Published: April 05 , 2025 03:59 PM IST
1 minute Read
മൗണ്ട് മംഗനൂയി∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിന പോരാട്ടവും തോറ്റതോടെ പാക്ക് താരങ്ങളെ ഗ്രൗണ്ടിൽവച്ച് കളിയാക്കിവിട്ട് ആരാധകർ. പരമ്പരയിലെ അവസാന മത്സരം കളിച്ച പാക്കിസ്ഥാനെതിരെ ന്യൂസീലൻഡ് 43 റൺസ് വിജയമാണു നേടിയത്. പരമ്പര 3–0ന് തോറ്റ് നിരാശയോടെ ഡ്രസിങ് റൂമിലേക്കു മടങ്ങുമ്പോഴാണ് പാക്ക് താരങ്ങളെ ആരാധകർ പരിഹസിച്ചത്. ഇതോടെ ഓൾറൗണ്ടർ ഖുഷ്ദിൽ ഷാ ഡഗ് ഔട്ടിലെ മതിൽ ചാടിക്കടന്ന് ആരാധകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സഹതാരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണു പാക്കിസ്ഥാൻ താരത്തെ പിടിച്ചുമാറ്റിയത്.
താരങ്ങളെ വ്യക്തിപരമായി അപമാനിച്ചവരെയാണു ഖുഷ്ദിൽ ഷാ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നാണു വിവരം. അതേസമയം ന്യൂസീലൻഡിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആരോപിച്ചു. കളി കാണാനെത്തിയ രണ്ട് അഫ്ഗാനിസ്ഥാൻ പൗരന്മാരാണ് പാക്കിസ്ഥാൻ താരങ്ങളെ അപമാനിച്ചതെന്നാണു പിസിബിയുടെ കണ്ടെത്തൽ. ഖുഷ്ദിൽ ഷാ ഇവരോട് നിർത്താൻ പറഞ്ഞെങ്കിലും കേട്ടില്ല. തുടർന്നാണ് ഇവരെ കയ്യേറ്റം ചെയ്യാനായി താരം ശ്രമിച്ചതെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിലപാടെടുത്തു.
സംഭവത്തിൽ ന്യൂസീലൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വന്റി20 പരമ്പരയ്ക്കിടെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഖുഷ്ദിൽ ഷായ്ക്കു പിഴ ശിക്ഷ വിധിച്ചിരുന്നു. ബാറ്റിങ്ങിനിടെ ന്യൂസീലൻഡ് ബോളർ സാക് ഫോക്സിനോട് മോശമായി പെരുമാറിയതിന് മാച്ച് ഫീയുടെ 50 ശതമാനം താരത്തിനു പിഴയായി അടയ്ക്കേണ്ടിവന്നു. മോശം പെരുമാറ്റത്തിന്റെ പേരിൽ താരത്തിനെതിരെ ഡിമെറിറ്റ് പോയിന്റും ചുമത്തിയിരുന്നു.
English Summary:








English (US) ·