
ഇന്ത്യൻ ഡ്രസ്സിങ് റൂമിലെ വിജയാഹ്ലാദം | X.com/bcci
കെന്നിങ്ടണ്‍: ഓവലിൽ ആറുറൺസിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പര സമനിലയിലാക്കിയത്. 374 റൺസ് വിജയലക്ഷ്യവുമായി കളിച്ച ഇംഗ്ലണ്ട് 367 റൺസിന് പുറത്തായി. അവസാനദിവസം നാലുവിക്കറ്റ് കൈയിലിരിക്കെ 35 റൺസ് വേണ്ടിയിരുന്ന ആതിഥേയർക്ക് 28 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടതിന് പിന്നാലെ ഇന്ത്യയുടെ ഡ്രസ്സിങ്‌റൂമിലും ആവേശം വാനോളമായിരുന്നു. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വികാരം നിയന്ത്രിക്കാനായില്ല. സഹപ്രവര്‍ത്തകരെ കെട്ടിപ്പിടിച്ചുകൊണ്ട് ഗംഭീര്‍ ഇന്ത്യയുടെ വിജയനിമിഷത്തില്‍ പങ്കുചേര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും ഇന്ത്യയുടെ ഡ്രസ്സിങ് റൂമില്‍ നിന്ന് ആരവങ്ങളുയര്‍ന്നു. ഓരോ പന്തും സസൂക്ഷ്മമാണ് ഗംഭീറും സംഘവും നിരീക്ഷിച്ചത്. ഡ്രസ്സിങ് റൂമില്‍ നെഞ്ചിടിപ്പോടെയാണ് ഇന്ത്യന്‍ സംഘം കളി കണ്ടത്. അത് ദൃശ്യങ്ങളില്‍ വ്യക്തവുമാണ്. ഒടുവില്‍ സിറാജ് അവസാന വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യന്‍ ക്യാംപ് പൊട്ടിത്തെറിച്ചു.
ഗംഭീര്‍ അസിസ്റ്റന്റ് കോച്ച് ടെന്‍ ഡോഷേറ്റിനെ കെട്ടിപ്പിടിച്ചുകൊണ്ടാണ് വിജയാഘോഷത്തില്‍ അലിഞ്ഞുചേര്‍ന്നത്. പിന്നാലെ ഒപ്പമുള്ളവരെല്ലാം കൂടെ ചേര്‍ന്നു. കെട്ടിപ്പിടിച്ചും കണ്ണീരണിഞ്ഞും ഡ്രസ്സിങ് റൂം ഒന്നടങ്കം ഓവലിലെ ജയം ആഘോഷിച്ചു. ഇത്രത്തോളം വികാരത്തള്ളിച്ചയുമായി വിജയാഘോഷം നടത്തുന്ന ഗംഭീറിനെ ഇതിന് മുമ്പ് കണ്ടിട്ടേയില്ല. ആ വികാരങ്ങളെല്ലാം ഉള്ളടങ്ങുന്നതായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
ചിലപ്പോള്‍ ഞങ്ങള്‍ ജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും. എന്നാല്‍ ഒരിക്കലും കീഴടങ്ങില്ല. - ഗംഭീര്‍ കുറിച്ചു.
അവസാനദിവസം കളത്തിലിറങ്ങുമ്പോൾ ഇന്ത്യക്കും ഇംഗ്ലണ്ടിനും ജയിക്കാൻ ഒരുപോലെ അവസരമുണ്ടായിരുന്നു. എന്നാൽ, അഞ്ചുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലുവിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇംഗ്ലണ്ട് വാലറ്റത്തെ വീഴ്ത്തിയാണ് ജയം പിടിച്ചെടുത്തത്.
