
ടിന്നു ആനന്ദ് | ഫോട്ടോ: അറേഞ്ച്ഡ്
മുംബൈ: തെരുവുനായ്ക്കളെ കായികമായി നേരിടണമെന്ന് വാട്ട്സാപ്പ് സന്ദേശമയച്ച നടനും സംവിധായകനുമായ ടിന്നു ആനന്ദ് വിവാദത്തിൽ. ടിന്നു ആനന്ദ് താമസിക്കുന്ന മുംബൈയിലെ റെസിഡൻഷ്യൽ ഏരിയയിലെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് അദ്ദേഹം സന്ദേശമയച്ചത്. ഇതേ ഗ്രൂപ്പിലെ ഒരംഗം ടിന്നുവിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തന്റെ താമസസ്ഥലത്തെ തെരുവുനായ ശല്യത്തെക്കുറിച്ചാണ് ടിന്നു ആനന്ദ് വാട്ട്സാപ്പ് സന്ദേശമയച്ചത്. നായ്ക്കളെ ഒന്നുകിൽ മൃഗസ്നേഹികൾ വീട്ടിലേക്ക് കൊണ്ടുപോവുക. അല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാവുക എന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്. മൃഗസ്നേഹികൾ, നാട്ടുകാർ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ എന്നിവരിൽ നിന്ന് ശക്തമായ വിമർശനമാണ് ടിന്നുവിന് നേരെ ഉയർന്നത്. തുടർന്ന് ഇതേ സൊസൈറ്റിയിലെ താമസക്കാരിയായ അഞ്ചൽ ഛദ്ദ ടിന്നുവിനെതിരെ വെർസോവ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
"കഠിനമായ ഒരു ഷൂട്ടിന് ശേഷം തിരിച്ചെത്തിയപ്പോൾ എന്നെ സ്വീകരിച്ചത് നായ്ക്കളുടെ പേടിപ്പിക്കുന്ന കുരയാണ്. അടുത്തതായി ആരെയാണ് കടിക്കേണ്ടതെന്ന് അറിയാതെ അവ നിൽക്കുന്നതും കണ്ടു. അവരെ നേരിടാൻ എന്റെ കയ്യിൽ ഹോക്കി സ്റ്റിക്കുണ്ട്. ഇവിടെയുള്ള എല്ലാ നായ സ്നേഹികൾക്കും ഞാൻ മുന്നറിയിപ്പ് നൽകുന്നു, അവയെ വീട്ടിലേക്ക് കൊണ്ടുപോകുക, അല്ലെങ്കിൽ എന്റെ ശക്തമായ കോപത്തിനിരയാവുക. എന്റെ സൊസൈറ്റിക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടുണ്ട്." ടിന്നു അയച്ച സന്ദേശം ഇങ്ങനെയായിരുന്നു.

സംഭവത്തിൽ ടിന്നു ആനന്ദ് വിശദീകരണം നൽകിയിട്ടുണ്ട്. തങ്ങളുടെ വളർത്തുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ തന്റെ മകൾക്ക് കൈത്തണ്ടയ്ക്ക് ഒടിവ് സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.
"നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അവൾ വീഴുകയും കൈത്തണ്ട ഒടിയുകയുമായിരുന്നു. കഴിഞ്ഞ ഒരു മാസമായി അവൾ ചികിത്സയിലാണ്, രണ്ട് തവണ ശസ്ത്രക്രിയ ചെയ്തതിന് എനിക്ക് 90,000 രൂപ ചെലവായി. ഈ നായ സ്നേഹികളോട് എനിക്ക് സംസാരിക്കണം. അവർ ഈ നായകളെ ഇത്രയധികം സ്നേഹിക്കുന്നുണ്ടെങ്കിൽ, അവരെ ഭക്ഷണം നൽകി പരിപാലിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് അവർക്ക് ഒരു ലീഷ് (കയർ) ഇടുന്നില്ല? സൊസൈറ്റിക്ക് അടുത്തുള്ള കടയിൽ ചോദിക്കൂ. അവരുടെ ഡെലിവറി ജീവനക്കാരനെ രണ്ടുതവണ ആക്രമിച്ചു, ഇപ്പോൾ നായകൾ ആക്രമിക്കുമെന്ന് പേടിച്ച് അവർ ഡെലിവറി നിർത്തിയിരിക്കുകയാണ്." ടിന്നു ആനന്ദ് വിശദീകരിച്ചു.
"എനിക്ക് 80 വയസ്സുണ്ട്. ഏതെങ്കിലും നായ എന്നെ ആക്രമിച്ചാൽ, എന്നെത്തന്നെ പ്രതിരോധിക്കാൻ എനിക്ക് പൂർണ്ണ അവകാശമുണ്ട്. അതാണ് ഞാൻ ഉദ്ദേശിച്ചത്. അതാണ് ഈ ആളുകൾ മനസ്സിലാക്കേണ്ടിയിരുന്നത്. നായകൾ ആക്രമിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഇത്തരം സംഭവങ്ങൾ നടന്ന നിരവധി കേസുകളുണ്ട്. നായകളെ ആക്രമിക്കുക എന്നതല്ല, എന്നെത്തന്നെ പ്രതിരോധിക്കുക എന്നതാണ്. അതിന് എനിക്ക് പൂർണ്ണ അവകാശമുണ്ട്." അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Tinnu Anand's Threat to Stray Dogs: Actor Faces Backlash and Police Complaint
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·