തോറ്റിരുന്നെങ്കിൽ ഇത് ​ഗംഭീറിന്റെ അവസാന ടെസ്റ്റാകുമായിരുന്നു - മുഹമ്മദ് കൈഫ്

5 months ago 6

gambhir oval test

​ഇന്ത്യൻ ഡ്രസ്സിങ് റൂമിലെ വിജയാഹ്ലാദം | X.com/bcci

കെന്നിങ്ടണ്‍: ഓവലിൽ ആറു റൺസിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഇം​ഗ്ലണ്ടിനെതിരായ പരമ്പര സമനിലയിലാക്കിയത്. 374 റൺസ് വിജയലക്ഷ്യവുമായി കളിച്ച ഇംഗ്ലണ്ട് 367 റൺസിന് പുറത്തായി. അവസാന ദിവസം നാലു വിക്കറ്റ് കൈയിലിരിക്കെ 35 റൺസ് വേണ്ടിയിരുന്ന ആതിഥേയർക്ക് 28 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. ഇം​ഗ്ലണ്ട് പര്യടനം പരിശീലകൻ ​ഗൗതം ​ഗംഭീറിനെ സംബന്ധിച്ചും നിർണായകമായിരുന്നു. ഇന്ത്യ തോറ്റിരുന്നെങ്കിൽ ഒരു പരിശീലകൻ എന്ന നിലയിൽ ഇത് അദ്ദേഹത്തിൻ്റെ അവസാനടെസ്റ്റാകുമായിരുന്നുവെന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പ്രതികരിച്ചത്.

'ഈ പര്യടനത്തിൽ ഏറ്റവും കൂടുതൽ സമ്മർദം ​ഗംഭീറിനായിരുന്നു. ഒരു പരിശീലകൻ എന്ന നിലയിൽ, ടെസ്റ്റുകളിൽ അദ്ദേഹം അത്ര വിജയമായിരുന്നില്ല. ഈ ടെസ്റ്റിൽ ഇന്ത്യ തോറ്റിരുന്നെങ്കിൽ, ഏറ്റവും കൂടുതൽ വിമർശനം അദ്ദേഹത്തിന് നേരെയുണ്ടാകുമായിരുന്നു. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെക്കുറിച്ച് മീമുകളുണ്ടാക്കാനും മോശമായി സംസാരിക്കാനും ആളുകൾ കാത്തിരിക്കുകയാണ്. ഒരുപക്ഷേ, ഇന്ത്യ തോറ്റിരുന്നെങ്കിൽ ഒരു പരിശീലകൻ എന്ന നിലയിൽ ഇത് അദ്ദേഹത്തിൻ്റെ അവസാന ടെസ്റ്റാകുമായിരുന്നു. അത്രയധികം സമ്മർദം അദ്ദേഹത്തിനുണ്ടായിരുന്നു.' - മുഹമ്മദ് കൈഫ് തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

'ബുംറയുടെ അഭാവത്തിൽ കുൽദീപ് കളിക്കണമെന്ന് നമ്മളെല്ലാം പറഞ്ഞു. പക്ഷേ ഗംഭീർ ബാറ്റിങ് ഡെപ്ത്തിൽ ഉറച്ചുനിന്നു. എട്ടാം നമ്പർ വരെ ബാറ്റിങ് വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിൻ്റെ തീരുമാനം ശരിയാണെന്ന് തെളിഞ്ഞു. നമ്മൾ ജയിച്ച രണ്ട് ടെസ്റ്റുകളിലും ജഡേജയുടെയും സുന്ദറിൻ്റെയും പങ്ക് നോക്കൂ. ബാറ്റിങ്ങിൽ ശ്രദ്ധകേന്ദ്രീകരിച്ചതിനാൽ റൺസ് നേടാൻ കഴിഞ്ഞു. തുടർന്ന് വിജയിക്കാനായതോടെ പരമ്പര സമനിലയിൽ അവസാനിച്ചു. അതൊരു നല്ല തീരുമാനമായിരുന്നു. ഒരു യുവ ടീമിനൊപ്പമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് എത്രമാത്രം സമ്മർദമുണ്ടായിരുന്നുവെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും.' - കൈഫ് കൂട്ടിച്ചേർത്തു.

ഓവലിൽ ഇം​ഗ്ലണ്ടിനെ എറിഞ്ഞിട്ടതിന് പിന്നാലെ ഇന്ത്യയുടെ ഡ്രസ്സിങ്‌റൂമിലും ആവേശം വാനോളമായിരുന്നു. ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വികാരം നിയന്ത്രിക്കാനായില്ല. സഹപ്രവര്‍ത്തകരെ കെട്ടിപ്പിടിച്ചുകൊണ്ട് ഗംഭീര്‍ ഇന്ത്യയുടെ വിജയനിമിഷത്തില്‍ പങ്കുചേര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

സിറാജ് അവസാന വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യന്‍ ക്യാംപ് പൊട്ടിത്തെറിച്ചു. ഗംഭീര്‍ അസിസ്റ്റന്റ് കോച്ച് ടെന്‍ ഡോഷേറ്റിനെ കെട്ടിപ്പിടിച്ചുകൊണ്ടാണ് വിജയാഘോഷത്തില്‍ അലിഞ്ഞുചേര്‍ന്നത്. പിന്നാലെ ഒപ്പമുള്ളവരെല്ലാം കൂടെ ചേര്‍ന്നു. കെട്ടിപ്പിടിച്ചും കണ്ണീരണിഞ്ഞും ഡ്രസ്സിങ് റൂം ഒന്നടങ്കം ഓവലിലെ ജയം ആഘോഷിച്ചു. ഇത്രത്തോളം വികാരത്തള്ളിച്ചയുമായി വിജയാഘോഷം നടത്തുന്ന ​ഗംഭീറിനെ ഇതിന് മുമ്പ് കണ്ടിട്ടേയില്ല.

Content Highlights: Would Have Been Gautam Gambhirs Last In Tests As Coach says Mohammad Kaif

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article