
ഗോൾ നേടിയ ബയേൺ താരങ്ങളുടെ ആഹ്ലാദം | AP
സിൻസിനാറ്റി (യുഎസ്എ): തകർപ്പൻ ജയത്തോടെയാണ് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക് ക്ലബ് ലോകകപ്പിന് തുടക്കമിട്ടത്. ന്യൂസീലൻഡ് ക്ലബ് ഓക്‌ലൻഡ് സിറ്റിയെയാണ് ബയേൺ തകർത്തെറിഞ്ഞത്. ഏകപക്ഷീയമായ 10 ഗോളുകൾക്കാണ് ജർമൻ വമ്പന്മാരുടെ ജയം. ബയേണിനെതിരേ കളിച്ച ഓക്‌ലൻഡ് സിറ്റിയുടെ താരങ്ങളെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. താത്കാലികമായി മാത്രം പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്ന താരങ്ങളാണ് ഓക്‌ലൻഡ് സിറ്റി നിരയിൽ കളിച്ചത്.
ടീച്ചര്‍മാര്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍, ബാര്‍ബര്‍മാര്‍ തുടങ്ങിയവരാണ് ഓക്‌ലന്‍ഡ് സിറ്റിക്കെതിരേ കളിക്കാനിറങ്ങിയതെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെയില്‍സ് റെപ്പും ഫോര്‍ക്ലിഫ്റ്റ് ഡ്രൈവറുമടക്കം ബയേണിനെതിരേ കളത്തിലിറങ്ങിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലര്‍ കളിക്കാനെത്തിയതാകട്ടെ വേതനരഹിത അവധിയെടുത്താണ്. മറ്റുചിലര്‍ക്ക് ജോലി കാരണം ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഈ താരങ്ങളുമായി കളിക്കാനെത്തിയ ന്യൂസിലൻഡ് ക്ലബിനെ ബയേൺ തകർത്തെറിയുകയായിരുന്നു. മത്സരം ആരംഭിച്ച് ആറാം മിനിറ്റില്‍ തന്നെ ബയേണ്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. കിങ്സ്ലി കൊമാനാണ് ലക്ഷ്യം കണ്ടത്. 18-ാം മിനിറ്റില്‍ സച്ചാ ബോയിയും 21-ാം മിനിറ്റില്‍ മൈക്കേല്‍ ഒലിസെയും ഗോളടിച്ചു. 21-ാം മിനിറ്റില്‍ കൊമാന്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ ജര്‍മനി ഓക്‌ലന്‍ഡ് സിറ്റിയുടെ വലനിറച്ചു. തോമസ് മുള്ളറും ഒലിസെയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി ഏകപക്ഷീയമായ ആറുഗോളുകള്‍ക്ക് ബയേണ്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും ബയേൺ ഗോളടി തുടർന്നു. ജമാൽ മുസിയാല ഹാട്രിക് നേടിയതോടെ സ്കോർ 9-0 ആയി. 67,73,84 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. തോമസ് മുള്ളർ മത്സരത്തിലെ തൻ്റെ രണ്ടാം ഗോൾ കൂടി കണ്ടെത്തിയതോടെ ഓക്‌ലൻഡ് സിറ്റി തരിപ്പണമായി. ഏകപക്ഷീയമായ 10 ഗോൾ വിജയവുമായി ക്ലബ് ലോകകപ്പിലെ ആദ്യ മത്സരം ബയേൺ ഉജ്വലമാക്കി.
ജർമൻ ബുണ്ടസ് ലീഗ് ഇത്തവണ തിരിച്ചുപിടിച്ച ബയേൺ മ്യൂണിക് ക്ലബ് ലോകകപ്പിൽ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2013-ലും 2020-ലും ലോക ക്ലബ് ചാമ്പ്യന്മാരായിരുന്നു ബയേൺ. കഴിഞ്ഞ സീസണിൽ ജർമൻ ലീഗിൽ ബയേർ ലേവർകൂസനോട് കിരീടം നഷ്ടമായിരുന്ന മ്യൂണിക് ടീം സീസണിൽ വൻതിരിച്ചുവരവ് നടത്തിയാണ് കിരീടംചൂടിയത്. ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്‌നിന്റെ 15 വർഷത്തെ കളിജീവിതത്തിലെ ആദ്യകിരീടമാണ് ബുണ്ടസ് ലീഗിൽ ബയേണിനൊപ്പം ഇത്തവണ നേടിയത്.
Content Highlights: bayern bushed Auckland City FC Team Of Barbers Forklift Driver Teachers








English (US) ·