മുജീബുര്‍റഹ്മാന്‍ കരിയാടന്‍
അങ്കമാലി ഡയറീസില്‍ ഓടിത്തുടങ്ങിയതാണ് ചെമ്പന്‍ വിനോദും സംഘവും. കൂടെയോടാന്‍ തല്ലുമാലയില്‍ നിന്ന് ലുഖ്മാന്‍ അവറാനേയും കൂട്ടി. എന്നിട്ട് എല്ലാവരും കൂടി ഡിസ്‌കോയും കളിച്ചോടി. അങ്കമാലി ഡയറീസിന്റേയും തല്ലുമാലയുടേയും മാരക വേര്‍ഷനാണ് ഡിസ്‌കോയെന്ന് വേണമെങ്കില്‍ പറയാം.
ഡിസ്‌കോ സിനിമയിലെ ഏറ്റവും അനുയോജ്യവും അതിലേറെ ആകര്‍ഷകവുമായ രംഗം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായ കോപ്പര്‍ വി ആന്റ് ഗ്യാങിന്റെ പാട്ട് തന്നെയാണ്. കഥാപാത്രങ്ങളുടെ രൂപം കൊണ്ടും ഭാവം കൊണ്ടും മാത്രമല്ല സിനിമയുടെ കഥ ആവശ്യപ്പെടുന്ന സാഹചര്യംകൊണ്ടും ഈ പാട്ടും വരികളുമല്ലാതെ മറ്റൊന്നും അവിടെ ചേരുകയില്ല. 'ഇതിന്നോ ആദമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി, തോട്ടം സൂക്ഷിപ്പാനോ കായ്കനികള്‍ ഭക്ഷിപ്പാനോ' എന്ന ഗാനം പരമ്പരാഗത മാര്‍ഗംകളി താളവും നാടന്‍ ശൈലിയുമൊക്കെയായാണ് വാമൊഴിയായും നേരത്തെ ഇറങ്ങിയ മൂന്ന് സിനിമകളിലുമൊക്കെ കേട്ടതെങ്കിലും റാപ്പും അടിപൊളി സംഗീതവും പുതിയ വരികളുമൊക്കെയായി അതങ്ങ് തിയേറ്ററില്‍ കത്തിക്കയറുന്നുണ്ട്. സുഹൈല്‍ കോയയും ലെമയും ചേര്‍ന്നെഴുതിയ വരികളും അതിന് മണികണ്ഠന്‍ അയ്യപ്പ ഒരുക്കിയ സംഗീതവും ചെമ്പന്‍ വിനോദും ഹിമ്‌ന ഹിലാരിയും ഹിനിത ഹിലാരിയും നൗഷാദ് തൃശൂരും മണികണ്ഠന്‍ അയ്യപ്പന്‍ ചേര്‍ന്ന് നടത്തിയ ആലാപനവുമെല്ലാം കൂടി ചേരുന്നതോടെ തിയേറ്റര്‍ ഇളകി മറിയും, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫോര്‍ ദി പീപ്പിളില്‍ 'ലജ്ജാവതി' ഉണ്ടാക്കിയ തരംഗം പോലെ. അതോടൊപ്പം സിനിമയിലെ ഒരു ഗ്യാങ് മുഴുവന്‍ സ്‌റ്റൈലിഷ് ഇന്റര്‍നാഷണല്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
അടിയും ഇടിയും ഇരുളും മുഖംമൂടിയുമൊക്കെയായി സിനിമ രണ്ടര മണിക്കൂറിലേറെ നേരം ആക്ഷന്‍, ക്രൈം, ത്രില്ലര്‍ ജോണര്‍ ഇഷ്ടപ്പെടുന്നവരെ കൂടെയിരുത്തും. ഈ ജോണറുകളില്‍ വലിയ താത്പര്യമില്ലാത്തവര്‍ക്ക് ചിലപ്പോഴെങ്കിലും അസഹനീയതയും തോന്നും.
വേഷം കെട്ടിയും മുഖംമൂടിയിട്ടുമൊക്കെയാണ് കൂട്ടത്തല്ലുകള്‍ നടക്കുന്നത് എന്നതിനാല്‍ ആര് ആരെ തല്ലുന്നു എന്നൊന്നും കാഴ്ചക്കാര്‍ക്ക് പൂര്‍ണമായി മനസ്സിലാകണമെന്നില്ല. എങ്കിലും ഒടുവില്‍ കഥാപാത്രങ്ങള്‍ മുഖംമൂടി അഴിച്ച് താനാണതിന് പിന്നിലെന്ന് കാണിച്ചു തരും.
