തെറ്റുകള്‍ ചെയ്യണം, അതില്‍നിന്ന് പഠിക്കണം എന്നാണ് ഞാൻ മോളോടും പറഞ്ഞിട്ടുള്ളത്-ശ്വേത മേനോൻ

6 months ago 6

'എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി ഒറ്റക്കെടുത്ത തീരുമാനം മമ്മൂക്കയോട് യെസ് പറഞ്ഞതാണ്. ഞാന്‍ എടുത്ത ആ തീരുമാനം പിന്നീട് എന്റെ കരിയര്‍ ആകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല...'
പറയുന്നത് നടി ശ്വേത മേനോന്‍. അഭിനയജീവിതത്തില്‍ മൂന്ന് ദശാബ്ദങ്ങള്‍ പിന്നിടുമ്പോള്‍ ചെയ്ത സിനിമകളിലോ ജീവിതത്തിലോ ഒന്നിലും താന്‍ ഖേദിക്കുന്നില്ലെന്ന് പറയുന്നു ശ്വേത. തെറ്റുകള്‍ ചെയ്യണമെന്നും അതില്‍നിന്ന് പഠിക്കുകയാണ് വേണ്ടതെന്നുമാണ് തന്റെ മകളെ പഠിപ്പിച്ചിരിക്കുന്നതെന്നും ശ്വേത പറയുന്നു. സിനിമാ വിശേഷങ്ങളുമായി ശ്വേത മാതൃഭൂമി ഡോട് കോമിനൊപ്പം.

എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകള്‍ സിനിമയിലേക്ക്. വീട്ടുകാര്‍ എതിര്‍ത്തിരുന്നോ.

അനശ്വരത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് അന്വേഷിച്ചാണ് മമ്മൂക്ക വിളിക്കുന്നത്. അന്ന് ഞാന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. പക്ഷേ, എന്റെ അച്ഛന്‍ എനിക്ക് തന്നിരുന്ന സ്വാതന്ത്രൃം ഞാനന്നാണ് തിരിച്ചറിയുന്നത്. അതുവരെ എന്റെ എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നത് അച്ഛനും അമ്മയുമാണ്. അന്ന് മമ്മൂക്കയുടെ കോളിന് യെസ് പറയുമ്പോള്‍ അച്ഛനും അമ്മയ്ക്കും ദേഷ്യമാകുമോ സമ്മതിക്കുമോ എന്ന് പേടിയുണ്ടായിരുന്നു. നാളെ തനിക്ക് വരാന്‍ പറ്റുമോ, ഒരു സ്‌ക്രീന്‍ ടെസ്റ്റ് എടുത്ത്, എന്റെ നായിക ആകാന്‍ പറ്റുമോ എന്ന് മമ്മൂക്ക ചോദിച്ചപ്പോള്‍ ഞാനാദ്യം നോക്കിയത് അച്ഛനെയാണ്. നല്ല അടികിട്ടുമെന്ന് തന്നെയാണ് കരുതിയത്. പക്ഷേ, ഞാന്‍ യെസ് പറഞ്ഞു. ഞാനാദ്യമായി ഒറ്റയ്‌ക്കെടുത്ത ആ തീരുമാനം എന്റെ കരിയറായി മാറുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല.

മോഡലിങ്ങില്‍നിന്ന് സിനിമയിലേക്ക് ആകര്‍ഷിച്ച ഘടകം എന്തായിരുന്നു

50,000 രൂപയാണ് ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം. 1991-ലായിരുന്നു അത്. ഞാന്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. സ്‌കൂള്‍ വെക്കേഷന്‍ സമയം കസിന്‍സ് വരും, ഈ പൈസ വച്ച് അടിച്ചു പൊളിക്കാം എന്നെല്ലാമായിരുന്നു മനസില്‍. സിനിമ എന്നതല്ല, പൈസ കിട്ടുമല്ലോ എന്നതാണ് എന്നെ ആദ്യം ആകര്‍ഷിച്ച കാര്യം. അല്ലാതെ സിനിമയാണ് എന്റെ മുന്നോട്ടുള്ള കരിയര്‍ എന്ന് ഞാന്‍ ചിന്തിച്ചിട്ട് പോലുമില്ല. 14,15 വയസില്‍ സിനിമയിലെത്തിയ കുട്ടികള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. അവരൊക്കെ ഭയങ്കര പക്വതയുള്ളവരാണ്. ഞാന്‍ പക്ഷേ എന്റെ ആ സ്‌കൂള്‍ പ്രായത്തില്‍ ഒരു പക്വതയുമില്ലാത്ത പെണ്‍കുട്ടിയായിരുന്നു. ഒരു മൂന്നുനാല് സിനിമകള്‍ ചെയ്ത്, മിസ് ഇന്ത്യ ഒക്കെ ആയിക്കഴിഞ്ഞ ശേഷമാണ് സിനിമയെ ഞാന്‍ ഗൗരവമായി കണ്ട് തുടങ്ങിയത്.

ഒരു സൈനിക കുടുംബത്തില്‍ വളര്‍ന്നത് സിനിമയില്‍ ശ്വേതയെ സഹായിച്ചിട്ടുണ്ടോ.

തീര്‍ച്ചയായും. സിനിമയിലെത്തിയ ആദ്യദിനം തൊട്ടേ എനിക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാനെന്നും പറയും ഈ സിനിമാ മേഖല എന്നോട് ഒരുപാട് സ്‌നേഹം കാണിച്ചു. അന്നും ഇന്നും എന്റെ അഭിപ്രായങ്ങളും നിലപാടുകളും താത്പര്യമില്ലായ്മയും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇനിയും അതങ്ങനെ തന്നെയായിരിക്കും. പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടായാലും പറയും. അതിനൊരു മടിയും ഇല്ല.

