Published: January 07, 2026 04:55 PM IST Updated: January 07, 2026 05:01 PM IST
1 minute Read
മുംബൈ∙ തെൻഡുൽക്കർ കുടുംബത്തിൽ ഇനി വിവാഹാഘോഷങ്ങളുടെ ദിനങ്ങൾ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കറുടെ വിവാഹത്തീയതി നിശ്ചയിച്ചതായി കുടുബം അറിയിച്ചു. അർജുനും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹം മാർച്ചിൽ നടത്തുമെന്ന് ഇരുവരുടെയും കുടുംബങ്ങൾ അറിയിച്ചു.
മാർച്ചിന് 5നാണ് പ്രധാനച്ചടങ്ങെങ്കിലും മൂന്നാം തീയതി മുതൽ ആഘോഷങ്ങൾ ആരംഭിക്കും. മുംബൈയിൽ വളരെ സ്വകാര്യമായിട്ടായിരിക്കും ചടങ്ങുകൾ. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാകും പ്രവേശനം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിൽനിന്ന് ലക്നൗ സൂപ്പർ ജയന്റ്സിലേക്ക് മാറിയ, അർജുൻ വ്യക്തി ജീവിതത്തിനൊപ്പം ക്രിക്കറ്റ് കരിയറിലും പുതിയ ചുവടുവയ്പ്പുകൾക്ക് ഒരുങ്ങുകയാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കു വേണ്ടിയാണ് അർജുൻ കളിക്കുന്നത്. മുംബൈയിലെ അറിയപ്പെടുന്ന വ്യവസായി രവി ഘായിയുടെ ചെറുമകളാണ് അർജുന്റെ പ്രതിശ്രുത വധുവായ സാനിയ ചന്ദോക്ക്.
ആരാണ് അർജുൻ തെൻഡുൽക്കറിന്റെ ഭാവി വധു സാനിയ ചന്ദോക്ക്?
മുംബൈ ആസ്ഥാനമായി മൃഗപരിപാലന രംഗത്ത് പ്രവർത്തിക്കുന്ന മിസ്റ്റർ പോസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ ലിമിറ്റഡ് ലയബിലിറ്റി പാർട്നർഷിപ്പിന്റെ സ്ഥാപക ഡയറക്ടറാണ് സാനിയ. പ്രശസ്ത ബിസിനസ് കുടുംബത്തിലെ അംഗവും ബിസിനസ് രംഗത്ത് സജീവവുമാണെങ്കിലും, സാനിയ പൊതുവേദികളിൽ അത്ര സുപരിചിതയല്ല.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ മുംബൈയിൽ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അർജുനും സാനിയയും തമ്മിലുള്ള വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. വിവാഹനിശ്ചയം നടക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല. ചടങ്ങ് പൂർത്തിയായതിനു ശേഷമാണ് ദേശീയ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച വാർത്തകൾ പ്രത്യക്ഷപ്പെട്ടത്.
English Summary:








English (US) ·