
ഇന്ത്യൻ വനിതാ ടീം | X.com/@BCCIWomen
കൊളംബോ: വനിതാ ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ ശ്രീലങ്കയെ 97 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തെറിഞ്ഞത്. ഇന്ത്യ ഉയര്‍ത്തിയ 343 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 245-ന് പുറത്തായി. ഇന്ത്യക്കായി സ്മൃതി മന്ഥാന സെഞ്ചുറി തികച്ചു.
ഇന്ത്യ ഉയര്‍ത്തിയ 343 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയ്ക്ക് ആദ്യ ഓവറില്‍ത്തന്നെ ഹാസിനി പെരേരയെ(0) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ വിഷ്മി ഗുണരത്‌നെ(36), ചമരി അട്ടപ്പട്ടു(51) എന്നിവര്‍ സ്‌കോറുയര്‍ത്തി. പിന്നീട് നിളാക്ഷി ഡി സില്‍വ(48), ഹര്‍ഷിത സമരവിക്രമ(26), സുഗന്ധിക കുമാരി(27), അനുഷ്‌ക സഞ്ജീവനി(28) എന്നിവര്‍ പൊരുതിയെങ്കിലും വിജയലക്ഷ്യത്തിന് അടുത്തുപോലും എത്താനായില്ല. ഒടുവില്‍ 48.2 ഓവറില്‍ 245 റണ്‍സിന് ടീം ഓള്‍ഔട്ടായി. ഇന്ത്യക്കായി സിനേഹ റാണ നാലുവിക്കറ്റും അമന്‍ജോത് കൗര്‍ മൂന്ന് വിക്കറ്റുമെടുത്തു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ പ്രാതിക റാവലും സ്മൃതി മന്ഥാനയും ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. പ്രാതികയും മന്ഥാനയും ചേര്‍ന്ന് ടീം സ്‌കോര്‍ 70-ലെത്തിച്ചു. 30 റണ്‍സെടുത്ത് പ്രാതിക പുറത്തായതിന് പിന്നാലെ സ്മൃതി മന്ഥാന ഹര്‍ലീന്‍ ഡിയോളുമായി കൂട്ടുകെട്ടുണ്ടാക്കി. 120 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്.
വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും ശ്രദ്ധയോടെ ബാറ്റേന്തിയ സ്മൃതി മന്ഥാനയാണ് ടീമിന് തുണയായത്. സ്മൃതി സെഞ്ചുറിയോടെ(116) തിളങ്ങി. ഡിയോള്‍(47), ഹര്‍മന്‍പ്രീത് കൗര്‍(41), ജെമീമ റോഡ്രിഗസ്(44) എന്നിവരും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചതോടെ ടീം മൂന്നൂറിലെത്തി. ഒടുവില്‍ നിശ്ചിത 50-ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 342 റണ്‍സെടുത്തു. റിച്ചാ ഘോഷ്(8), അമന്‍ജോത് കൗര്‍(18), ദീപ്കി ശര്‍മ(20) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.
Content Highlights: India Women vs Sri Lanka Women tri federation series








English (US) ·