08 July 2025, 09:22 AM IST

Photo: x.com/ICC, Getty Images
ബുലാവായോ: വിയാൻ മുൾഡറുടെ ഇന്നിങ്‌സ് ഡിക്ലറേഷനിൽ രണ്ടുതട്ടിലായിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. സാക്ഷാൽ ബ്രയാൻ ലാറയുടെ 400 റൺസെന്ന ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ മറികടക്കാൻ അവസരമുണ്ടായിട്ടും താത്‌കാലിക ക്യാപ്റ്റൻകൂടിയായ മുൾഡർ ഇന്നിങ്‌സ് ഡിക്ലയർചെയ്തതാണ് ചൂടുള്ളചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. 334 പന്തിൽ പുറത്താകാതെ 367 റൺസാണ് ഇന്നിങ്‌സ് അവസാനിപ്പിക്കുമ്പോൾ മുൾഡർ നേടിയിരുന്നത്. സിംബാബ്‌വേക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലായിരുന്നു തകർപ്പൻ ട്രിപ്പിൾ സെഞ്ചുറി പ്രകടനം. ദക്ഷിണാഫ്രിക്ക ആറിന് 626 റൺസെന്നനിലയിലാണ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്.
109.88 പ്രഹരശേഷിയിൽ കളിച്ചുകൊണ്ടിരുന്ന മുൾഡർ ലാറയുടെ റെക്കോഡിന് ഭീഷണിയായിരുന്നു. ദുർബലമായ സിംബാബ്‌വേ ബൗളിങ്ങും താരത്തിന്റെ മാരക ഫോമും ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോഡ് സൃഷ്ടിക്കുമെന്ന് കരുതിയപ്പോഴാണ് അപ്രതീക്ഷിത ഡിക്ലറേഷൻവന്നത്. മുൾഡറുടെ തീരുമാനം ലാറയോടുള്ള ബഹുമാനസൂചകമാണെന്നും ടീമിനായുള്ള ത്യാഗമാണെന്നുമുള്ള വാഴ്ത്തപ്പെടലുകൾക്കൊപ്പംതന്നെ കടുത്തവിമർശനവും ഉയരുന്നുണ്ട്. പത്ത് ഓവർകൂടി കളിച്ചിരുന്നെങ്കിലും മത്സരഫലത്തിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്ന വാദമാണ് വിമർശകർ ഉയർത്തുന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇടംപിടിക്കാനുള്ള അവസരം കളഞ്ഞെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സാമൂഹികമാധ്യമങ്ങളിലാണ് മുൾഡർ ചർച്ച സജീവമാകുന്നത്.
‘ലാറ തന്നെ ആ സ്ഥാനത്തിരിക്കട്ടെ’ എന്നായിരുന്നു മുൾഡറിന്റെ പ്രതികരണം. 49 ഫോറും നാലു സിക്‌സും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന അഞ്ചാമത്തെ സ്‌കോറുമാണ്. ഉയർന്ന സ്‌കോറിന്റെ റെക്കോഡ് വേണ്ടെന്നുവെച്ചെങ്കിലും കുറച്ചു റെക്കോഡുകൾ താരത്തിനു സ്വന്തമായിട്ടുണ്ട്. ക്യാപ്റ്റനായി അരങ്ങേറ്റ ടെസ്റ്റിൽ കൂടുതൽ റൺസും ട്രിപ്പിൾ സെഞ്ചുറിയും നേടിയ താരമായിമാറി. ഇതിനുപുറമേ വേഗംകൂടിയ ട്രിപ്പിൾ സെഞ്ചുറിക്കാരിൽ രണ്ടാമനായി. 297 പന്തിലാണ് മുൾഡറുടെ 300 വന്നത്. 278 പന്തിൽ ട്രിപ്പിൾ നേടിയ ഇന്ത്യൻ താരം വീരേന്ദ്ര സെവാഗിന്റെ പേരിലാണ് റെക്കോഡ്. കേശവ് മഹാരാജിന് പരിക്കേറ്റതോടെയാണ് മുൾഡറെ ദക്ഷിണാഫ്രിക്ക ക്യാപ്റ്റനായി നിയോഗിച്ചത്. മത്സരത്തിൽ സിംബാബ്‌വെ ഒന്നാമിന്നിങ്‌സിൽ 170 ന് പുറത്തായി. 456 റൺസ് ലീഡ് വഴങ്ങിയതോടെ ഫോളോ ഓണായി രണ്ടാമിന്നിങ്‌സ് ആരംഭിച്ച ടീം ഒരു വിക്കറ്റിന് 51 റൺസെന്ന നിലയിലാണ്.
Content Highlights: Wiaan Mulders declaration stuns cricket leaving Laras grounds untouched








English (US) ·