ത്രിരാഷ്ട്ര വനിതാ ഏകദിന ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കിരീടം; ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ ആത്മവിശ്വാസമേറ്റുന്ന വിജയം

8 months ago 6

മനോരമ ലേഖകൻ

Published: May 12 , 2025 09:16 AM IST

1 minute Read

  • ത്രിരാഷ്ട്ര വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 97 റൺസ് ജയം

indian-women-s-team
ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ (ബിസിസിഐ പങ്കുവച്ച ചിത്രം)

കൊളംബോ ∙ 11–ാം ഏകദിന സെഞ്ചറിയുമായി സ്മൃതി മന്ഥന (101 പന്തിൽ 116) മിന്നിത്തിളങ്ങിയപ്പോൾ ത്രിരാഷ്ട്ര വനിതാ ഏകദിന ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ ആതിഥേയരായ ശ്രീലങ്കയെ 97 റൺസിന് തോൽപിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 342 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയപ്പോൾ ശ്രീലങ്കയുടെ മറുപടി 245 റൺസിൽ അവസാനിച്ചു.

സെപ്റ്റംബറിൽ വനിതാ ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസമുയർത്തുന്നതാണ് ഈ വിജയം. സ്കോർ: ഇന്ത്യ– 50 ഓവറിൽ 7ന് 342. ശ്രീലങ്ക– 48.2 ഓവറിൽ 245.

ടൂർണമെന്റിലെ മികച്ച ഫോമിന്റെ തുടർച്ചയെന്നോണം ഫൈനലിലും സ്മൃതി കളംനിറ‍ഞ്ഞതോടെ മത്സരത്തിന്റെ തുടക്കം മുതൽ കടി​ഞ്ഞാൺ ഇന്ത്യയുടെ കയ്യിലായിരുന്നു. ഒന്നാം വിക്കറ്റിൽ പ്രതിക റാവലിനൊപ്പം (30) 70 റൺസും രണ്ടാം വിക്കറ്റിൽ ഹർലീൻ ഡിയോളിനൊപ്പം (47) 120 റൺസും നേടിയശേഷമാണ് സ്മൃതി പുറത്തായത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (41), ജമൈമ റോഡ്രിഗസ് (44) എന്നിവർ മധ്യനിരയിലും അവസരത്തിനൊത്തുയർന്നു.

മറുപടി ബാറ്റിങ്ങിൽ 3 വിക്കറ്റ് നഷ്ടത്തിൽ 173 റൺസുമായി പൊരുതിയ ലങ്കയ്ക്ക് തുടർന്നുള്ള 72 റൺസിനിടെ അവസാന 7 വിക്കറ്റുകൾ നഷ്ടമായി. 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സ്നേഹ് റാണയും 3 വിക്കറ്റെടുത്ത മീഡിയം പേസർ അമൻജോത് കൗറും ചേർന്നാണ് ലങ്കൻ ഇന്നിങ്സ് ചുരുട്ടിക്കെട്ടിയത്.

English Summary:

Smriti Mandhana Blazes to Victory: India Wins Tri-Nation ODI Tournament

Read Entire Article