തോല്‍വിയറിയാതെ ഒരു സീസണ്‍; കപ്പടിച്ചില്ലെങ്കിലും കൈയടിക്കാതിരിക്കുന്നതെങ്ങിനെ ഈ കേരള ടീമിന് 

10 months ago 7

സ്വന്തം ലേഖകൻ

02 March 2025, 03:38 PM IST

kerala-ranji-trophy-final

രഞ്ജി ട്രോഫിയിൽ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ

പിന്നില്‍ നിന്ന് പൊരുതിക്കയറി നേടിയ അവിസ്മരണീയ വിജയങ്ങള്‍. ഫൈനല്‍ വരെ തുടര്‍ന്ന ജൈത്രയാത്രയില്‍ എക്കാലവും ഓര്‍മ്മിക്കാവുന്നതും അഭിമാനിക്കാവുന്നതുമായ ഇന്നിങ്സുകളും മൂഹര്‍ത്തങ്ങളും. കേരളത്തിനായി ഹെല്‍മറ്റ് വരെ 'ഫീല്‍ഡ്' ചെയ്ത കാഴ്ച. ഫൈനലിലും വീറോടെ പോരാടി. പക്ഷേ 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് കടത്തില്‍ കന്നി രഞ്ജി കിരീടമെന്ന സ്വപ്നം വീണുടഞ്ഞു. റണ്‍മല താണ്ടാനുള്ള സമയമില്ലാതെ സമനില വഴങ്ങി. വിദര്‍ഭ ചാമ്പ്യന്മാര്‍. കേരളം റണ്ണേഴ്സ് അപ്പ്. മലയാള നാടിന്റെ കന്നി രഞ്ജി കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. ക്വാര്‍ട്ടറിലും സെമിയിലും ഒപ്പം നിന്ന ഭാഗ്യത്തിന്റെ കാറ്റ് ഫൈനലില്‍ അത്ര അനുകൂലമായിരുന്നില്ല. ലീഡ് പ്രതീക്ഷയുടെ വക്കില്‍ സച്ചിന്‍ ബേബിയുടെ അസമയത്തെ ഒരു ഷോട്ട് കളിയുടെ ഗതിമാറ്റി. അല്ലെങ്കില്‍ ഒരുപക്ഷേ കേരളം ലീഡ് പിടിച്ചേനെ. കന്നി കിരീടവും സ്വന്തമായേനെ. അതുപോലെ കരുണ്‍ നായരുടെ ക്യാച്ച് നഷ്ടപ്പെടുത്തിയത് നിര്‍ണായകമായി. കരുണെന്ന വന്മതിലാണ് കേരളത്തിന് കിരീടം കൈയ്യെത്താ ദൂരത്താക്കിയതും വിദര്‍ഭയ്ക്ക് കിരീടം ഉറപ്പിച്ചതും.

എന്തു തന്നെയായാലും തോല്‍വിയുടെ നിരാശയും സങ്കടവും മാറ്റിവെച്ച് ഈ ടീമിന് കൈയടിക്കാം. പേരും പെരുമയും നേടിയ പല വമ്പന്‍ ടീമുകളെയും അട്ടിമറിച്ചാണ് ടീം കേരള ഫൈനല്‍ വരെയെത്തിയത്. അതില്‍ അമയ് ഖുറാസിയ എന്ന പരിശീലകനില്‍ തുടങ്ങി അരങ്ങേറ്റ മത്സരം കളിച്ച അഹമ്മദ് ഇമ്രാന്‍ വരെ അവസരത്തിനൊത്തുയര്‍ന്ന താരങ്ങള്‍. മുന്‍നിര തകര്‍ന്നപ്പോള്‍ മധ്യനിര രക്ഷിച്ചു. അത് രണ്ടും കൈവിട്ടപ്പോള്‍ വാലറ്റം അവസരത്തിനൊത്തുയര്‍ന്നു. ആരും പ്രതീക്ഷ കല്‍പിക്കാത്ത ടീം ഫൈനല്‍ വരെയെത്തി. പ്രതീക്ഷ കൈവിടണ്ട. ഈ ടീം ഇനിയും അത്ഭുതങ്ങള്‍ ആവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കാം. വെറ്ററന്‍താരങ്ങള്‍ക്കൊപ്പം ഒരുപിടി യുവതാരങ്ങളും വരുംകാലത്തേക്ക് കേരളത്തിന് പ്രതീക്ഷ നല്‍കുന്നു. സല്‍മാന്‍ നിസാറിന്റെ ഒറ്റയാള്‍ പോരാട്ടങ്ങള്‍, ക്ഷമയില്‍ കെട്ടിപ്പടുത്ത മുഹമ്മദ് അസ്ഹറുദീന്റെ ക്ലാസിക് സെഞ്ചുറി. ജലജിന്റെയും സര്‍വാതെയുടേയും നിധീഷിന്റെയും പോരാട്ടങ്ങള്‍. ബാലന്‍സ് ഷീറ്റ് തികച്ചും പോസിറ്റീവാണ്. വളരട്ടെ കേരള ക്രിക്കറ്റ്.

