തോട്ടമുടമയെപോലെ ക്രീസിലേയ്ക്ക് വരവ്; കളത്തിലും പുറത്തും ക്രിക്കറ്റിനെ പൊളിച്ചെഴുതിയ കിങ് വീവ്

10 months ago 6

ക്രിക്കറ്റില്‍ ആമുഖം ആവശ്യമില്ലാത്ത താരമാണ് സര്‍ ഐസക് വിവിയന്‍ അലക്‌സാണ്ടര്‍ റിച്ചാര്‍ഡ്സ്. വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ പ്രതിഭാധനനായ ഓള്‍റൗണ്ടര്‍ക്ക് വയസ്സ് 73 പൂര്‍ത്തിയാവുന്നു. വെസ്റ്റ് ഇന്‍ഡീസിനായി തുടര്‍ച്ചയായി രണ്ടുതവണ ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്ത പ്രതിഭയെ, ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്ററെന്നോ ഓള്‍റൗണ്ടറെന്നോ വിശേഷിപ്പിച്ചാല്‍പ്പോലും അദ്ദേഹത്തിനര്‍ഹിച്ച പ്രതിഭാവിലാസമാവില്ല. ക്രിക്കറ്റില്‍ പുതിയ വിപ്ലവത്തിനോ നവോത്ഥാനത്തിനോ നാന്ദി കുറിച്ച യുഗപുരുഷനാണ് അദ്ദേഹം.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനങ്ങളില്‍, പ്രത്യേകിച്ച് തൊള്ളായിരത്തി എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ ക്രിക്കറ്റ് കണ്ടവര്‍ക്ക് റിച്ചാര്‍ഡ്സിനെക്കുറിച്ച് സംസാരിച്ചാല്‍ തീരില്ല. റിച്ചാര്‍ഡ്സിനെപ്പറ്റി പറയാതെ ആ കാലത്തെ ക്രിക്കറ്റ് ചരിത്രം പൂര്‍ണമാവുകയുമില്ല. ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏറ്റവുംകൂടുതല്‍ മേധാവിത്വമുണ്ടായിരുന്നത് ആ കാലത്താണ്. ടീമിന്റെ മുദ്രയായിട്ട് അന്ന് ഉയര്‍ത്തിക്കാണിച്ചിരുന്നത് റിച്ചാര്‍ഡ്സിനെയായിരുന്നു. എതിര്‍ടീമുകളുടെ പേടിസ്വപ്നവും അദ്ദേഹമായിരുന്നു.

മിഡ്​വിക്കറ്റുകളിലൂടെ ബൗളര്‍മാരെ സ്ഥിരമായി പറപ്പിക്കുക എന്നത് റിച്ചാര്‍ഡ്സിന്റെ ശീലമായിരുന്നു. 1991-ല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ മതിയാക്കുന്നതിന് മുന്‍പായി വിന്‍ഡീസിന് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ചു. തൊണ്ണൂറിനുശേഷം കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് വിരമിച്ചു. തുടര്‍ന്ന് കമന്ററി രംഗത്ത് സജീവമായ അദ്ദേഹം, നിലവില്‍ പാക് ടി20 ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ മെന്ററായും പ്രവര്‍ത്തിക്കുന്നുണ്ട്.

എന്തുകൊണ്ട് കിങ് വിവ്

അക്രമണാത്മക ബാറ്റിങ് ശൈലിയും ആധിപത്യവും കാരണം വിവിയന്‍ റിച്ചാര്‍ഡ്സിനെ കിങ് വിവ്/ കിങ് റിച്ചാര്‍ഡ്സ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇന്ന് കോലിയെ കിങ് കോലി എന്ന് വിശേഷിപ്പിക്കുന്നത് ഈ ധാര പിന്‍പറ്റിയാണ്. എന്നുപറഞ്ഞാല്‍ ഇന്നത്തെ കിങ് കോലിയാണ് അന്നത്തെ കിങ് റിച്ചാര്‍ഡ്സ്. ലോകോത്തര ബൗളര്‍മാരെയെല്ലാം അനായാസം അടിച്ചുപറത്തുന്ന ശൈലിയായിരുന്നു റിച്ചാര്‍ഡ്സിന്റേത്. ഏത് ബൗളര്‍ക്കെതിരെയും ആധിപത്യം പുലര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവുകണ്ട് രാജ്യാതിര്‍ത്തിക്കപ്പുറത്ത്, അങ്ങ് ഓസ്ട്രേലിയയിലും ഇങ്ങ് ഇന്ത്യയിലും വരെ റിച്ചാര്‍ഡ്സ് ഫാന്‍സുണ്ടായി.

