ത്രില്ലടിപ്പിക്കുന്ന ജയില്‍ ബ്രേക്ക്, ഞെട്ടിക്കുന്ന ക്ലൈമാക്‌സ്; പ്രതീക്ഷകള്‍ക്കപ്പുറം 'ആസാദി'

8 months ago 10

മലയാളത്തില്‍ വ്യാപകമല്ലാത്തൊരു പ്രമേയം. പ്രമേയത്തിന്റെ സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ സസ്‌പെന്‍സുകള്‍ നിറഞ്ഞ കഥപറച്ചില്‍. അപ്രതീക്ഷിതമായ ക്ലൈമാക്‌സ്. ചിത്രത്തെ മറ്റൊരു തലത്തിലേക്കുയര്‍ത്തുന്ന പശ്ചാത്തലസംഗീതം. ശ്രീനാഥ് ഭാസി മുതല്‍ അഭിനയിച്ചവരുടെയെല്ലാം ഗംഭീരപ്രകടനം. ഇത്രയുമാണ് വെള്ളിയാഴ്ച തീയേറ്ററില്‍ എത്തിയ മലയാള ചിത്രം 'ആസാദി'.

നായകനായി ശ്രീനാഥ് ഭാസി. റിട്ടയേഡ് പാര്‍ട്ടി ഗുണ്ടയായ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാല്‍. സസ്‌പെന്‍ഷനിലുള്ള പോലീസ് ഓഫീസറായ റാണിയുടെ വേഷത്തില്‍ വാണി വിശ്വനാഥ്. സത്യനായി അഭിരാം രാധാകൃഷ്ണന്‍. ജിനു എന്ന ആശുപത്രിക്കൂട്ടിരിപ്പുകാരനായി അബിന്‍ ബിനോ. ഗംഗ എന്ന പൂര്‍ണ്ണഗര്‍ഭിണിയുടെ വേഷത്തില്‍ രവീണ രവി. പപ്പനായി രാജേഷ് ശര്‍മ. ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. മേനോന്‍ ആയി ടി.ജി രവി. ഇവര്‍ക്കെല്ലാം പുറമേ സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, ആശാമഠത്തില്‍, ഷോബി തിലകന്‍, മാലാ പാര്‍വതി, ബോബന്‍ സാമുവല്‍ എന്നിവരും. ചിത്രത്തില്‍ വന്നവരും പോയവരുമായി എല്ലാവരുടേയും മികച്ച പ്രകടനം.

പ്രമേയം ജയില്‍ ചാട്ടമാണെങ്കിലും മെഡിക്കല്‍ കോളേജിലും പരിസരത്തുമാണ് കഥ നടക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജാണ് പ്രധാന ലൊക്കേഷന്‍. വനിതാ തടവുകാരിയെ പുറത്തെത്തിക്കാന്‍ രഘുവും ശിവനും സംഘവും നടത്തുന്ന ശ്രമങ്ങളാണ് കഥയെ മുന്നോട്ടുനയിക്കുന്നത്. ക്ലൈമാക്‌സിലൊഴിച്ച് ക്ലീഷേകളെ ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കാത്ത കഥയും തിരക്കഥയുമാണ് ചിത്രത്തിന്റെ ശക്തി. ആ കഥപറച്ചില്‍ രീതി പ്രേക്ഷകരെ വളരെ വിദഗ്ധമായി കബളിപ്പിക്കുന്നുണ്ട്. അടുത്തതെന്ത്‌ എന്ന് പ്രേക്ഷരുടെ ഊഹത്തിന് വിട്ടുകൊടുക്കുമെങ്കിലും ഏതാണ്ട് എല്ലാരംഗങ്ങളിലും അവരുടെ പ്രവചനങ്ങള്‍ ശരിയായി തീരും. ഇങ്ങനെ സംഭവിക്കുന്ന കഥയില്‍ തന്റെ പ്രതീക്ഷകള്‍ക്കപ്പുറം ഒന്നും നടക്കുന്നില്ലെന്ന് പ്രേക്ഷകര്‍ സ്വയം വിശ്വസിക്കുമ്പോള്‍ തീര്‍ത്തും ഞെട്ടിക്കുന്നൊരു ക്ലൈമാക്‌സിലാണ് ചിത്രം അവസാനിക്കുന്നത്. ഇവിടെയാണ് കഥയുടെ വിജയം.