ഫോട്ടോ: ബി. മുരളീകൃഷ്ണൻ

രഞ്ജിയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ വല്ലപ്പോഴും സംഭവിക്കുന്ന ചില വിജയങ്ങള്‍. സോണ്‍ അടിസ്ഥാനത്തിലെ കളിച്ചിരുന്ന കാലത്ത് വല്ലപ്പോഴും ഗോവയെ തോല്‍പ്പിച്ചാലായി. അല്ലെങ്കില്‍ ആന്ധ്രയുമായി ഒത്താല്‍ ഒരു സമനില. സൂപ്പര്‍ താരങ്ങളാല്‍ സമ്പന്നമായ തമിഴ്നാടും കര്‍ണാടകവും ഹൈദരബാദും വാഴുന്ന കാലത്ത് അവരോടൊക്കെ വിജയം സ്വപ്നം പോലും കാണാനാകാത്ത കളിക്കാലം. നിയമങ്ങള്‍ മാറി. എലൈറ്റ് ഗ്രൂപ്പ് വന്നു. മികച്ച ടീമുകളുമായി കൂടുതല്‍ കളിക്കാന്‍ അവസരങ്ങള്‍ കൂടുതല്‍ തുറന്നു. ന്യൂനതകള്‍ കണ്ടെത്തി താരങ്ങളെ ഇറക്കുമതി ചെയ്തു. ആദ്യം വാട്മോറും ഇപ്പോള്‍ അമയ് ഖുറാസിയയുടെയും ശിക്ഷണം. വമ്പന്‍ അടികള്‍ക്ക് പേരുകേട്ട ഖുറാസിയ കോച്ചായപ്പോള്‍ ക്ഷമയുടെ ഇന്നിങ്സിന്റെ വക്താവായി. അടിച്ചുകളിക്കാന്‍ ഇഷ്ടപ്പെടുന്ന സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും കേരള ക്രിക്കറ്റ് ലീഗിലും വമ്പനടികള്‍ക്ക് പേരുകേട്ട മുഹമ്മദ് അസ്ഹറുദ്ദീന്‍ 50 ഓവര്‍ ഒറ്റയ്ക്ക് ബാറ്റ് ചെയ്ത് സെമിദൂരം പിന്നിട്ടു. ഒരൊറ്റ റണ്‍ ലീഡിലേക്ക് സല്‍മാനും ബേസില്‍ തമ്പിയും അവസാന വിക്കറ്റില്‍ നടത്തിയ 80 റണ്‍സ് പോരാട്ടം കേരള ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വീരോചിത പോരാട്ടമായിരിക്കാം. ആ ഒരൊറ്റ റണ്ണാണ് കേരളത്തെ സെമിയിലെത്തിച്ചത്. ഹെല്‍മറ്റ് ഫീല്‍ഡ് ചെയ്ത് സഹായിച്ച സെമി കടന്നത് രണ്ട് റണ്‍ ലീഡിന്റെ ദൂരത്തിലാണ്. സംഭവബഹുലമായ സീസണായിരുന്നു. അസ്ഹറുദ്ദീനില്‍ നിന്നും സച്ചിനില്‍ നിന്നും സല്‍മാനില്‍ നിന്നും എന്തിന് അഹമ്മദ് ഇമ്രാനില്‍ നിന്നും ഏദന്‍ ആപ്പിളില്‍ നിന്നും ഇനിയും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. മികച്ച ഒരു പേസര്‍, ജലജിന് ഒരു പകരക്കാരന്‍ മുന്‍നിരയില്‍ ഒരു മികച്ച ബാറ്റര്‍ അടുത്ത സീസണില്‍ ഈ വിടവ് കൂടി നികത്താനാകും കെ.എസി.എ ആലോചിക്കുക.

1994-95 സീസണില്‍ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത്, 2017-18 കാലത്ത് ക്വാര്‍ട്ടര്‍ കളിച്ചത് ഏറ്റവും ഒടുവില്‍ 2018-19 സീസണില്‍ നേടിയ സെമിബര്‍ത്ത്. ഇതില്‍ ഒതുങ്ങി ഇതുവരെ കേരള ക്രിക്കറ്റിന്റെ ചരിത്രം. പക്ഷേ ഇനി അങ്ങനെയാകില്ല. പുതിയ താരോദയങ്ങള്‍ക്ക് ഈ സീസണ്‍ വഴിയൊരുക്കും. മറുനാടന്‍ താരങ്ങള്‍ അടുത്ത സീസണില്‍ കേരളത്തിന് കളിക്കാന്‍ താത്പര്യം പറയും. കേരള താരങ്ങള്‍ക്ക് ആരാധകര്‍ വളരും. ശ്രീശാന്തിനും സഞ്ജുവിനും ശേഷം മലയാളികളെ ഇനിയും ടീം ഇന്ത്യന്‍ ജേഴ്സിയില്‍ കാണാനായേക്കും. ശുഭവാര്‍ത്തകള്‍ക്ക് കാത്തിരിക്കാം. കിരീടം കൈവിട്ട നിരാശയിലും പോസിറ്റീവായ സീസണ്‍. ഒരിക്കല്‍ കൂടി സല്യൂട്ട് ചെയ്യാം ഈ ടീമിനെ അവരുടെ പോരാട്ടത്തിന്.

Content Highlights: Kerala`s Ranji Trophy journey: An unthinkable tally to the finals, contempt a heartbreaking loss

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article