തോൽവിക്കരികെ ഇൻജറി ടൈമിൽ സമനില ഗോൾ, എക്സ്ട്രാ ടൈമിൽ വിജയഗോളും; ഗോൾമഴയ്‌ക്കൊടുവിൽ ബാർസയെ വീഴ്ത്തി ഇന്റർ മിലാൻ ഫൈനലിൽ

8 months ago 10

മനോരമ ലേഖകൻ

Published: May 07 , 2025 03:23 AM IST Updated: May 07, 2025 04:00 AM IST

2 minute Read

inter-milan-celebration
എക്‌സ്‌ട്രാ ടൈം ഗോളിൽ ബാർസിലോനയെ വീഴ്ത്തി ചാംപ്യൻസ് ലീഗ് ഫൈനലിൽ കടന്ന ഇന്റർ മിലാൻ താരങ്ങളുടെ ആഹ്ലാദം (യുസിഎൽ പങ്കുവച്ച ചിത്രം)

മിലാൻ ∙ ആവേശം ഗോളുകളായി പെയ്തുവീണ നാടകീയ പോരാട്ടത്തിൽ സ്പാനിഷ് വമ്പൻമാരായ ബാർസിലോനയെ തകർത്ത് ഇന്റർ മിലാൻ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ. രണ്ടാം പാദ സെമിയിൽ ബാർസിലോനയെ സ്വന്തം തട്ടകത്തിൽ 4–3ന് മറികടന്നാണ് ഇന്റർ മിലാന്റെ ഫൈനൽ പ്രവേശം. ബാർസയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദ പോരാട്ടം 3–3ന് സമനിലയിൽ അവസാനിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 7–6ന്റെ ലീഡ് നേടിയാണ് ഇന്റർ മിലാൻ കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. നാളെ പുലർച്ചെ നടക്കുന്ന പിഎസ്‍ജി – ആർസനൽ രണ്ടാം സെമിഫൈനൽ വിജയികളുമായി ഇന്റർ മിലാൻ ഫൈനലിൽ ഏറ്റുമുട്ടും.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇന്റർ മിലാൻ 2–0ന് മുന്നിലായിരുന്നു. ഇന്റർ മിലാനായി ക്യാപ്റ്റൻ ലൗത്താരോ മാർട്ടിനസ് (21–ാം മിനിറ്റ്), ഹാകൻ കൽഹനോഗ്ലു (45–ാം മിനിറ്റ്, പെനൽറ്റി), ഫ്രാൻസെസ്കോ അസെർബി (90'+3), ഡേവിഡ് ഫ്രട്ടേസി (99–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. ബാർസയ്ക്കായി എറിക് ഗാർഷ്യ (54–ാം മിനിറ്റ്), ഡാനി ഒൽമോ (60), റാഫീഞ്ഞ (87) എന്നിവരും ഗോൾ നേടി.

ഗോൾപോസ്റ്റിനു മുന്നിൽ അസാമാന്യ സേവുകളുമായി മിന്നിത്തിളങ്ങിയ ഗോൾകീപ്പർ യാൻ സോമറിന്റെ പ്രകടനവും രണ്ടാം പാദ സെമിയിൽ ഇന്ററിന് തുണയായി. ബാർസയ്‌ക്കെതിരായ സെമി പോരാട്ടത്തിന്റെ ഇരു പാദങ്ങളിലുമായി ആകെ 14 സേവുകളാണ് യാൻ യോമർ നടത്തിയത്. ഇതിൽ രണ്ടാം പാദ സെമിയിൽ ബാർസയുടെ ടീനേജ് വിസ്മയം ലമീൻ യമാലിന്റെ ഗോളെന്നുറപ്പിച്ച ഷോട്ടും ഉൾപ്പെടുന്നു.

ഇന്റർ മിലാൻ ആധിപത്യം പുലർത്തിയ ആദ്യപകുതി, ബാർസിലോന മേധാവിത്തം തിരിച്ചുപിടിച്ച രണ്ടാം പകുതി – രണ്ടാം പാദ സെമി പോരാട്ടത്തെ ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ആദ്യപകുതിയിൽ 2–0ന് മുന്നിൽക്കയറിയ ഇന്റർ മിലാനെ രണ്ടാം പകുതിയിൽ 3 ഗോൾ തിരിച്ചടിച്ച് ബാർസ തോൽവിയുടെ വക്കിലെത്തിച്ചതാണ്. ബാർസയുടെ പ്രതിരോധം പൊളിച്ചടുക്കി ക്യാപ്റ്റൻ ലൗത്താരോ മാർട്ടിനസ് നേടിയ ഗോളും, വിവാദച്ചുവയുള്ള പെനൽറ്റിയിൽനിന്ന് കൽഹനോഗ്ലു നേടിയ ഗോളും ചേർന്നതോടെയാണ് ആദ്യ പകുതിയിൽ ഇന്റർ മിലാൻ 2–0ന് മുന്നിലെത്തിയത്.

