
ഗൗതം ഗംഭീറും അഭിഷേക് നായരും | AFP
ന്യൂഡല്‍ഹി: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിനു പിന്നാലെ ഇന്ത്യയുടെ കോച്ചിങ് സ്റ്റാഫുകളില്‍ അഴിച്ചുപണി നടത്തി ബിസിസിഐ. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍, ഫീല്‍ഡിങ് കോച്ച് ടി. ദിലീപ്, ട്രെയിനര്‍ സോഹം ദേശായി എന്നിവരെയാണ് പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയുടെ അഡ്രിയാന്‍ ലി റോക്‌സ് പുതിയ ട്രെയിനറായി ചുമതലയേല്‍ക്കും. മറ്റു രണ്ടു സ്ഥാനങ്ങളില്‍ തത്കാലം നിയമനമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം ചുമതലകള്‍ മറ്റു സ്റ്റാഫുകള്‍ക്ക് വീതിച്ചുനല്‍കും.
മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വലംകൈയായിരുന്നു അഭിഷേക് നായര്‍. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ഗംഭീര്‍ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായെത്തിയപ്പോള്‍ അഭിഷേകിനെ സഹപരിശീലകനായി നിയമിച്ചു. കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയയോടും ന്യൂസീലന്‍ഡിനോടും ടെസ്റ്റ് പരമ്പരയില്‍ നിറംമങ്ങിയ പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഇത് കണക്കിലെടുത്താണ് കോച്ചിങ് സ്റ്റാഫുകളില്‍ അഴിച്ചുപണി നടത്തുന്നത്. ജൂണിലെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായുള്ള നീക്കംകൂടിയാണിത്. ബൗളിങ് കോച്ച് മോര്‍ണി മോര്‍ക്കല്‍, ഗംഭീറിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലുണ്ടായിരുന്ന നെതര്‍ലന്‍ഡ്‌സ് താരം റിയാന്‍ ടെന്‍ ഡോഷെറ്റെ എന്നിവര്‍ ചുമതലയില്‍ തുടരും.
കഴിഞ്ഞവര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിന മത്സര സമയത്താണ് അഭിഷേക് നായരും റിയാന്‍ ടെന്‍ ഡോഷെറ്റെയും സപ്പോര്‍ട്ട് സ്റ്റാഫിലെത്തുന്നത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്തുള്ള മുന്നേറ്റം കാണാനായില്ല. അസിസ്റ്റന്റ് കോച്ചായി എട്ടു മാസങ്ങള്‍ക്കു ശേഷമാണ് അഭിഷേക് പുറത്താവുന്നത്. ടെസ്റ്റ് പരമ്പരകളിലെ തോല്‍വികള്‍ക്ക് പുറമേ ടീമിലെ ആഭ്യന്തര കലഹങ്ങളും ഡ്രസ്സിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ന്നതുമെല്ലാം പുറത്താവലിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡ്രസ്സിങ് റൂം ചോര്‍ച്ച
മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ഗൗതം ഗംഭീര്‍ ടീമംഗങ്ങളോട് ഈര്‍ഷ്യയോടെ പെരുമാറിയിരുന്നു. ആരും സാഹചര്യമനുസരിച്ച് കളിക്കുന്നില്ലെന്നും സ്വാഭാവികമായ കളിയാണ് പുറത്തെടുക്കുന്നതെന്നുും ഉള്‍പ്പെടെ വിമര്‍ശിച്ച ഗംഭീര്‍, തനിക്ക് മതിയായെന്നും പറഞ്ഞിരുന്നു. ഡ്രസ്സിങ് റൂമിലെ സംഭാഷണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടി.
ഇത് ഗംഭീറിനെ വീണ്ടും ചൊടിപ്പിച്ചു. കോച്ചും കളിക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ സ്വകാര്യമായിരിക്കണമെന്നും പുറത്തുവന്നതൊന്നും വസ്തുതകളല്ലെന്നും സിഡ്‌നി ടെസ്റ്റിന് മുന്നോടിയായി ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ബിസിസിഐ അവലോകന യോഗത്തില്‍ ഗംഭീര്‍ ചോര്‍ച്ചയ്ക്ക് കാരണമായത് സര്‍ഫറാസ് ഖാനാണെന്നും കുറ്റപ്പെടുത്തി.
Content Highlights: bcci sacks gautam gambhirs assistants abhishek nair andt dilip








English (US) ·