ഇംഗ്ലീഷ് മുന്‍താരം ലിയണാര്‍ഡ് ഹൂട്ടണ്‍ റിച്ചാര്‍ഡ്സിനെക്കുറിച്ച് ഒരിക്കല്‍ പറയുന്നുണ്ട്: അടിമകളുടെയും പരുത്തി പറിക്കുന്നവരുടെയും ഇടയില്‍നിന്നാണ് റിച്ചാര്‍ഡ്സ് വരുന്നത്. പക്ഷേ, തോട്ടത്തിന്റെ ഉടമസ്ഥനെന്ന ഭാവത്തിലാണ് ക്രീസിലേക്ക് നടക്കുക. അത് ഏതാണ്ട് ശരിയുമായിരുന്നു. കുരിശുയുദ്ധത്തിനു പുറപ്പെട്ട റോമന്‍ ചക്രവര്‍ത്തിമാരുടെ പ്രവേശന കവാടങ്ങളായിരുന്നു വിവിന്റേതും'. ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരെ വളരെ നിഷ്പ്രയാസമെന്നപോലെ അദ്ദേഹം അടിച്ചുപറത്തുന്നത് കാഴ്ചക്കാര്‍ക്ക് പലപ്പോഴും അഹങ്കാരമായി തോന്നുംവിധത്തിലായിരുന്നു.

മിന്നല്‍വേഗത്തിലുള്ള പ്രതികരണശേഷിയും അപാരമായ ശക്തിയുമാണ് അദ്ദേഹത്തിലെ ക്രിക്കറ്റിലെ ധൈഷണികതയുടെ അടിസ്ഥാനം. റിച്ചാര്‍ഡ്സ് ഒരിക്കലും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല എന്നതുതന്നെ അദ്ദേഹത്തിലെ ക്രിക്കറ്റിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു. ആ നിര്‍ഭയത്വം പക്ഷേ, പലപ്പോഴും എതിരാളികളെ പേടിപ്പെടുത്തി. ഇന്ത്യയുടെ സുനില്‍ ഗാവസ്‌ക്കറും വിവിയന്‍ റിച്ചാര്‍ഡ്സുമാണ് ഹെല്‍മറ്റ് ധരിക്കാതെ ബാറ്റുചെയ്തവര്‍. തന്റെ സാങ്കേതികതയില്‍ തനിക്ക് വിശ്വാസമുണ്ടെന്നായിരുന്നു വിവിന്റെ ന്യായവാദം. പകരമായി ഒരു മെറൂണ്‍ തൊപ്പി അദ്ദേഹത്തിന്റെ തലയില്‍ എപ്പോഴുമുണ്ടായിരുന്നു. അത് അഭിമാനത്തിന്റെ പ്രതീകമാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

തുടർച്ചയായ രണ്ട് ലോകകപ്പുകൾ

വെസ്റ്റ് ഇന്‍ഡീസിനായി 187 ഏകദിനങ്ങളും 121 ടെസ്റ്റുകളും കളിച്ച റിച്ചാര്‍ഡ്സ് ടെസ്റ്റില്‍ 8540 റണ്‍സും 32 വിക്കറ്റുകളും നേടി. ഏകദിനത്തില്‍ 6721 റണ്‍സും 118 വിക്കറ്റുകളും സ്വന്തമാക്കി. 291 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ 189 റണ്‍സ്. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ആകെ 135 സെഞ്ചുറികള്‍ നേടി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം (1710 റണ്‍സ്), ടെസ്റ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ രണ്ടാമത്തെ താരം (ഏഴ് സെഞ്ചുറി) എന്നിവ റിച്ചാര്‍ഡ്‌സിനവകാശപ്പെട്ടതാണ്. ടെസ്റ്റില്‍ തുടര്‍ച്ചയായി 11 അര്‍ധ സെഞ്ചുറികള്‍ നേടിയ അദ്ദേഹം, ഫോര്‍മാറ്റില്‍ 95 ഇന്നിങ്‌സുകളില്‍നിന്ന് 5,000 റണ്‍സ് കടന്നു. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ അയ്യായിരം അടിക്കുന്ന മൂന്നാമത്തെ താരമാണ്.

ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തിനു പുറത്തെ റിച്ചാര്‍ഡ്‌സിന്റെ പ്രതിമ

ഏകദിനത്തില്‍ ഏഴുതവണ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 114 ഏകദിനങ്ങള്‍ കളിച്ചാണ് അദ്ദേഹം 5000 റണ്‍സ് തികച്ചത്. ഏകദിനത്തില്‍ പത്താം വിക്കറ്റില്‍ 106 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയിട്ടുണ്ട്. ഏകദിനത്തിലെ റെക്കോഡാണിത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 49.4 ശരാശരിയില്‍ 36,212 റണ്‍സ് നേടിയ റിച്ചാര്‍ഡ്‌സ്, നൂറ് ഫസ്റ്റ്ക്ലാസ് സെഞ്ചുറികള്‍ നേടിയ ചുരുക്കം ചിലരിലും ഇടംനേടി. 1975, 1979 എന്നിങ്ങനെ തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ വെസ്റ്റ് ഇന്‍ഡീസിന് നേടിക്കൊടുത്തു. 1983-ലും ഫൈനലിലെത്തിയെങ്കിലും കപില്‍ ദേവിന്റെ ഇന്ത്യയോട് തോറ്റതോടെ ഹാട്രിക് നേട്ടം നഷ്ടപ്പെട്ടു.

ക്രിക്കറ്റ് അന്തരീക്ഷത്തില്‍ വളര്‍ന്നു

തന്നിലെ ക്രിക്കറ്റ് പാകപ്പെടാന്‍ ഹേതുകമായ കുടുംബപശ്ചാത്തലമായിരുന്നു വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേത്. 1952 മാര്‍ച്ച് ഏഴിന് കരീബിയന്‍ ദ്വീപായ ആന്റിഗ്വയിലാണ് ജനനം. ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അച്ഛന്‍ മാല്‍ക്കം റിച്ചാര്‍ഡ്‌സ് ക്രിക്കറ്റ് താരമായിരുന്നു. മൂത്ത സഹോദരന്‍ ഡൊണാള്‍ഡ് ക്രിക്കറ്റ് മത്സരങ്ങളിലൊക്കെ തിളങ്ങിയിരുന്നു. സ്വാഭാവികമായും വിവിയനും ചെറുപ്പത്തിലേ ബാറ്റെടുത്ത് അച്ഛനും സഹോദരനുമൊപ്പം കളിച്ചുതുടങ്ങി. അതോടെ ക്രിക്കറ്റ് പാഷനായി.

ചെറുപ്പത്തിലേ കളിച്ചുതുടങ്ങിയതിനാല്‍ നാട്ടിലെ ഗല്ലി ക്രിക്കറ്റുകളിലൊക്കെ വിവിയന് നല്ല പേരായിരുന്നു. ക്രിക്കറ്റിന്റെ ഗില്ലിന്റെ മിടുക്ക് നാട്ടിന് പുറത്തേക്കും പ്രശസ്തമായി. 1972-ല്‍ തന്റെ 20-ാം വയസ്സില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചു. ലീവാര്‍ഡ് ദ്വീപിനുവേണ്ടിയായിരുന്നു കന്നി മത്സരം. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം വെസ്റ്റ് ഇന്‍ഡീസ് ദേശീയ ടെസ്റ്റ് ടീമിലേക്ക് വിളിവന്നു. ഇന്ത്യക്കെതിരെയായിരുന്നു ആദ്യ മത്സരം. അവിടംതൊട്ട് റിച്ചാര്‍ഡ്‌സിന്റെ കീര്‍ത്തി ആഗോളതലത്തില്‍ പ്രചരിച്ചു.