രണ്ടാംപകുതിയിൽ കണ്ടത് പക്ഷേ, തീർത്തും വ്യത്യസ്തരായ ബാർസിലോനയെ. രണ്ടാം പകുതിയുടെ കിക്കോഫ് വിസിൽ മുതൽ ആക്രമിച്ചു കളിച്ചതിന്റെ പ്രതിഫലമായി വെറും ആറു മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ച് ബാർസ ഇന്ററിന് ഒപ്പമെത്തി. ഇന്റർ പ്രതിരോധത്തെ കാഴ്ചക്കാരാക്കി 54–ാം മിനിറ്റിൽ എറിക് ഗാർഷ്യയുടെ തകർപ്പൻ ഫിനിഷിലൂടെയായിരുന്നു ആദ്യ ഗോൾ. ആറു മിനിറ്റിനുള്ളിൽ ഡാനി ഒൽമോയുടെ ബുള്ളറ്റ് ഹെഡർ വീണ്ടും ഇന്റർ വല തുളച്ചതോടെ മത്സരം സമാസമം.

മത്സരം എക്സ്ട്രാ ടൈമിലേക്ക് എന്ന് ഉറപ്പിച്ചിരിക്കെ 87–ാം മിനിറ്റിൽ റാഫീഞ്ഞ നേടിയ ഗോൾ ബാർസയെ വിജയത്തിന് അരികിലെത്തിച്ചു. റാഫീഞ്ഞയുടെ ആദ്യ ഷോട്ട് ഗോൾകീപ്പർ തടഞ്ഞെങ്കിലും റീബൗണ്ടിൽനിന്ന് താരം തൊടുത്ത ഷോട്ട് യാൻ സോമറിന് യാതൊരു അവസരവും നൽകാതെ വലയിലെത്തി. ഇരുപാദങ്ങളിലുമായി ആകെ 13 ഗോളുകൾ പിറന്ന സെമിപോരാട്ടത്തിൽ, ബാർസ ലീ‍ഡ് നേടിയ ഒരേയൊരു സന്ദർഭം കൂടിയായി ഇത്.

🚨🇪🇺 GOAL | Inter 3-3 Barcelona | Acerbi

ACERBI HAS EQUALIZED IN THE 93RD MINUTE FOR INTER !!!!!!!!!!!!!!!!!!!!!!!!!!!! THIS IS INCREDIBLE !!!!!!!!!!!!!!!!!!!!!!!!!!!!! pic.twitter.com/lOLUEUyGlX

— F90 Football (@Focus90FC) May 6, 2025

ഈ ഗോളോടെ ബാർസ വിജയം ഉറപ്പിച്ചെങ്കിലും, ഇൻജറി ടൈമായി അനുവദിച്ച അഞ്ച് മിനിറ്റുകൊണ്ട് ഇന്റർ മിലാൻ മത്സരചിത്രം തന്നെ മാറ്റിക്കളഞ്ഞു. തോൽവിയുടെ വക്കിൽ നിൽക്കെ ഡെൻസൽ ഡുംഫ്രീസിന്റെ തകർപ്പൻ പാസിന് അതിലും ഉജ്വലമായി ഗോളിലേക്ക് വഴികാട്ടിയ 37കാരൻ ഫ്രാൻസെസ്കോ അസെർബിയാണ് സമനില ഗോളുമായി ഇന്ററിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അസെർബിയുടെ ഗോളോടെ അനിവാര്യമായി മാറിയ എക്സ്‌ട്രാ ടൈമിൽ പകരക്കാരൻ താരം ഡേവിഡ് ഫ്രട്ടേസി നേടിയ ഗോളോടെ ബാർസയുടെ നെഞ്ചുലച്ച് ഇന്റർ മിലാൻ ഫൈനലിലേക്ക്.

🚨🇪🇺 GOAL | Inter 4-3 Barcelona | Frattesi

FRATTESI HAS GIVEN INTER THE LEAD IN THE 99TH MINUTE OF EXTRA TIME !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! pic.twitter.com/cGLi4zJTi0

— F90 Football (@Focus90FC) May 6, 2025

English Summary:

Inter Milan Vs Barcelona, UEFA Champions League 2024-25, Semi Final 2nd Leg - Live Updates

Read Entire Article