സച്ചിൻ തെൻഡുൽക്കറിന്റെ നൂറാം രാജ്യാന്തര സെഞ്ചറിക്കായി ഇന്ത്യൻ കായികലോകം കാത്തിരുന്നത് ഒരു വർഷമാണെങ്കിൽ നീരജ് ചോപ്രയുടെ ജാവലിൻത്രോ കരിയറിലെ 6 സെന്റിമീറ്ററിന്റെ വളർച്ചയ്ക്കായുള്ള കാത്തിരിപ്പ് നീണ്ടത് 1046 ദിവസങ്ങളാണ്. ഒളിംപിക്സ്, ലോക ചാംപ്യൻഷിപ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് സ്വർണങ്ങളും ഡയമണ്ട് ലീഗ് കിരീടവും എറിഞ്ഞിട്ട ഇന്ത്യയുടെ ചാംപ്യൻ അത്‌ലീറ്റിന്റെ കരിയറിലെ അപൂർണതയായിരുന്നു 90 മീറ്ററെന്ന മാന്ത്രിക ദൂരം. 2022 സ്റ്റോക്കോം ഡയമണ്ട് ലീഗിൽ 89.94 മീറ്റർ പിന്നിട്ട നീരജിന്റെ ജാവലിൻ പിന്നീട് അതിനപ്പുറത്തേക്ക് സഞ്ചരിക്കാതെ വന്നതോടെ ആരാധകരും ആശങ്കയിലായി. ഒടുവിൽ വെള്ളിയാഴ്ച രാത്രി ദോഹയിലെ ഒളിംപിക്സ് സ്റ്റേഡിയത്തിൽ 90.23 മീറ്റർ ജാവലിൻ പായിച്ച നീരജ് എല്ലാ ഇന്ത്യക്കാരുടെയും ചുമലിൽ നിന്ന് ആ ‘ചരിത്രഭാരം’ എടുത്തു മാറ്റി. ജാവലിൻത്രോയിൽ 90 മീറ്റർ പിന്നിട്ട ലോകത്തെ 26 താരങ്ങളിൽ ഇനി ഒരു ഇന്ത്യക്കാരനുമുണ്ട്.
സ്ഥിരതയുള്ള പ്രകടനം, എന്നിട്ടും!
പുരുഷ ജാവലിൻ ത്രോയിലെ സ്ഥിരതയുടെ പേരാണ് നീരജ് ചോപ്ര. ടോക്കിയോ ഒളിംപിക്സിനുശേഷം 14 തവണയാണ് നീരജ് 88 മീറ്ററിനപ്പുറത്തേക്ക് ജാവലിൻ പറത്തിയത്. എന്നാൽ ലോക മത്സര വേദികളിൽ ആത്മവിശ്വാസത്തിന്റെ അടയാളക്കല്ലായ 90 മീറ്ററിന്റെ ‘അഭാവം’ നീരജിനെ പലതവണ വേട്ടയാടുകയും ചെയ്തു. 2022 സ്റ്റോക്കോം ഡയമണ്ട് ലീഗിൽ 89.94 മീറ്റർ പിന്നിട്ട നീരജിനെ അന്നു തോൽപിച്ചത് 90.31 മീറ്റർ പിന്നിട്ട ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സായിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ പാരിസ് ഒളിംപിക്സിൽ 89.45 മീറ്റർ കുറിച്ചിട്ടും പാക്കിസ്ഥാൻ താരം അർഷാദ് നദീമിന്റെ റെക്കോർഡ് ത്രോ (92.97 മീറ്റർ) നീരജിനെ സ്വർണത്തിൽനിന്ന് അകറ്റി. മത്സരങ്ങൾക്കിടെ എതിരാളികൾ 90 മീറ്റർ പിന്നിടുന്നത് നീരജിനെ സമ്മർദത്തിലാക്കുന്നതും മുൻപ് കണ്ടു. 90 മീറ്ററിന്റെ വീര്യത്തിനൊപ്പം എതിരാളികൾക്കുമേലുള്ള മാനസികാധിപത്യവും തിരിച്ചുപിടിച്ച നീരജിനെയാകും ഇനി പോരാട്ടക്കളത്തിൽ കാണാനാകുക. ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ കിരീടം നിലനിർത്താനിറങ്ങുന്ന നീരജിന്റെ ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഇതോടെ കുത്തനെയുയരും. നിലവിൽ നീരജിനൊപ്പം ലോകവേദിയിൽ മത്സരിക്കുന്ന 7 താരങ്ങൾ കരിയറിൽ 90 മീറ്റർ ദൂരം പിന്നിട്ടവരാണ്.
വിജയക്കൂട്ട് !
ചെക്ക് റിപ്പബ്ലിക്കിന്റെ വിഖ്യാത താരം യാൻ ഷെലസ്നിക്ക് കീഴിൽ നീരജ് പരിശീലനം ആരംഭിച്ചത് 3 മാസം മുൻപാണ്. പുരുഷ ജാവലിൻ ത്രോയിലെ ലോക റെക്കോർഡ് ജേതാവായ (98.48 മീറ്റർ) ഷെലസ്നി കരിയറിൽ 50 തവണ 90 മീറ്റർ പിന്നിട്ടുവെന്നാണ് കണക്ക്. ഷെലസ്നിക്കൊപ്പമുള്ള നീരജിന്റെ കൂട്ടുകെട്ടിൽ പിറന്ന ആദ്യ വിസ്മയമാണ് ദോഹയിൽ പിന്നിട്ട സ്വപ്ന ദൂരം. അതും സീസണിലെ ആദ്യ പ്രധാന മത്സരത്തിൽ തന്നെ. വെള്ളിയാഴ്ചത്തെ മത്സരത്തിൽ 90 മീറ്റർ പിന്നിടുമെന്ന് ഷെലസ്നി ധൈര്യം പകർന്നിരുന്നെന്നും അതുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക് എത്തിയതെന്നും മത്സരശേഷം നീരജ് പറഞ്ഞു.
റണ്ണപ്പ്, കൈയുടെ പൊസിഷൻ, റിലീസിങ് ആംഗിൾ എന്നിങ്ങനെ പുതിയ പരിശീലകനു കീഴിൽ ടെക്നിക്കുകളിൽ കൃത്യതയാർജിച്ച നീരജിനെയാണ് ദോഹയിൽ കണ്ടത്. സെക്ടറിന്റെ എൻഡിൽനിന്നുള്ള നീരജിന്റെ ത്രോകളിൽ പലതും മുൻപ് ഫൗളിൽ കലാശിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച 90.23 മീറ്റർ പിന്നിട്ട മൂന്നാം ഊഴത്തിൽ ലൈനിന് തൊട്ടടുത്ത് നിന്ന് ജാവലിൻ പായിച്ച നീരജിന്റെ ശരീരം സെക്ടറിനുള്ളിൽ പിഴവില്ലാതെ ലാൻഡ് ചെയ്തു.
English Summary:








English (US) ·