Published: January 09, 2026 11:35 PM IST
1 minute Read
നവി മുംബൈ∙ വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ തീപ്പൊരി പോരാട്ടം ജയിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഹർമൻ പ്രീത് കൗർ നയിച്ച മുംബൈ ഇന്ത്യൻസിനെതിരെ മൂന്ന് വിക്കറ്റ് വിജയമാണ് സ്മൃതി മന്ഥനയുടെ ആർസിബി സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യത്തിലേക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ മത്സരത്തിലെ അവസാന പന്തിലാണ് ആർസിബി എത്തിയത്.
അർധ സെഞ്ചറി നേടി പുറത്താകാതെനിന്ന ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ നദൈൻ ഡി ക്ലർക്കിന്റെ പ്രകടനമാണ് ആര്‍സിബിക്ക് ത്രില്ലർ വിജയം സമ്മാനിച്ചത്. 44 പന്തുകൾ നേരിട്ട താരം രണ്ടു സിക്സും ഏഴു ഫോറുകളുമുൾപ്പടെ 63 റൺസ് സ്വന്തമാക്കി പുറത്താകാതെനിന്നു. ഗ്രേസ് ഹാരിസ് (12 പന്തിൽ 25), അരുന്ധതി റെഡ്ഡി (25 പന്തിൽ 20), സ്മൃതി മന്ഥന (13 പന്തിൽ 18) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.
അവസാന നാലു പന്തിൽ 18 റൺസാണു വിജയത്തിലേക്കു വേണ്ടിയിരുന്നത്. രണ്ടു വീതം സിക്സും ഫോറും നേടി നദൈൻ ആർസിബിയുടെ വിജയമുറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണു നേടിയത്. മലയാളി ഓൾറൗണ്ടർ സജനാ സജീവനാണ് മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോറർ. 25 പന്തുകൾ നേരിട്ട സജന 45 റൺസെടുത്തു പുറത്തായി. ഒരു സിക്സും ഏഴു ഫോറുകളും ഉൾപ്പെടുന്നതായിരുന്നു സജനയുടെ ഇന്നിങ്സ്.
നിക്കോള കാരി (29 പന്തിൽ 40), ഗുനാലൻ കമാലിനി (28 പന്തിൽ 32), ഹർമൻപ്രീത് കൗർ (17 പന്തിൽ 20) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ. 67 റൺസടിക്കുന്നതിനിടെ നാലു വിക്കറ്റുകൾ വീണ മുംബൈയെ നിക്കോള– സജന സഖ്യമാണ് സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത്. ആർസിബിക്കു വേണ്ടി നദൈൻ ഡെ ക്ലർക്ക് നാലു വിക്കറ്റുകൾ വീഴ്ത്തി.
English Summary:








English (US) ·