തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന മഞ്ജുവിനെ കണ്ട് ഞങ്ങളെല്ലാവരും ഞെട്ടി; തടവറയിലാണ് എന്ന ആരോപണത്തെ കളിയാക്കി മധു വാര്യര്‍

3 days ago 1
വില്ലന്‍ വേഷങ്ങളിലൂടെയാണ് മധു വാര്യര്‍ പരിചിതനെങ്കിലും, ആള്‍ യഥാര്‍ത്ഥത്തിലൊരു നര്‍മപ്രിയനാണ് എന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടാല്‍ മനസ്സിലാവും. കോമഡി റീലുകള്‍ ഷെയര്‍ ചെയ്യുക മാത്രമല്ല, ജീവിതത്തിലെ ഗൗരവമുള്ള കാര്യങ്ങളും അങ്ങേയറ്റം തമാശയോടെ അവതരിപ്പിക്കാനും മധു വാര്യര്‍ക്ക് അറിയാം. അത്തരത്തില്‍ ഇപ്പോള്‍ പെങ്ങളായ മഞ്ജു വാര്യരെ സംബന്ധിക്കുന്ന വിഷയത്തിലാണ് നടന്റെ ആക്ഷേപ ഹാസ്യം.

മഞ്ജു ആരുടെയൊക്കെയോ തടവറയിലാണ്, തോക്കിന്റെ മുനയിലാണ്, മഞ്ജുവിനെ കൊണ്ട് എല്ലാം ചെയ്യിപ്പിക്കുകയാണ്, ആരോ തടഞ്ഞു വച്ചതുകൊണ്ടാണ് മഞ്ജു വാര്യര്‍ എന്റെ പ്രണയം സ്വീകരിക്കാത്തത് എന്നൊക്കെ പറഞ്ഞ് ഒരു വര്‍ഷത്തിലേറെയായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കുകയാണ്. ഇപ്പോള്‍ പല ന്യൂസ് ചാനലുകളിലും സജീവമായി സനല്‍ ഇതേ കാര്യം ആരോപിക്കുന്നു. അതിനിടയിലാണ് മധു വാര്യര്‍ ഈ വിഷയത്തെ പരിഹസിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.

Samayam Malayalamഅത്രയധികം സൈബര്‍ അറ്റാക്ക് നേരിട്ടു, എന്ത് ചെയ്താലും കുറ്റം; അഹാന തന്റെ വിവാഹം ഇത്രയധികം രഹസ്യമാക്കാനുള്ള കാരണം?
അമ്മയ്ക്കും ഭാര്യയ്ക്കും മകള്‍ക്കും വളര്‍ത്തു നായയ്ക്കുമൊപ്പം മഞ്ജു വാര്യരെ കാണാന്‍ പോയി, മഞ്ജുവിനൊപ്പം കുറച്ച് സമയം ചെലവഴിച്ചു, ഭക്ഷണം ഓഡര്‍ ചെയ്തു കഴിച്ചു എന്നൊക്കെയാണ് വിശേഷം. പക്ഷേ മധു വാര്യര്‍ അത് അവതരിപ്പിച്ചിരിക്കുന്നത് തീര്‍ത്തും രസകരമായിട്ടാണ്.

മധു വാര്യരുടെ പോസ്റ്റ് വായിക്കാം

അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവില്‍ കഴിയുന്ന മഞ്ജുവിനെ പോയി കാണാന്‍ തീരുമാനിച്ചു. മഞ്ജുവിനെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള കാലമാടന്മാര്‍ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാന്‍ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെയും കൂടെ കൂട്ടി. അവിടെ ചെന്നപ്പോള്‍ തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാന്‍ ഞെട്ടി. ബാല്‍ക്കണിയില്‍ ഇരിക്കുന്ന പ്രാവിലേക്ക് ശ്രദ്ധ പോയതുകൊണ്ട് ഒരു പത്ത് സെക്കന്റ് ഡിലേ കഴിഞ്ഞ് കൊക്കോയും ഞെട്ടല്‍ രേഖപ്പെടുത്തി. അങ്ങനെ ഞെട്ടല്‍ മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങള്‍ ബാക്കി കലാപരിപാടികളിലേക്ക് കടന്നു.


മഞ്ജു പുതിയതായി വാങ്ങിയ ഡ്രസ്സുകള്‍ എടുത്ത് കൊണ്ടു വന്ന് നിരത്തി അതിന്റെ ഡിസ്‌കഷനിലേക്ക് കടന്നു. തടവില്‍ ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാവുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടന്ന് തന്നെ മനസ്സിലായി.

അത് കഴിഞ്ഞ് ഗണ്‍ പോയിന്റിലുള്ള മഞ്ജു എല്ലാവര്‍ക്കും ബേണ്‍ഡ് ഗാര്‍ലിക് ഫ്രൈഡ് റൈസും നൂഡില്‍സും ഹണി ഗ്ലേസ്ഡ് ചിക്കനും സാള്‍ട്ട് പെപ്പര്‍ കോട്ടേജ് ചീസും ഓഡര്‍ ചെയ്തു. ഭക്ഷണ ശേഷം ഇറങ്ങാന്‍ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസിന്റെയും യോഗ ക്ലാസിന്റെയും ബോറടി മാറ്റാന്‍ രണ്ട് ദിവസം മഞ്ജുവിന്റെ കൂടെ തടവില്‍ കഴിയാന്‍ പോകുകയാണ് പോലും. അപ്പോ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിന്‍ മുനയിലായിരിക്കും- എന്നാണ് മധു വാര്യരുടെ പോസ്റ്റ്. ഈ പോസ്റ്റിന് താഴെ പൊട്ടിച്ചിരിച്ചുകൊണ്ട് മഞ്ജു വാര്യരുടെ കമന്റും എത്തിയിട്ടുണ്ട്.

Read Entire Article