Published: August 11, 2025 10:36 AM IST
1 minute Read
തിരുവനന്തപുരം∙ വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിച്ചതിന്റെ ഓർമകൾ പങ്കുവച്ച് നടൻ നന്ദു. കരിയറിന്റെ തുടക്കകാലത്ത് തിരുവനന്തപുരത്ത് പ്രാദേശിക ക്രിക്കറ്റ് കളിക്കാൻ എത്തിയ കുട്ടിയാണ്, പിന്നീട് ഇതിഹാസതാരമായി വളർന്നതെന്ന് നന്ദു കേരള ക്രിക്കറ്റ് ലീഗിനു മുന്നോടിയായുള്ള പരിപാടിയിൽ വെളിപ്പെടുത്തി.
‘‘ഇവിടെയുള്ള തൈക്കാട് മൈതാനത്തിലാണു ഞങ്ങൾ ക്രിക്കറ്റ് കളിച്ചത്. 1975ൽ ഞങ്ങളുടെ ക്ലബ്ബായ കാരവൻ രൂപം കൊണ്ടു. ഞങ്ങൾ 79ലാണ് ക്ലബ്ബിനൊപ്പം ചേരുന്നത്. ക്ലബ്ബിന് തുടക്കം കുറിച്ച കെ.ആർ. നായർ ഒരു ദിവസം വൈകിട്ട് അഞ്ചര മണിക്ക് അദ്ദേഹത്തിന്റെ സൈക്കിളിൽ ഒരു കറുത്ത പയ്യനെ ഇവിടെ കൊണ്ടുവന്നു ഞങ്ങൾക്കെല്ലാം പരിചയപ്പെടുത്തിയിരുന്നു. 14–15 വയസ്സുള്ള കൊച്ചുപയ്യൻ ട്രിനിഡാഡ് – ടുബാഗോയിൽനിന്ന് സ്കൂൾ ടീമിനു വേണ്ടി കളിക്കാനാണ് ഇവിടെ വന്നത്.അദ്ദേഹമാണു ബ്രയാൻ ലാറ.’’– നന്ദു പ്രതികരിച്ചു.
കേരളത്തിലെത്തിയപ്പോഴുള്ള അനുഭവങ്ങൾ ലാറ തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ടെന്നും നന്ദു പറഞ്ഞു. ടെസ്റ്റിൽ 131 മത്സരങ്ങളും ഏകദിനത്തിൽ 299 മത്സരങ്ങളും വെസ്റ്റിൻഡീസിനായി കളിച്ചിട്ടുള്ള ലാറ, 22358 റൺസാണു രാജ്യാന്തര ക്രിക്കറ്റിൽ ആകെ നേടിയിട്ടുള്ളത്. 53 സെഞ്ചറികളും സ്വന്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിലെ ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് ലാറയുടെ പേരിലാണ്. 2004 ഏപ്രിൽ 10ന് ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 400 റൺസാണ് ലാറ അടിച്ചുകൂട്ടിയത്. 582 പന്തുകളിൽനിന്നായിരുന്നു ലാറയുടെ റെക്കോർഡ് പ്രകടനം. വിരമിച്ച ശേഷം ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗുകളിൽ ലാറ സജീവമാണ്.
English Summary:








English (US) ·