ഓരോ കഥാപാത്രത്തിനും സ്വന്തമായൊരു വ്യക്തിത്വവും പ്രധാനകഥാപരിസരത്തിലേക്ക് അവര്‍ എന്തുകൊണ്ട് ചേര്‍ന്നുനില്‍ക്കുന്നുവെന്നും പറയാന്‍ തിരക്കഥ ശ്രമിക്കുന്നുണ്ട്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന സാം എന്ന കഥാപാത്രം അത്തരത്തില്‍ പ്രധാനമാണ്. ഇത്തരം കഥാപാത്രങ്ങളുടെ അവസ്ഥകളിലൂടെ വൈകാരികമായും പ്രേക്ഷനെ ചിത്രം വന്നുതൊടുന്നുണ്ട്.

ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസര്‍ രാജ നിര്‍മിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ്. സാഗറിന്റെ മികച്ച തിരക്കഥ പരമാവധി കൈയ്യടക്കത്തോടെ വെള്ളിത്തിരയില്‍ ഒരുക്കിയത് നവാഗത സംവിധായകനായ ജോ ജോര്‍ജ്ജാണ്. ആദ്യസ്വതന്ത്രസംരംഭത്തില്‍ ഛായാഗ്രാഹകന്‍ സനീഷ് സ്റ്റാന്‍ലി കൈയ്യടി അര്‍ഹിക്കുന്നുണ്ട്. കഥയ്ക്കും അഭിനേതാക്കളുടെ പ്രകടനത്തിനും പുറമേ ചിത്രത്തിന്റെ ശക്തി വരുണ്‍ ഉണ്ണിയുടെ പശ്ചാത്തലസംഗീതമാണ്. ചിത്രത്തെ എലവേറ്റ് ചെയ്യുന്നതില്‍ വരുണ്‍ ഉണ്ണിയുടെ പശ്ചാത്തലസംഗീതത്തിന് അതിനിര്‍ണായക പങ്കുണ്ട്. 'അന്നും ഇന്നും എന്നും', 'എസ്‌കേപ് ഫ്രം ഉഗാണ്ട' എന്നീ ചിത്രങ്ങളില്‍ പാട്ടുകള്‍ ഒരുക്കിയിട്ടുള്ള വരുണ്‍ ഉണ്ണിക്ക് പക്ഷേ മലയാളത്തില്‍ പുതിയ മേല്‍വിലാസം നല്‍കാന്‍ പോകുന്നത് 'ആസാദി'യിലെ പശ്ചാത്തലസംഗീതം തന്നെയാവും. പാട്ടുകളും കഥപറച്ചിലിനോട് യോജിച്ചു നില്‍ക്കുന്നവയാണ്.

നായകനായ ശ്രീനാഥ് ഭാസിയുടേത് മികച്ച അഭിനയമാണ്. ശ്രീനാഥിന്റെ പല മുഖങ്ങള്‍ ചിത്രത്തില്‍ കാണാം. റിട്ടയേഡ് ഗുണ്ടയായ ലാലിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. പലതരം വികാരങ്ങള്‍ പ്രേക്ഷകന് വിശ്വസനീയമായി അവതരിപ്പിക്കുന്നതില്‍ ലാലിന്റെ മിടുക്ക് 'ആസാദി'യില്‍ പ്രകടമാണ്. എവിടേയും കൈവിട്ടുപോകുന്നില്ല എന്നതുതന്നെയാണ് ലാലിന്റെ പ്രകടനത്തിന്റെ സവിശേഷത. സിനിമയിലേക്കുള്ള തിരിച്ചുവരവിലും പോലീസ് ഓഫീസറായി വീണ്ടുമെത്തുന്ന വാണി വിശ്വനാഥിന്റേത് പക്ഷേ, നാം ഇന്നുവരെ കാണാത്ത പ്രകടനമാണ്. നിറഗര്‍ഭിണിയായ സംസാരശേഷിയില്ലാത്ത കഥാപാത്രമായി രവീണ രവിയും കൈയ്യടക്കത്തോടെ വേഷം കൈകാര്യംചെയ്യുന്നു. കഥയ്ക്ക് സമാന്തരമായി സഞ്ചരിച്ച് പ്രേക്ഷകനെ വൈകാരികമായി തൊടുന്ന സാം എന്ന കഥാപാത്രത്തെ സൈജു കുറുപ്പ് മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ, അഭിറാം, അബിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍ എന്നിവരുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ക്ലൈമാക്‌സില്‍ ഇതുവരെ കാണാത്തൊരു ടി.ജി. രവിയെ നാം കാണുന്നുണ്ട്. സീറ്റ് എഡ്ജ് ത്രില്ലറുകള്‍ പൂര്‍ണ്ണതയില്‍ അനുഭവിക്കാന്‍ ആസ്വദിക്കുന്നവര്‍ തീയേറ്ററില്‍ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് 'ആസാദി'.

Content Highlights: Azadi Malayalam movie review

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article