തൊഴിലുറപ്പ് അഴിമതിയിൽ ഷമിയുടെ സഹോദരിക്ക് കുരുക്ക്, കുടുംബം മൊത്തം പ്രതികൾ; 8.6 ലക്ഷം രൂപ തിരിച്ചുപിടിച്ചു

9 months ago 6

ഓൺലൈൻ ഡെസ്ക്

Published: April 04 , 2025 05:55 PM IST

1 minute Read

muhammed-shami
മുഹമ്മദ് ഷമി

ലക്നൗ∙ ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിയമവിരുദ്ധമായി പണം തട്ടിയ സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരിക്കും പങ്കുണ്ടെന്നു സ്ഥിരീകരണം. ഷമിയുടെ സഹോദരി ഉൾപ്പടെ 18 പേരുടെ ജോബ് കാർഡുകൾ വ്യാജമാണെന്നും ജോലി ചെയ്യാതെ തന്നെ ശമ്പളം വാങ്ങുകയായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഷമിയുടെ സഹോദരി ഷബിനയുടെ ഭർത്താവ് ഗസ്നവി ഭർത്താവിന്റെ അമ്മ ഗുലെ ആയിഷ, മറ്റു മക്കളായ ആമിർ സുഹെയ്ൽ, നസ്റുദ്ദീൻ, ഷെഖു എന്നിവരെല്ലാം കേസിൽ പ്രതികളാകും. ജില്ലാ മജിസ്ട്രേറ്റ് നിധി ഗുപ്ത ഇക്കാര്യം സ്ഥിരീകരിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഗുലെ ആയിഷ ‘ഗ്രാമപ്രധാൻ’ ആയതിനാൽ അവരുടെ സ്വാധീനം ഉപയോഗിച്ച് കുടുംബാംഗങ്ങളെ മുഴുവൻ പദ്ധതിയിൽ തിരുകി കയറ്റുകയായിരുന്നെന്നാണു വിവരം. 2021 ജനുവരിയിലാണ് തൊഴിലുറപ്പു പദ്ധതിക്കു വേണ്ടി ഇവർ വ്യാജ കാർഡുകളുണ്ടാക്കിയത്. തുടർന്ന് 2024–25 വർഷങ്ങളിൽ ജോലിയൊന്നും ചെയ്യാതെ തന്നെ ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി തട്ടിയെടുത്തു. ക്രമക്കേട് പുറത്തുവന്നതിനു പിന്നാലെ ആരോപണ വിധേയരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. 

ഗുലെ ആയിഷയുടെ ബാങ്ക് അക്കൗണ്ടുകളെല്ലാം അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചു. 8.6 ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിൽനിന്നു തിരിച്ചുപിടിച്ചതായും വിവരമുണ്ട്. ഗുലെ ആയിഷയുടെ സ്വാധീനത്തിൽ വില്ലേജ് ഡവലപ്മെന്റ് ഓഫിസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫിസർ, കംപ്യൂട്ടർ ഓപ്പറേറ്റർ എന്നിവരും തട്ടിപ്പിനു കൂട്ടുനിന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെയും നടപടിയുണ്ടാകും. സംഭവത്തിൽ ഷബിനയുടെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐപിഎൽ മത്സരങ്ങളുടെ ഭാഗമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാംപിലാണ് മുഹമ്മദ് ഷമിയുള്ളത്.

English Summary:

Cricketer Mohammed Shami's sister, relatives named successful MNREGA occupation fraud

Read Entire Article