ഞാനെന്റെ മോളേ ആദ്യം പഠിപ്പിച്ചത് നോ പറയാന്‍ ആണ്. നോ പറഞ്ഞാല്‍ മാത്രമേ യെസിന്റെ വില അറിയൂ. അല്ലാതെ എല്ലാത്തിനോടും യെസ് പറഞ്ഞാല്‍ പിന്നെ നോ പറയാനേ പറ്റാത്ത സാഹചര്യമാവും. വേണ്ട സമയത്ത് വേണ്ട പോലെ നോ പറയും എന്നുള്ളത് ഞാന്‍ അത്രയധികം സന്തോഷത്തോടെ തന്നെ പറയുന്ന കാര്യമാണ്.

ഹിറ്റുകള്‍ മാത്രമല്ല, പരാജയങ്ങളും സംഭവിച്ചിട്ടുണ്ട്. ചെയ്ത കഥാപാത്രങ്ങളില്‍ ഏതെങ്കിലും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ.

എന്റെ ജീവിതത്തില്‍ ഒന്നിലും ഞാന്‍ റിഗ്രറ്റ് ചെയ്യുന്നില്ല. ആ വാക്കില്‍ വിശ്വസിക്കാത്ത ആളാണ് ഞാന്‍. നമ്മള്‍ തെറ്റുകള്‍ ചെയ്യണം. അതില്‍നിന്ന് പഠിക്കണം എന്നേ ഞാന്‍ പറയൂ. ഞാനെന്റെ മോളോടും അത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഒന്നിലും ഖേദിക്കരുത്. തെറ്റ് ചെയ്താല്‍ സോറി പറയാന്‍ അറിയണം. സിനിമകള്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും ആസ്വദിച്ച് ചെയ്തവയാണ്. അയ്യോ ഞാനത് എന്തിനാ ചെയ്‌തേ എന്ന് ചിന്തിച്ച് പോയ ഒരു സിനിമയും ഇല്ല. ഞാനത് ചെയ്‌തെല്ലോ, ഇനിയിപ്പോ ഖേദിച്ചിട്ട് എന്ത് കിട്ടാനാണ്. ഒരു സിനിമ ചെയ്യാന്‍ തുടങ്ങി കുഴപ്പമാണ് എന്ന് തോന്നിയാല്‍ മാറിപ്പോരാമല്ലോ. ഒരു ദിവസം ബുദ്ധിയുണ്ടായില്ല, ശരി. പക്ഷേ ബാക്കി ദിവസങ്ങളിലോ?. വേണ്ടെങ്കില്‍ അന്നേ പോരാമായിരുന്നില്ലേ. ഞാനും മണ്ടത്തരങ്ങള്‍ ചെയ്തിട്ടുണ്ട്, തെറ്റായ സിനിമകളുടെ ഭാഗമായിട്ടുണ്ട്. സെറ്റിലെത്തിക്കഴിയുമ്പോഴാകും നമ്മളോട് പറഞ്ഞിട്ടുള്ള കഥാപാത്രം അല്ലെന്ന് അറിയുക, അങ്ങനെയൊക്കെ എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ എന്തു ചെയ്യാനാണ് ഞാനതിന്റെ ഭാഗമായി, ഇനി ആസ്വദിക്കുക. ഓരോ നിമിഷവും ആസ്വദിക്കുക അത്രയേ ഉള്ളൂ.

അന്നും ഇന്നും സിനിമയില്‍ ശ്വേത പാലിക്കുന്ന മര്യാദ എന്താണ്

ടെക്‌നീഷ്യന്മാരെ വിശ്വസിക്കുക. ലൈറ്റ് ബോയ് മുതലിങ്ങോട്ടുള്ളവരോട് ഒരേ ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. നാളെ ആ ലൈറ്റ് ബോയ് ഒരു സംവിധായകനായേക്കാം. അയാളുടെ ഒരു ദിവസം നമ്മള്‍ ആര്‍ടിസ്റ്റിനെ ബന്ധപ്പെട്ടായിരിക്കും. ഇറങ്ങിപ്പോരാന്‍ എളുപ്പമാണ്, കയറി വരാനാണ് പാട്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. ഹിറ്റ് സിനിമകളും സംഭവിച്ചിട്ടുണ്ട്. എന്നിട്ടും മലയാളത്തില്‍തന്നെ തുടരാന്‍ തീരുമാനിച്ചതിന് പിന്നില്‍

ഞാന്‍ ഒറ്റ കുട്ടിയാണ്. മോഡലിങ്ങില്‍ സജീവമായ സമയത്ത് അച്ഛനും അമ്മയും നാട്ടിലായിരുന്നു. എന്റെ ജോലിയും കുടുംബവും ഒന്നിച്ചു കൊണ്ടുപോകാന്‍ പറ്റുന്ന പോലെ വേണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. മോഡലിങ് ചെയ്യാന്‍ പാരിസില്‍നിന്ന് വരെ എനിക്ക് ഓഫര്‍ വന്നിരുന്നു. ഞാന്‍ അതെല്ലാം ഉപേക്ഷിച്ചു മലയാളത്തില്‍ തന്നെ നിന്നത് എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം നില്‍ക്കാന്‍ വേണ്ടിയാണ്. പൈസ അല്ല, അച്ഛനും അമ്മയും തന്നെയാണ് വലുത്. അച്ഛന്‍ പോയ ശേഷം ഞാന്‍ എടുത്ത ഈ തീരുമാനത്തില്‍ അത്രയേറെ ഞാന്‍ സമാധാനിച്ചിട്ടുണ്ട്. പണം വരും പോകും പക്ഷേ കുടുംബം തന്നെയാണ് വലുത്.

Content Highlights: Shweta Menon Interview

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article