14 August 2025, 12:52 PM IST

Photo | AFP
കറാച്ചി: ക്രിക്കറ്റില്‍ പാകിസ്താന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. കഴിഞ്ഞദിവസം അവസാനിച്ച വെസ്റ്റ് ഇന്‍ഡീസ് പര്യടനവും ഒട്ടും ആശ്വാസം പകര്‍ന്നില്ല. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് മറുനാട്ടില്‍ വന്‍ വരവറിയിച്ചെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളും തോല്‍ക്കാനായിരുന്നു വിധി. പരമ്പര ആര്‍ക്കെന്ന് നിര്‍ണയിച്ച അവസാന മത്സരത്തിലാവട്ടെ, 202 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ചരിത്രത്തിലാദ്യമായാണ് ഇത്രയും റണ്‍സിന് തോല്‍ക്കുന്നത്. ടീമില്‍ അഞ്ചുപേര്‍ ഡക്കായി മടങ്ങിയിരുന്നു. വിന്‍ഡീസ് ഉയര്‍ത്തിയ 295 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍, 29.2 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ടായി.
തോല്‍വിക്കുപിന്നാലെ പാക് ടീമിനെതിരേ അതിരൂക്ഷവിമര്‍ശനം അഴിച്ചുവിട്ടിരിക്കുകയാണ് മുന്‍താരങ്ങള്‍. നാട്ടിലെ പിച്ചുകള്‍ എല്ലായിടത്തും കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മുന്‍ താരം ഷുഐബ് അക്തര്‍ പ്രതികരിച്ചു. കളിയോടുള്ള മാനസികമായ സമീപനത്തില്‍ മാറ്റംവരുത്തണം. ആധുനിക ക്രിക്കറ്റിനനുസരിച്ച് വേണം കളിക്കാന്‍. അതു മനസ്സിലാക്കാന്‍ എന്താണിത്ര ബുദ്ധിമുട്ട്? കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷമായി എല്ലാവരും അവരവര്‍ക്കുവേണ്ടിയാണ് കളിക്കുന്നത്. രാജ്യത്തിനായി മത്സരം ജയിക്കണമെന്ന ഉദ്ദേശ്യമാണ് വേണ്ടതെന്നും അക്തര്‍ പറഞ്ഞു.
എന്നാല്‍, മുന്‍താരം ബാസിത് അലി ഒരു പടികൂടി കടന്ന് വിമര്‍ശനമുന്നയിച്ചു. ഏഷ്യാകപ്പിലും പാകിസ്താനെതിരേ കളിക്കാന്‍ ഇന്ത്യ കളിക്കാന്‍ തയ്യാറാവാതിരിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാകപ്പില്‍നിന്ന് ബിസിസിഐ പിന്മാറുമെന്നാണ് പ്രതീക്ഷ. അത് പാകിസ്താനെ കളിക്കളത്തിലെ ഒരു നാണക്കേടില്‍നിന്ന് രക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ലോക ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിലേതുപോലെ ഏഷ്യാ കപ്പിലും പാകിസ്താനെതിരേ കളിക്കാന്‍ ഇന്ത്യ വിസമ്മതിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുകയാണ്. സങ്കല്പിക്കാന്‍ പോലും കഴിയാത്ത വിധം പരിതാപകരമായി അവര്‍ നമ്മളെ തോല്‍പ്പിക്കും', -ബാസിത്ത് പറഞ്ഞു.
Content Highlights: est Indies Rout Pakistan successful Series Decider: Former Cricketers Express Asia Cup Concerns








English (US) ·