തൃശൂർ മാജിക് എഫ്‌സിയെ വീഴ്‌ത്തി കാലിക്കറ്റ് എഫ്സി; വിജയഗോ‍ൾ നേടിയത് ഫെഡറിക്കോ ബൊവാസോ

2 months ago 2

എസ്.പി. ശരത്

എസ്.പി. ശരത്

Published: November 19, 2025 01:10 AM IST

1 minute Read

  • കാലിക്കറ്റ് എഫ്സി –1, തൃശൂർ മാജിക് –0

 മനോരമ
തൃശൂർ മാജിക് എഫ്സിയുടെ കൊളംബിയൻ താരം കെവിൻ ജാവിയർ മത്സരത്തിനിടെ. ചിത്രം: മനോരമ

തൃശൂർ  ∙ വടിവെട്ടി അടിക്കാൻ കാലിക്കറ്റ് എഫ്‌സി തിരക്കു കൂട്ടിയില്ല. കറങ്ങിത്തിരിഞ്ഞു വടി കയ്യിലെത്തുംവരെ ക്ഷമയോടെ കാത്തു. അതിനു ഫലമുണ്ടായി; 86–ാം മിനിറ്റിലെ ഒറ്റ ഗോളിനു കാലിക്കറ്റ് എഫ്സി തൃശൂർ മാജിക് എഫ്‌സിയെ അടിച്ചിട്ടു (1–0). രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ ഷബാസ് അഹമ്മദ് വലതു വിങ്ങിൽനിന്നു  ബോക്സിലേക്കു നീട്ടിനൽകിയ ക്രോസ് ആരും കാണാത്തിടത്തു നിന്ന് ഓടിയെത്തി വലയിലേക്കു ഹെഡ് ചെയ്ത അർജന്റീനക്കാരൻ സ്ട്രൈക്കർ ഫെഡറിക്കോ ബൊവാസോയാണു ഗോൾ സ്‌കോറർ. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ 1–0ന് തൃശൂരിനോടു തോറ്റ കാലിക്കറ്റിന്റെ മധുരപ്രതികാരം. ജയത്തോടെ കാലിക്കറ്റ് തൃശൂരിനെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാമതമെത്തി.   

ആറു കളികളിൽ 13 ഗോളടിച്ചിട്ടും തങ്ങൾ രണ്ടാം സ്‌ഥാനത്തും 6 ഗോൾ മാത്രമടിച്ച തൃശൂർ മാജിക് എഫ്സി ഒന്നാം സ്‌ഥാനത്തും നിൽക്കുന്നതിലെ ഗുട്ടൻസ് അറിയാനുറച്ചായിരുന്നു കാലിക്കറ്റിന്റെ വരവ്. അടിച്ച ഗോളുകളുടെ എണ്ണമല്ല, ജയിക്കുമ്പോൾ നേടുന്ന പോയിന്റിലാണു കാര്യമെന്നു ബോധ്യപ്പെടുത്തി തൃശൂർ പ്രതിരോധക്കോട്ട കെട്ടിയതോടെ ഗോൾ അകന്നു നിന്നു.  

രണ്ടാം പകുതിയുടെ തുടക്കത്തിലെ പ്രസിങ്ങിനു ശേഷം ഇരു ടീമുകളും സമനില ലക്ഷ്യം വച്ചു കരുതലോടെ കളിക്കുന്നതിനിടയിലാണു ഷബാസിന്റെ ക്രോസ്. പന്ത് ഉയർന്നു പൊങ്ങുമ്പോൾ ബോക്‌സിനു പുറത്തായിരുന്ന ബൊവാസോ അതിവേഗം ഓടിക്കയറി ഡിഫൻഡർമാർക്കിടയിലെ വിടവിൽനിന്നു കൃത്യമായി പന്തു കണക്ടു ചെയ്തു. ഗോൾകീപ്പർ ലക്ഷ്മീകാന്ത് കട്ടിമണിയെ നിഷ്പ്രഭനാക്കി പിഴവു കൂടാതെ ഹെഡർ വലയിലേക്ക്. 

English Summary:

Thrissur: Magician Bovaso Seals Late Win for Calicut FC Over Thrissur Magic FC

Read Entire Article