തൊഴിലുറപ്പുകാരുടെ കഥ പറഞ്ഞ് 'പത്തുമാസം' ശ്രദ്ധേയമാകുന്നു

8 months ago 10

മലയാളസിനിമയിലേക്ക് തൊഴിലുറപ്പു തൊഴിലാളികളുടെ ജീവിതത്തെ ചേര്‍ത്തു വെക്കുകയാണ് 'പത്തുമാസം'. പ്രസീതയെന്ന തൊഴിലുറപ്പുകാരിയുടെ ഗര്‍ഭകാലം ആവിഷ്‌ക്കരിക്കുന്ന ചിത്രം അവളുടെ മകള്‍ നിധിയുടെ സ്വപ്നങ്ങളിലെ രാഷ്ട്രീയ ദൃശ്യങ്ങളാല്‍ വേറിട്ട ദൃശ്യഭാഷ നിര്‍മ്മിക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന നിധിയുടെ സ്വപ്നത്തിലാണ് സിനിമ അവസാനിക്കുന്നത്. പത്തുമാസത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിന്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിക്ക് ചിത്രം സമര്‍പ്പിച്ചതും കൗതുകമായി. ഗ്രാമീണ ദൃശ്യങ്ങളാല്‍ സമ്പന്നമാണ് 'പത്തുമാസം'

'പകല്‍പ്പൂരം' എന്ന സിനിമയിലെ മുകേഷിന്റെ നായികാവേഷത്തിലൂടെ ശ്രദ്ധേയയായ കവിതാ ജോസ് നീണ്ട ഒരിടവേളയ്ക്കു ശേഷം അഭിനയിക്കുന്ന സിനിമയാണ് 'പത്തുമാസം'. നാടന്‍പാട്ടു കലാകാരനായ സുരേഷ് തിരുവാലി പ്രസീതയുടെ ഭര്‍ത്താവ് രഘുവിനെ മികവുറ്റതാക്കി. കവിതാ ജോസിന്റെ മകളായ റൈസാ ബിജ്ലി തന്നെ പ്രസീതയുടെ മകള്‍ നിധിയായി സ്‌ക്രീനിലെത്തുന്നു. മലപ്പുറത്തെ, തിരുവാലി പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികള്‍ ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്.

സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ, കേരളത്തിലെ ആദ്യത്തെ സ്‌കൂള്‍ സിനിമയായ 'ല.സാ.ഗു'വിന് രചനയും സംവിധാനവും നിര്‍വഹിച്ച സുമോദ്- ഗോപു സഹോദരങ്ങളാണ് നീഹാര്‍ ഫിലിംസിനു വേണ്ടി 'പത്തുമാസം' ഒരുക്കിയത്. 'ല.സാ.ഗു'വിലൂടെ മികച്ച ഗാനരചയിതാവായി തിരഞ്ഞെടുക്കപ്പെട്ട ഒ.എസ് ഉണ്ണികൃഷ്ണന്‍ രചിച്ച ഗാനങ്ങളും അനില്‍ മങ്കടയുടെ നാടന്‍പാട്ടുകളും ഡോ.എസ്.സഞ്ജയ് എഴുതിയ കവിതയും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ജിന്‍സ് ഗോപിനാഥിന്റെ ഈണത്തില്‍ ജെറില്‍ ഷാജി പാടിയ, വിജനമാകയോ...എന്ന ഗാനം ഏറെ ഹൃദ്യമാണ്.

ഛായാഗ്രഹണം- സുധീര്‍.കെ.സുധാകരന്‍, ചിത്രസംയോജനം- സന്ദീപ് നന്ദകുമാര്‍, കലാസംവിധാനം- ഷാജി കേശവ്, കളറിങ്ങ്- ലിജു പ്രഭാകര്‍, പശ്ചാത്തല സംഗീതം- മധു പോള്‍, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, ചമയം- സുധാകരന്‍ പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശശി പൊതുവാള്‍. ബിബീഷ് പുത്തഞ്ചേരി, ഉണ്ണികൃഷ്ണന്‍ നെല്ലിക്കാട്, വിജിത സുരേഷ്, മാനസ സതീഷ്, റെജി രാമപുരം, അജീഷ് കോട്ടയം, ഐ. സമീല്‍, ജാഫര്‍ അല്ലപ്ര, ദീപക് തിരുവാലി, ബറോസ് കൊടക്കാടന്‍, ശശികല, ജയേഷ്, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlights: pathumasam movie based connected nrega workers

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article