീക്ഷ സജീവം
തൃശൂർ∙ തോറ്റാലും ‘നഷ്ടമൊന്നുമില്ലാത്ത’ തൃശൂർ മാജിക് എഫ്‌സിയെ തോൽപിച്ച് കണ്ണൂർ വാരിയേഴ്‌സ് സെമി പ്രതീക്ഷ നഷ്‌ടപ്പെടാതെ കാത്തു (2–0). തോറ്റാൽ സെമി സാധ്യത അവസാനിക്കുമായിരുന്ന മത്സരത്തിൽ, 42-ാം മിനിറ്റിൽ അസിയർ ഗോമസും 98-ാം മിനിറ്റിൽ വൈ.എബിൻദാസും നേടിയ ഗോളുകളിലാണു കണ്ണൂരിന്റെ വിജയം.
നേരത്തേ തന്നെ സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ സെമിഫൈനൽ ബർത്ത് നേടിയ തൃശൂർ, തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ രണ്ടാംസ്‌ഥാനത്തു തുടരുന്നു. 13 പോയിന്റോടെ മൂന്നാം സ്ഥാനം പിടിച്ചെങ്കിലും അടുത്ത മത്സരങ്ങളിലെ ഫലവും ഗോൾ ശരാശരിയും അടിസ്ഥാനമാക്കി മാത്രമാകും കണ്ണൂരിന്റെ സെമി പ്രതീക്ഷ.
സെമിയിൽ ഇടംപിടിച്ചതിന്റെ ആത്മവിശ്വാസത്തിൽ ക്യാപ്റ്റൻ മെയിൽസൺ ആൽവസും ഇവാൻ മാർക്കോവിച്ചും ഉൾപ്പെടെ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം കൊടുത്ത് 8 മാറ്റങ്ങളുമായിറങ്ങിയ തൃശൂരിനെ തുടക്കം മുതൽ കണ്ണൂർ വരിഞ്ഞുകെട്ടി. മുഹമ്മദ് സിനാൻ- അസിയർ ഗോമസ് സഖ്യം തുടർച്ചയായി തൃശൂർ ബോക്സിലേക്കു പന്തുമായി ഇടിച്ചുകയറി.
പകരക്കാരനായെത്തി 23-ാം മിനിറ്റിൽ ടി.ഷിജിൻ 2 പ്രതിരോധ താരങ്ങളെ മറികടന്നു പോസ്‌റ്റിലേക്കു തൊടുത്ത ഷോട്ട് ഗോളെന്നുറച്ചിരിക്കെ തൃശൂർ ഗോൾകീപ്പർ ലക്ഷ്മീകാന്ത് കട്ടിമണി രക്ഷപ്പെടുത്തി. പന്തവകാശത്തിലും ഒത്തിണക്കത്തിലും മുന്നിട്ടു നിന്ന കണ്ണൂരിന് ആഗ്രഹിച്ച ലീഡ് ലഭിച്ചത് 42-ാം മിനിറ്റിൽ.
വലതു വിങ്ങിൽ നിന്നു ഗോൾപോസ്‌റ്റിനരികിലേക്കു ഷിജിൻ നൽകിയ പാസ് അര നിമിഷം കാക്കാതെ സിനാൻ വെട്ടിത്തിരിഞ്ഞു ഗോമസിനെ ലക്ഷ്യമാക്കി തൊടുത്തു. വലയ്ക്കു തൊട്ടുമുന്നിൽ ഗോമസിന്റെ വൺടച്ച് ഷോട്ട് വലയിൽ കയറി. 1-0 നു കളി അവസാനിക്കുമെന്നുറച്ചു നിൽക്കെ പകരക്കാരനായെത്തിയ എബിൻദാസ് 98-ാം മിനിറ്റിൽ കണ്ണൂരിന്റെ ലീഡ് വർധിപ്പിച്ചു.
English Summary:









English (US) ·