തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ചിത്രം; 'മിറൈ' ടീസർ പുറത്ത്, സെപ്റ്റംബർ 5-ന് റിലീസ്

7 months ago 8

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനംചെയ്ത 'മിറൈ' ടീസര്‍ പുറത്ത്. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളില്‍ എത്തും. ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടുമൊരു പാന്‍-ഇന്ത്യന്‍ ആക്ഷന്‍-സാഹസിക സിനിമയില്‍ നായകനായി തേജ സജ്ജ എത്തുകയാണ്. ഒരു സൂപ്പര്‍ യോദ്ധാവ് ആയാണ് അദ്ദേഹം ചിത്രത്തില്‍ വേഷമിടുന്നത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദും കൃതിപ്രസാദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സെപ്റ്റംബര്‍ അഞ്ചിന് എട്ടുവ്യത്യസ്ത ഭാഷകളില്‍ 2D, 3D ഫോര്‍മാറ്റുകളില്‍ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ആക്ഷന്‍, ഫാന്റസി, മിത്ത് എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറില്‍നിന്ന് വ്യക്തമാവുന്നു. ഗംഭീര ആക്ഷന്‍ രംഗങ്ങളും വിഎഫ്എക്‌സ് രംഗങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ടീസര്‍ സൂചിപ്പിക്കുന്നുണ്ട്. 'ഒന്‍പത് പുസ്തകങ്ങള്‍, നൂറു ചോദ്യങ്ങള്‍, ഒരു ദണ്ഡ്' എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. വമ്പന്‍ ശാരീരിക പരിവര്‍ത്തനമാണ് ചിത്രത്തിലെ നായക വേഷം ചെയ്യാനായി തേജ സജ്ജ നടത്തിയിരിക്കുന്നത്.

റോക്കിംഗ് സ്റ്റാര്‍ മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. തേജ സജ്ജയുടെ നായികയായി റിതിക നായക് അഭിനയിക്കുന്നു. കാര്‍ത്തിക് ഘട്ടമനേനിയുടെ സംവിധാനത്തില്‍ ഒരു വമ്പന്‍ സിനിമാനുഭവമായാണ് 'മിറൈ' ഒരുങ്ങുന്നത്. സ്‌ക്രീനില്‍ തികച്ചും പുതിയൊരു ലോകം സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മമായ സമീപനം ചിത്രത്തിന്റെ ടീസറില്‍ പ്രകടമായി കാണാന്‍ സാധിക്കും. ശ്രിയ ശരണ്‍, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവന്‍ ചോപ്ര, തന്‍ജ കെല്ലര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

തിരക്കഥ, സംവിധാനം: കാര്‍ത്തിക് ഘട്ടമനേനി, നിര്‍മാതാക്കള്‍: ടിജി വിശ്വപ്രസാദ്, കൃതി പ്രസാദ്, ബാനര്‍: പീപ്പിള്‍ മീഡിയ ഫാക്ടറി, സഹനിര്‍മാതാവ്: വിവേക് കുച്ചിഭോട്‌ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത്ത് കുമാര്‍ കൊല്ലി, ചീഫ് കോ-ഓര്‍ഡിനേറ്റര്‍: മേഘശ്യാം, ഛായാഗ്രഹണം: കാര്‍ത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, പിആര്‍ഒ: ശബരി.

Content Highlights: Mirai Teaser Unveiled: Teja Sajja and Manchu Manoj Set for Pan-India Impact

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article