ഇന്ത്യക്കെതിരായ ആദ്യ പരമ്പരയില്‍ത്തന്നെ സെഞ്ചുറി നേടിക്കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവറിയിച്ചു. 1976-ലെ ഇംഗ്ലണ്ട് പര്യടനമാണ് റിച്ചാര്‍ഡ്‌സിനെ ശരിക്കും വ്യത്യസ്തനാക്കിയത്. ആ പരമ്പരയില്‍ 118.42 ശരാശരിയിോടെ 829 റണ്‍സ് നേടി. ക്രിക്കറ്റ് അധ്യായങ്ങളില്‍ ഇപ്പോഴും ഏറ്റവും പ്രോജ്ജ്വലിക്കുന്ന നേട്ടങ്ങളിലൊന്നാണിത്.

ക്രിക്കറ്റിലെ മാറ്റത്തിന്റെ കാറ്റ്

അക്കാലത്തെ മറ്റുള്ള താരങ്ങള്‍ക്കൊന്നും അയലത്തെത്താന്‍പോലും കഴിയാത്ത വിധം ക്രിക്കറ്റില്‍ ധിഷണാശാലിയായിരുന്നു അദ്ദേഹം. പ്രതിരോധത്തില്‍ ഊന്നിക്കളിക്കുന്ന ക്രിക്കറ്റ് രീതിയായിരുന്നു അന്ന് സ്വീകരിച്ചുവന്നിരുന്നത്. പരമാവധി പിടിച്ചുനിന്ന് കളിച്ച് സ്‌കോര്‍ നേടുക എന്നതായിരുന്നു അന്നത്തെ തന്ത്രം. ആ ശൈലിയെ മാറ്റിപ്പണിതത് വിവിയന്‍ റിച്ചാര്‍ഡ്‌സാണ്. ബാറ്റിങ്ങിന്റെ മൂര്‍ച്ചയെന്തെന്ന് ലോകത്തിന് ആദ്യം കാട്ടിക്കൊടുത്ത താരമാണ് അദ്ദേഹം. ബൗളര്‍മാരെ നിരന്തരമായി ആക്രമിക്കുകയും ക്രിക്കറ്റില്‍ അവര്‍ക്കുണ്ടായിരുന്ന ആധിപത്യത്തിന് അറുതി വരുത്തുകയും ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. എന്നാല്‍ കരുത്തുറ്റ ശരീരംകൊണ്ട് ലഭിക്കുന്ന പവര്‍ ഹിറ്റിങ് മാത്രമായിരുന്നില്ല റിച്ചാര്‍ഡ്‌സിന്റെ കളി. മറിച്ച്, പന്തുകളെ കൃത്യതയോടെയും സമയനിഷ്ഠയോടെയും നേരിടുന്നതില്‍ അസാമാന്യമായ മികവ് പ്രകടിപ്പിച്ചു.

പേസര്‍മാരെ നേരിടുന്നതില്‍ പ്രത്യേകമായ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. ദ്രുതഗതിയിലുള്ള പ്രതികരണശേഷിയും കണ്ണും കൈയും തമ്മിലുള്ള ഏകോപനവും വേഗമേറിയ പന്തുകളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ അദ്ദേഹത്തെ സഹായിച്ചു. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍പ്പോലും ഈ ശൈലി മാറ്റിപ്പിടിച്ചില്ല. ഇതോടെ വിന്‍ഡീസ് ക്രിക്കറ്റില്‍ സ്ഥിരമായി കൂടുതല്‍ റണ്‍സ് നേടുന്ന സാഹചര്യമുണ്ടായി. ഇതുവഴി എതിര്‍ടീമിന്റെ ഇച്ഛാശക്തി ഇല്ലാതാക്കാനും അദ്ദേഹത്തിന് സാധ്യമായി. ഇങ്ങനെയൊരു ബെഞ്ച്മാര്‍ക്ക് രൂപപ്പെടുത്തിയെടുത്തതോടെ വിവിയന്‍ റിച്ചാര്‍ഡ്‌സിന് ലോകമൊട്ടുക്ക് ആരാധകരുണ്ടായി. റിച്ചാര്‍ഡ്‌സ് ടീമിലുള്ളപ്പോഴൊക്കെ വിന്‍ഡീസിന്റെ കളികാണാന്‍ ആളുകൂടുന്ന സ്ഥിതിയുണ്ടായി.