നായകന്മാരില്‍ ഒരാളാണ് ലുഖ്മാന്‍ അവറാനെങ്കിലും സിനിമ തൂക്കിയത് ലുഖ്മാനാണെന്ന് പറയേണ്ടി വരും. തല്ലുമാലയ്ക്ക് ശേഷം ലുഖ്മാന്‍ തന്റെ സകല ശക്തിയും ഭാവവും എടുത്ത് അഭിനയിച്ച കഥാപാത്രമാണ് ഡാര്‍ലിംഗ് മാര്‍ട്ടിന്‍.
ലോക്കല്‍ അധോലോകത്തിനുള്ളില്‍ നടക്കുന്ന കഥയാണ് ചെമ്പന്‍ വിനോദും സഹോദരന്‍ ഉല്ലാസ് ചെമ്പനും കൂടി പറയുന്നത്. രചനയും നിര്‍മാണവും മാത്രമല്ല കൂട്ടത്തിലൊരു നായകന്‍ കൂടിയാണ് ചെമ്പന്‍ വിനോദ്. അതിനോടൊപ്പം ഇതിന്നോ ആദമേ എന്ന ഗാനത്തിന്റെ ആദ്യവരികളും ആലപിച്ചിരിക്കുന്നു.
അധോലോകത്ത് വിഹരിക്കുന്ന വ്യത്യസ്ത ഗ്യാങുകളുടെ കുടിപ്പകയും പരസ്പരം വെട്ടലുകളും ഉള്ളില്‍ നിന്നുള്ള പണികളുമെല്ലാമുള്ള ചേരുംപടി ചേര്‍ന്നൊരു തിരക്കഥയാണ് ചെമ്പന്‍ വിനോദ് തന്റെ സിനിമയ്ക്ക് വേണ്ടി എഴുതിയിരിക്കുന്നത്. അങ്കമാലി ഡയറീസിലേതു പോലെ ഡിസ്‌കോയും ഒരു പ്രത്യേക സമൂഹത്തിനോ ഇതുപോലുള്ള ലോകങ്ങളില്‍ കഴിയുന്നവര്‍ക്കോ ആയിരിക്കും കൂടുതല്‍ മനസ്സിലാവുക. സാധാരണ പ്രേക്ഷകര്‍ക്ക് സംഘട്ടനവും പാട്ടും നൃത്തവും നിറപ്പകിട്ടുമൊക്കെ കണ്ട് ആസ്വദിക്കാമെന്ന് മാത്രം.
കേരളത്തിലും ശ്രീലങ്കയിലുമായാണ് സിനിമയുടെ കഥ നടക്കുന്നത്. കേരളത്തില്‍ എവിടെയാണെന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും കൊല്ലം, തിരുവനന്തപുരം, നാഗര്‍കോവില്‍, കന്യാകുമാരി ഭാഗത്തെവിടെയോ ആയിരിക്കാനാണ് സാധ്യത. തെക്കന്‍ ഭാഗമാണെന്നാണ് മനസ്സിലാവുക. പതിവ് രീതിയില്‍ ഗുണ്ടകളേയും മാഫിയകളേയും ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ഒതുക്കി വെച്ചിട്ടില്ല.
സിനിമ അവതരിപ്പിക്കുന്ന പ്രമേയത്തിലെ വ്യത്യസ്തത പോലെ കഥാപാത്രങ്ങളുടെ പേരിനുമുണ്ട് ഭീകരമായ കൗതുകങ്ങള്‍. പിയൂമി, യൊയോകി, ഔസു തുടങ്ങി ചെമ്പന്‍ വിനോദിന്റെ കഥാപാത്രം ഉള്‍പ്പെടെ അതിവ്യത്യസ്തമായ പേരുകള്‍ കൊണ്ടുനടക്കുന്നവരാണ്.
കഥാപാത്രങ്ങളെല്ലാം ക്രിസ്തുമത വിശ്വാസികളാണെങ്കിലും അവരെല്ലാം മതത്തിന്റെ അന്തസത്തയില്‍ നിന്ന് തെന്നിത്തെറിച്ചു പോയവരാണ്. പെസഹ വ്യാഴത്തിന് ബീഫും ബിയറുമടിക്കുന്ന അവര്‍ക്ക് പറയാനുള്ള ന്യായം അന്ന് വിഷു കൂടിയാണെന്നതാണ്!