ആറിന് 339 റൺസെന്നനിലയിലാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. നാലുവിക്കറ്റ് കൈയിലിരിക്കെ വേണ്ടത് 35 റൺസ്. അഞ്ചാം ദിനത്തിലെ ആദ്യ ഓവറിൽ പ്രസിദ്ധ് കൃഷ്ണയെ രണ്ടു ഫോറടിച്ച് ജാമി ഓവർട്ടൺ ഇംഗ്ലണ്ടിന് നല്ല തുടക്കംനൽകി. എന്നാൽ, തൊട്ടടുത്ത ഓവറിന്റെ മൂന്നാം പന്തിൽ സിറാജ്, ജാമി സ്മിത്തിനെ (2) ധ്രുവ് ജുറെലിന്റെ കൈയിലെത്തിച്ച് ഇന്ത്യക്ക് ആശിച്ച വിക്കറ്റുനൽകി. ഇതോടെ ഇംഗ്ലണ്ട് ഏഴിന് 347 എന്നനിലയിലായി. തൊട്ടടുത്ത പന്തിൽ ഗസ് അറ്റ്കിൻസൻ സ്ലിപ്പിൽ നൽകിയ ക്യാച്ചെടുക്കാൻ കെ.എൽ. രാഹുലിനായില്ല.
പ്രസിദ്ധ് കൃഷ്ണയുടെ അടുത്ത ഓവറിൽ നാലുറൺസ് വന്നതോടെ ഇന്ത്യ സമ്മർദത്തിലായി. എന്നാൽ, 80-ാം ഓവറിന്റെ അഞ്ചാം പന്തിൽ ജാമി ഓവർട്ടണിനെ (ഒൻപത്) വിക്കറ്റിനുമുന്നിൽ കുരുക്കി സിറാജ് ഇംഗ്ലണ്ടിന് വീണ്ടും പ്രഹരമേൽപ്പിച്ചു. 83-ാം ഓവറിന്റെ അവസാനപന്തിൽ ജോഷ് ടങ്ങിനെ (പൂജ്യം) ബൗൾഡാക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയുടെ വിജയത്തിലേക്കുള്ള ദൂരം കുറച്ചു. ടങ് പുറത്തായതോടെയാണ് വോക്‌സ് പരിക്കേറ്റ ഇടംകൈ ജാക്കറ്റിനുള്ളിലാക്കി ക്രിസിലേക്കെത്തിയത്. ഓവലിലെ തിങ്ങിക്കൂടിയ ജനം ഒന്നടങ്കം എഴുന്നേറ്റ് അദ്ദേഹത്തെ കൈയടികളോടെ വരവേറ്റു.
അടുത്ത ഓവറിൽ സിറാജിനെ സിക്‌സിനുപറത്തി അറ്റ്കിൻസൻ ഇംഗ്ലണ്ടിന് പ്രതീക്ഷനൽകി. തുടർന്ന് രണ്ടോവർ വോക്‌സിന് സ്‌ട്രൈക്ക് നൽകാതെ അറ്റ്കിൻസൻ കളിതുടർന്നു. ക്രീസില്‍ 16 മിനിറ്റ് ഉണ്ടായിരുന്നിട്ടും ഒരു പന്ത് പോലും നേരിട്ടില്ലെങ്കിലും, ഗസ് അറ്റ്കിന്‍സണെ സ്‌ട്രൈക്കില്‍ നിര്‍ത്താന്‍ സഹായിച്ച നിര്‍ണായകമായ രണ്ട് സിംഗിളുകള്‍ വോക്‌സ് ഓടിയെടുത്തു. മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും തന്ത്രപരമായ രണ്ട് നീക്കങ്ങളായിരുന്നു അത്. ഒടുവിൽ 86-ാം ഓവറിന്റെ ആദ്യപന്തിൽ മുഹമ്മദ് സിറാജ് തൊടുത്തുവിട്ട യോർക്കറിൽ അറ്റ്കിൻസന്റെ (17) പ്രതിരോധം തകർന്നു. പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്‌റ്റൈലിൽ വിക്കറ്റ് നേട്ടം ആഘോഷമാക്കി സിറാജും ഇന്ത്യൻ ടീമും വിജയാഘോഷം ആരംഭിച്ചു.
Content Highlights: gautam gambhir uncommon emotions dressing country oval test








English (US) ·