Published: August 22, 2025 09:02 AM IST Updated: August 22, 2025 09:07 AM IST
1 minute Read
കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകരിൽ ഏറ്റവും ജനപ്രിയനായിരുന്ന ഇവാൻ വുക്കൊമനോവിച്ച് തിരിച്ചെത്തുന്നു; ഇത്തവണ ഫുട്ബോൾ പരിശീലകനായല്ല അദ്ദേഹത്തിന്റെ വരവ്. മറിച്ച് ഒരു മലയാളം സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഇവാന്റെ തിരിച്ചുവരവ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘കര’ത്തിലാണ്, വുക്കൊമനോവിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ ഇവാൻ വുക്കൊമനോവിച്ചിന്റെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ പ്രിയങ്കരനായിരുന്ന ഇവാൻ വുക്കൊമനോവിച്ചിനെ, പരിശീലക സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന ആവശ്യം ഇടക്കാലത്ത് ശക്തമായിരുന്നു. വുക്കൊമനോവിച്ചിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോലും ഈ ആവശ്യവുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ എത്തി. ഇതിനിടെയാണ് വിനീത് ശ്രീനിവാസന്റെ ‘കരം’ പിടിച്ച് ചലച്ചിത്ര താരമായി ഇവാൻ വുക്കൊമനോവിച്ചിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്.
നോബിൾ ബാബു തോമസ് നായകനാകുന്ന ചിത്രം പതിവ് വിനീത് ശ്രീനിവാസൻ സിനിമകളിൽനിന്ന് വ്യത്യസ്തമാകുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വിദേശ രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഏറിയ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാനത്തിനൊപ്പം വിശാഖുമായി ചേര്‍ന്ന് നിര്‍മാണത്തിലും വിനീത് പങ്കാളിയാണ്.
പൂജ റിലീസായി സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ഛായാഗ്രഹണം ജോമോൻ.ടി.ജോൺ ആണ്. ഷാൻ റഹ്മാനാണ് സംഗീതം. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. ലസെയർ വർദുകഡ്സെ, നോബിൾ ബാബു തോമസ്, ഐരാക്ലി സബനാഡ്സേ എന്നിവർ ചേർന്നാണ് സംഘട്ടനരംഗങ്ങളൊരുക്കുന്നത്.
English Summary:








English (US) ·