അബുദാബി: ബാറ്റിങ്ങിലും ബൗളിങ്ങിലും അടിമുടി പരീക്ഷണങ്ങള്‍ നടത്തിയ ഏഷ്യാ കപ്പ് മത്സരത്തില്‍ ഒമാനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ. 21 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഗ്രൂപ്പില്‍ മൂന്ന് കളികളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലേക്ക് മുന്നേറിയത്. 21-ാം തീയതി സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ, പാകിസ്താനെ നേരിടും.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തിരുന്നു. 189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഒമാന്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ശേഷമാണ് കീഴടങ്ങിയത്. ഇന്ത്യയ്‌ക്കെതിരേ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാന്‍ അവര്‍ക്കായി. ഒമാനായി ആമിര്‍ കലീമും ഹമ്മദ് മിര്‍സയും അര്‍ധ സെഞ്ചുറി നേടി.
188 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യ ബൗളിങ്ങിലും പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നു. എട്ടുപേരാണ് ഇന്ത്യയ്ക്കായി പന്തെറിഞ്ഞത്. എങ്കിലും ഒമാന്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.
ഓപ്പണിങ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ജതിന്ദര്‍ സിങ് - ആമിര്‍ കലീം സഖ്യം 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 33 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 32 റണ്‍സെടുത്ത ജതിന്ദറിനെ മടക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ ഹമ്മദ് മിര്‍സയെ കൂട്ടുപിടിച്ച് ആമിര്‍ ഇന്നിങ്‌സ് മൂന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഹര്‍ഷിത് റാണയുടെ പന്തില്‍ ആമിറിനെ മികച്ചൊരു ക്യാച്ചിലൂടെ മടക്കിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ആമിര്‍, 46 പന്തില്‍ നിന്ന് 64 റണ്‍സെടുത്താണ് പുറത്തായത്. രണ്ട് സിക്‌സും ഏഴ് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 33 പന്തുകള്‍ നേരിട്ട ഹമ്മദ് മിര്‍സ രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 51 റണ്‍സെടുത്തു.
മത്സരത്തില്‍ ഇന്ത്യയ്ക്കായി ഒരു വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ് ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടു. ടി20-യില്‍ ഇന്ത്യയ്ക്കായി 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരമാണ് അര്‍ഷ്ദീപ്.
നേരത്തേ ബാറ്റിങ്ങ് ഓര്‍ഡറില്‍ സമ്പൂര്‍ണ പരീക്ഷണം നടത്തിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ സഞ്ജു സാംസണായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 45 പന്തുകള്‍ നേരിട്ട സഞ്ജു മൂന്നു വീതം സിക്‌സും ഫോറുമടക്കം 56 റണ്‍സെടുത്തു. തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച സഞ്ജു പക്ഷേ സ്‌കോറിങ് മോശമാക്കിയില്ല. ബാറ്റിങ്ങില്‍ എല്ലാവര്‍ക്കും അവസരം ലഭിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണത്തില്‍ ഓപ്പണിങ് ഒഴികെ എല്ലാ സ്ഥാനവും മാറി.
അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്ലിന് ഇത്തവണയും തിളങ്ങാനായില്ല. എട്ടു പന്തില്‍ നിന്ന് അഞ്ചു റണ്‍സ് മാത്രമെടുത്ത ഗില്‍ രണ്ടാം ഓവറില്‍ തന്നെ പുറത്തായി. എന്നാല്‍ അഭിഷേക് തനത് ശൈലിയില്‍ തകര്‍ത്തടിച്ചു. രണ്ടാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് അഭിഷേക് മടങ്ങിയത്. 15 പന്തുകള്‍ നേരിട്ട താരം 38 റണ്‍സെടുത്തു. അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തിയായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്.
നാലാമനായി ക്രീസിലെത്തി ഹാര്‍ദിക് പാണ്ഡ്യ (1) നിര്‍ഭാഗ്യകരമായിറണ്ണൗട്ടായി. 13 പന്തില്‍ 26 റണ്‍സെടുത്ത അക്ഷര്‍ പട്ടേലും 18 പന്തില്‍ 29 റണ്‍സെടുത്ത തിലക് വര്‍മയും സ്‌കോറിങ് വേഗത്തിലാക്കി. ശിവം ദുബെ (5) ഇതിനിടെ നിരാശപ്പെടുത്തി. ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒഴികെ എല്ലാവരും ബാറ്റിങ്ങിനിറങ്ങി.
ഒമാനായി ഷാ ഫൈസല്‍, ജിതെന്‍ രാമാനന്ദി, ആമിര്‍ കലീം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: India beats Oman by 21 runs to apical Asia Cup group. Samson stars with 56 runs








English (US) ·