തോളിലെ പരുക്ക് വില്ലനായ കരിയർ, തിരിച്ചുവരവിൽ കിട്ടിയത് ക്യാപ്റ്റൻസി; സഞ്ജുവിന്റെ ചേട്ടൻ സൂപ്പറാ... !

4 months ago 5

അനീഷ് നായർ

അനീഷ് നായർ

Published: September 09, 2025 09:45 AM IST

1 minute Read

സഞ്ജു സാംസണും സലി സാംസണും (കെസിഎ പങ്കുവച്ച ചിത്രം)
സഞ്ജു സാംസണും സലി സാംസണും (കെസിഎ പങ്കുവച്ച ചിത്രം)

തിരുവനന്തപുരം∙ ഐപിഎൽ ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും ചേട്ടൻ സലി സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റനാകട്ടെ എന്ന നിർദേശം ഹെഡ് കോച്ച് റെയ്ഫി വിൻസന്റ് ഗോമസിന്റെതായിരുന്നു. അങ്ങനെ, കെസിഎൽ രണ്ടാം സീസൺ സലിക്കു കളിക്കളത്തിൽ പുനർജീവനത്തിനു വഴിയൊരുക്കി. കൊച്ചി കപ്പ് ഉയർത്തിയതോടെ സഞ്ജുവിന്റെ ചേട്ടൻ എന്നതിനപ്പുറം സലിയും കളിമികവിന്റെ സ്വന്തം മേൽവിലാസമുണ്ടാക്കി. 

വിഴിഞ്ഞത്തുനിന്ന് രണ്ടു ബസ് മാറിക്കയറി തിരുവനന്തപുരം മെഡിക്കൽ കോളജ് ഗ്രൗണ്ടിലെത്തി ബിജു ജോർജിനു കീഴിലായിരുന്നു സഹോദരന്മാരുടെ പരിശീലനം. പേസറായും ബാറ്ററായും തിളങ്ങിയ സലി ആദ്യമെത്തിയത് വയനാട് ടീമിൽ. അണ്ടർ 25 വരെയും തിരുവനന്തപുരംകാരനായ സലി കളിച്ചത് വയനാടിനു വേണ്ടി. അണ്ടർ 19, 22 ടീമുകളുടെ ക്യാപ്റ്റനായിരിക്കെ വയനാടിനെ സംസ്ഥാന ചാംപ്യന്മാരാക്കി. അണ്ടർ 16, 19, 25 സംസ്ഥാന ടീമുകളിലും കളിച്ചു. അണ്ടർ 16 ദക്ഷിണ മേഖലാ ടീമിലും അംഗമായിരുന്നു. 23–ാം വയസ്സിൽ അക്കൗണ്ടന്റ് ജനറൽ (എജീസ്) ഓഫിസിൽ സ്പോർട്സ് ക്വോട്ട നിയമനം ലഭിച്ചു. ഇതിനിടെ 2012ൽ വലതു തോളിനു പരുക്കേറ്റത് തിരിച്ചടിയായി.

ബോളിങ് ബുദ്ധിമുട്ടായതോടെ ബാറ്റിങ്ങിലായി ശ്രദ്ധ. കഴിഞ്ഞ വർഷം ദേശീയ ഏജീസ് ടൂർണമെന്റിൽ കേരള എജീസ് ടീം ആദ്യമായി ചാംപ്യന്മാരായപ്പോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ബാറ്ററായത് സലി. കൊച്ചി ബ്ലൂടൈഗേഴ്സ് കളിച്ചപ്പോഴെല്ലാം അമ്മ ലിജി ഗാലറിയിൽ കളി കാണാനുണ്ടായിരുന്നു. കപ്പ് ഉയർത്തുന്ന നിമിഷത്തിനു സാക്ഷിയാവാൻ ഭാര്യ ശിൽപ, മകൾ ഹെയ്സൽ, സഞ്ജുവിന്റെ ഭാര്യ ചാരുലത തുടങ്ങിയവരും സ്റ്റേഡിയത്തിലെത്തി.

English Summary:

Saly Samson's Stellar Captaincy Powers Kochi Blue Tigers to KCL Championship Title

Read Entire Article