വിവിയൻ റിച്ചാർഡ്സിനൊപ്പം വിരാട് കോലി

റിച്ചാര്‍ഡ്‌സ് ഒരു ഒന്നാന്തരം ഫീല്‍ഡര്‍ കൂടിയായിരുന്നു. ഓഫ് സ്പിന്‍ ബൗള്‍ ചെയ്യുന്ന ഓള്‍റൗണ്ടറുമായിരുന്നു അദ്ദേഹം. അതിഭയങ്കരമായ കായികക്ഷമതയാണ് അദ്ദേഹത്തിലെ ഈ പാടവത്തിന് പിന്നിലെ ഘടകം. അക്കാലത്ത് വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ബാറ്റും ബൗളും നന്നായി ഫീല്‍ഡും ചെയ്യുന്ന താരമായിരുന്നെങ്കിലും, ബാറ്റിങ്ങിലെ മൂര്‍ച്ചയാണ് അദ്ദേഹത്തെ ഇതിഹാസതാരമാക്കിയതെന്നതില്‍ സംശയമില്ല.

കളത്തിനു പുറത്തേക്ക് നീണ്ട മാന്യത

അരങ്ങേറ്റം കുറിച്ച് ആറുവര്‍ഷങ്ങള്‍ക്കുശേഷം വിന്‍ഡീസിന്റെ നായകനാകാനും റിച്ചാര്‍ഡ്‌സിന് നിയോഗമുണ്ടായി. 1980-ല്‍ ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ അദ്ദേഹം ടീമിനെ നയിക്കുക മാത്രമല്ല, കളിക്കാര്‍ക്ക് പ്രചോദനം നല്‍കുകകൂടി ചെയ്തു. അതിനു മുന്‍പത്തെ രണ്ട് ലോകകപ്പുകള്‍ നേടിയ ശേഷമായിരുന്നു അത്. റിച്ചാര്‍ഡ്‌സ് ക്യാപ്റ്റനായ കാലമാണ് വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് ക്രിക്കറ്റിന്റെ സുവര്‍ണ കാലമായി പരിഗണിക്കപ്പെടുന്നത്. 1980 മുതല്‍ 1995 വരെയുള്ള 15 വര്‍ഷത്തിനിടെ വിന്‍ഡീസ് ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല. 50 ടെസ്റ്റിൽ ടീമിനെ നയിച്ച റിച്ചാർഡ്സിന് കീഴിൽ വെസ്റ്റ് ഇൻഡീസ് ഒരുമത്സരംപോലും തോറ്റില്ല. റിച്ചാര്‍ഡ്‌സിന്റെ ശാന്തമായ പെരുമാറ്റവും തന്ത്രപരമായ വൈഭവവും ടീമിനൊന്നാകെ മുതല്‍ക്കൂട്ടായി.

കളത്തിന് പുറത്ത് നിലപാടുള്ള മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹം. വര്‍ണവിവേചന പ്രശ്‌നങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. വംശീയ അനീതിക്കെതിരേ ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ഇത് റിച്ചാര്‍ഡ്‌സ് എന്ന ക്രിക്കറ്റര്‍ക്ക്, ക്രിക്കറ്റിനുമപ്പുറത്തെ ബഹുമാനം നേടിക്കൊടുത്തു. ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്നതിലുപരി, താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി സത്യസന്ധമായി നിലകൊണ്ട മനുഷ്യനാണെന്നുകൂടി അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു.

Content Highlights: viv richards westbound indies fable vocation stats and cricket revolution

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article