'തേരേ നാമി'ലെ ലുക്കിന് പ്രചോദനമായത് ആ മഹാമനുഷ്യന്‍; വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍

7 months ago 6

salman-khan-tere-naam-apj

സൽമാൻ ഖാൻ, 'തേരേ നാം' എന്ന ചിത്രത്തിൽ സൽമാൻ ഖാൻ | Photos: PTI, X

ബോളിവുഡിന്റെ നെടുംതൂണായ ഖാന്‍-ത്രയങ്ങളിലൊരാളാണ് സല്‍മാന്‍ ഖാന്‍. നടന്‍ സലിം ഖാന്റെ മകനായ സല്‍മാന്‍ 1989-ല്‍ മേനേ പ്യാര്‍ കിയാ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ദബാങ്, ഏക് ഥാ ടൈഗര്‍, ബജ്‌രംഗി ഭായ്ജാന്‍, ബോഡിഗാര്‍ഡ് തുടങ്ങി ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ സല്‍മാന്‍ ഖാന്‍ നായകവേഷത്തിലെത്തി. അക്കൂട്ടത്തില്‍ വലിയ വിജയമായൊരു ചിത്രമാണ് 2003-ല്‍ ഇറങ്ങിയ റൊമാന്റിക് ആക്ഷന്‍ ചിത്രം 'തേരേ നാം'. ചിത്രത്തിലെ സല്‍മാന്‍ ഖാന്റെ വ്യത്യസ്തമായ ലുക്ക്, പ്രത്യേകിച്ച് ഹെയര്‍ സ്റ്റൈല്‍, ആരാധകരെ ഏറെ ആകര്‍ഷിച്ചിരുന്നു. ആ ഹെയര്‍ സ്‌റ്റൈലിനെ കുറിച്ചൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം.

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി, മിസൈല്‍ മനുഷ്യന്‍ എന്നറിയപ്പെടുന്ന എ.പി.ജെ. അബ്ദുള്‍ കലാമില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ ആ ഹെയര്‍ സ്‌റ്റൈല്‍ സ്വീകരിച്ചതെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. കപില്‍ ശര്‍മ്മയുടെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യിലാണ് സല്‍മാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. ചെറുപട്ടണങ്ങളില്‍ നിന്നുള്ള ഇത്തരം 'ഹീറോ'കള്‍ക്ക് എല്ലായ്‌പ്പോഴും നീളമുള്ള മുടിയാണ് ഉണ്ടാകുക. അതിന് മുമ്പുള്ള താരങ്ങളും ഇക്കാര്യം ചെയ്തിട്ടുണ്ടെന്നും സല്‍മാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

എ.പി.ജെ. അബ്ദുൾ കലാം, 'തേരേ നാം' എന്ന സിനിമയുടെ പോസ്റ്റർ | Photos: Mathrubhumi, x.com/shiv_shetty1

'എന്റെ 'തേരേ നാം' എന്ന സിനിമയിലെ ലുക്ക് യഥാര്‍ഥത്തില്‍ അബ്ദുള്‍ കലാം സാറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ്. ചെറുപട്ടണങ്ങളില്‍ നിന്നുള്ള ഇതുപോലുള്ള ഹീറോകള്‍ക്ക് എല്ലായ്‌പ്പോഴും നീണ്ട മുടിയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പഴയകാല ഹീറോകളും അങ്ങനെയായിരുന്നു. അവിടെനിന്നാണ് ഈ പ്രചോദനം വരുന്നത്.' -സല്‍മാന്‍ ഖാന്‍ പറഞ്ഞു.

വിക്രം അഭിനയിച്ച് ബാല രചനയും സംവിധാനവും നിര്‍വഹിച്ച് 1999-ല്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം സേതുവിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് തേരേ നാം. രാധേ മോഹന്‍ എന്നാണ് തേരേ നാമില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. നിര്‍ജല ഭരദ്വാജ് എന്ന നായികയായി ഭൂമിക ചൗളയാണ് ചിത്രത്തില്‍ അഭിനയിച്ചത്. സതീഷ് കൗശിക് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ജെയ്‌നേന്ദ്ര ജെയ്‌നാണ്. 10 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ 24.54 കോടിയാണ് നേടിയത്.

Content Highlights: Salman Khan reveals his 'Tere Naam' look was inspired by Abdul Kalam

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article