Published: November 01, 2025 04:57 PM IST Updated: November 01, 2025 05:04 PM IST
1 minute Read
മെൽബൺ ∙ ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലെ വമ്പൻ തോൽവിക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറും തമ്മിലുള്ള ചർച്ചയുടെ വിഡിയോ. മത്സരശേഷം ഗ്രൗണ്ടിനു സമീപം നിന്നുകൊണ്ട് ഇരുവരും നടത്തുന്ന ഗൗരവമായ സംഭാഷണത്തിന്റെ വിഡിയോ ആണ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. മത്സരഫലത്തിൽ വളരെ നിരാശനായാണ് ഗംഭീറിനെ വിഡിയോയിൽ കാണുന്നത്. ഇടയ്ക്ക് ക്ഷുഭിതനായി സംസാരിക്കുമ്പോൾ വളരെ ശാന്തമായാണ് സൂര്യകുമാർ യാദവ് മറുപടി നൽകുന്നത്. അസിസ്റ്റന്റ് കോച്ചുമാരായ മോൺ മോർക്കൽ, റയാൻ ടെൻ ദോഷെറ്റ് എന്നിവരും സന്നിഹിതരായിരുന്നു.
എംസിജെ സ്റ്റേഡിയത്തിൽ നാലു വിക്കറ്റിനാണ് ഓസ്ട്രേലിയയോട് ഇന്ത്യ തോൽവി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 18.4 ഓവറിൽ 125ന് പുറത്താക്കിയ ഓസ്ട്രേലിയ 13.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയ 13.2 ഓവറിൽ 6ന് 126. നാല് ഓവറിൽ 13 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഇന്ത്യൻ നിരയിൽ അഭിഷേക് ശർമയ്ക്കും (37 പന്തിൽ 68) ഹർഷിത് റാണയ്ക്കും (33 പന്തിൽ 35) ഒഴികെ മറ്റാർക്കും രണ്ടക്കം കടക്കാൻ സാധിച്ചില്ല. ജയത്തോടെ 5 മത്സര ട്വന്റി20 പരമ്പരയിൽ ഓസീസ് 1–0ന് മുന്നിലെത്തി. നാളെ ഹൊബാർട്ടിലാണ് മൂന്നാം മത്സരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ പന്തിൽ തന്നെ ശുഭ്മൻ ഗില്ലിനെ (10 പന്തിൽ 5) നഷ്ടപ്പെടേണ്ടതായിരുന്നു. ജോഷ് ഹെയ്സൽവുഡിന്റെ ഇൻ സ്വിങ്ങറിൽ ഗിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും റിവ്യൂവിൽ രക്ഷപ്പെട്ടു. എന്നാൽ തന്റെ അടുത്ത ഓവറിൽ ഗില്ലിനെ വീഴ്ത്തിയ ഹെയ്സൽവുഡ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേൽപിച്ചു. മാലപ്പടക്കത്തിന് തിരികൊളുത്തിയതു പോലെയായിരുന്നു പിന്നീടങ്ങോട്ട് ഇന്ത്യൻ ബാറ്റിങ്ങിന്റെ അവസ്ഥ. മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ സഞ്ജു സാംസൺ (2), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (1), തിലക് വർമ (0) എന്നിവർ വന്നതിനെക്കാൾ വേഗത്തിൽ മടങ്ങി. 7.4 ഓവർ പിന്നിടുമ്പോൾ 5ന് 49 എന്ന നിലയിലായിരുന്നു ഇന്ത്യ. ആറാം വിക്കറ്റിൽ ഹർഷിത്– അഭിഷേക് സഖ്യം കൂട്ടിച്ചേർത്ത 56 റൺസാണ് ഇന്ത്യൻ സ്കോർ 100 കടത്തിയത്.
126 റൺസ് ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് മിന്നും തുടക്കമാണ് മിച്ചൽ മാർഷ് (26 പന്തിൽ 46)– ട്രാവിസ് ഹെഡ് (15 പന്തിൽ 28) സഖ്യം നൽകിയത്. ആദ്യ ഓവർ മുതൽ ആഞ്ഞടിച്ച ഇരുവരും ചേർന്ന് ഓസീസ് സ്കോർ ബോർഡ് അനായാസം മുന്നോട്ടുനീക്കി. ഒന്നാം വിക്കറ്റിൽ 51 റൺസ് ചേർത്ത സഖ്യം ആതിഥേയരുടെ അടിത്തറ ഭദ്രമാക്കി. ഹെഡിനെ വരുൺ ചക്രവർത്തി വീഴ്ത്തിയെങ്കിലും മറുവശത്ത് മാർഷ് അനായാസം റൺസ് കണ്ടെത്തിക്കൊണ്ടിരുന്നു. 8–ാം ഓവറിൽ മാർഷ് പുറത്താകുമ്പോൾ സ്കോർ 86ൽ എത്തിയിരുന്നു. പിന്നാലെ ടിം ഡേവിഡ് (1), ജോഷ് ഇൻഗ്ലിസ് (20 പന്തിൽ 20), മിച്ചൽ ഓവൻ (10 പന്തിൽ 14), മാത്യു ഷോർട് (0) എന്നിവരെ വീഴ്ത്തിയ ഇന്ത്യ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പ്രതിരോധിച്ചു ജയിക്കാൻ മാത്രമുള്ള റൺസ് ബാക്കിയില്ലായിരുന്നു.
English Summary:








English (US) ·