കള്ള്, കഞ്ചാവ്, പുകവലി, വെട്ട്, കുത്ത്, കൊലപാതകം, കള്ളക്കടത്ത്, ഗ്യാങ് വാറുകള്‍ തുടങ്ങി സാധാരണ സിനിമയ്ക്ക് അപ്പുറത്തുള്ള ദൃശ്യങ്ങളാണ് സിനിമയിലുടനീളമുള്ളത് എ്ന്നതിനാല്‍ തന്നെ എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഇതിനെല്ലാം പുറമേ വേഷംകൊണ്ടും ചെയ്യാവുന്നത്രയും 'എ' കുത്തിക്കയറ്റിയിട്ടുമുണ്ട്. പിയോമി എന്ന കഥാപാത്രമായി ഗായത്രി സുരേഷ് ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെടുന്നത് മാത്രമല്ല തന്നെ പോലൊരു ചിക്കിനെ ഇങ്ങനെ ചോദ്യം ചെയ്യാനാണോ നിങ്ങള്‍ക്ക് തോ്ന്നിയത്, ഇവിടെ വന്നാല്‍ വെറുതെ പോകുമെന്ന് തോന്നുന്നുണ്ടോ തുടങ്ങി അത്യാവശ്യത്തിന് ദ്വയാര്‍ഥ പ്രയോഗങ്ങളും കയറ്റി വെച്ചിട്ടുണ്ട്. സ്ത്രീ നഗ്നത മാത്രമല്ല പുരുഷ നഗ്നതയ്ക്കും ഒരല്‍പ്പം മാര്‍ക്കറ്റുണ്ടാക്കാന്‍ അടിവസ്ത്രത്തില്‍ പള്ളിക്കുള്ളിലൂടെ ഓടുന്ന നായകന്മാരിലൊരാളും സിനിമയിലുണ്ട്.
മാസ് മേക്കിംഗ് രീതിയാണ് ഡിസ്‌കോയുടേത്. സ്‌ക്രീനില്‍ മാസാകാന്‍ ആവശ്യമുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിവെച്ചിട്ടുണ്ട്. ്അതിന് സാമ്പത്തിക നഷ്ടമൊന്നും നിര്‍മാതാക്കള്‍ പരിഗണിച്ചിട്ടില്ല. വാഹനാപകടവും ഇടിച്ചു തകര്‍ക്കലുമൊക്കെയായി അരങ്ങു കൊഴുപ്പിക്കുന്നുണ്ട്.
അര്‍മോയാണ് ഡിസ്‌കോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചടുല രംഗങ്ങളും സംഘട്ടന രംഗങ്ങളുമെല്ലാം അര്‍മോ ഭംഗിയായി പകര്‍ത്തിയിട്ടുണ്ട്. അതിവേഗത്തിലോടുന്നതാണ് രംഗങ്ങളെന്നതിനാല്‍ വെല്ലുവിളി നിറഞ്ഞ എഡിറ്റിംഗ് രോഹിത് വി എസ് വാരിയത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു. സംഘട്ടനം സിനിമയിലെ പ്രധാന ഭാഗമെന്ന നിലയില്‍ കലൈ കിംഗ്‌സ്റ്റണിന്റെ ആക്ഷന്‍ രംഗങ്ങള്‍ തീവ്രതയേറിയതും മനോഹരവുമായിരുന്നു. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച ശാരീരിക ചലനങ്ങളും സംഘട്ടന മികവും കലൈ കിംഗ്സ്റ്റണ്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. മാര്‍ക്കോയിലേതു പോലെ കണ്ടിരിക്കാനാവാത്ത ചില അതിക്രൂര രംഗങ്ങള്‍ കൂടി ചേരുന്നതാണ് ഡിസ്‌കോ. പേര് ഡിസ്‌കോ എന്നാണെങ്കിലും നൃത്തത്തിനല്ല സംഘട്ടനത്തിലെ താളത്തിനാണ് സിനിമയില്‍ പ്രാധാന്യം.
അഞ്ചക്കള്ളകോക്കാന് ശേഷം ഉല്ലാസ് ചെമ്പന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡിസ്‌കോ. സംവിധായകന്‍ എന്ന നിലയില്‍ ഉല്ലാസ് ചെമ്പന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ അഞ്ചക്കള്ളകോക്കാനെ ഒരു നാടക വണ്ടിയുടെ പേരായി ഡിസ്‌കോയില്‍ കൊണ്ടുവരാനുള്ള താത്പര്യവും അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നു.
ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദും ഫാര്‍സ് ഫിലിംസിന്റെ ബാനറില്‍ അഹമ്മദ് ഗോള്‍ച്ചനും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.




English (US) ·