Published: October 14, 2025 03:31 AM IST
1 minute Read
വിശാഖപട്ടണം∙ ഐസിസി വനിതാ ലോകകപ്പിൽ ഇത്തവണ ദക്ഷിണാഫ്രിക്കൻ ടീമിന്റെ നയം ലളിതമാണ്; തോൽക്കുകയാണെങ്കിൽ അത് ദയനീയമായ രീതിയിൽ, ജയിക്കുകയാണെങ്കിൽ ത്രില്ലർ പോരാട്ടങ്ങളിലൂടെ മാത്രം! അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ 3 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ബംഗ്ലദേശിനെ കീഴടക്കിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 232 റൺസ് നേടി. 35 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയ പതിനെട്ടുകാരി ഷൊർണ അക്തറുടെ ഇന്നിങ്സാണ് ബംഗ്ലദേശിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ 49.3 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു.
ഒരു ഘട്ടത്തിൽ 5ന് 78 എന്ന നിലയിൽ പതറിയ ദക്ഷിണാഫ്രിക്കയെ ആറാം വിക്കറ്റിൽ 85 റൺസ് കൂട്ടിച്ചേർത്ത മരിസെയ്ൻ കാപ് (56)– കോൾ ട്രയോൺ (62) സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
പിന്നാലെ ഇരുവരും പുറത്തായെങ്കിലും അവസാന ഓവറുകളിൽ ആഞ്ഞടിച്ച നഡിൻ ഡി ക്ലർക്കാണ് (37*) ദക്ഷിണാഫ്രിക്കയുടെ ജയം ഉറപ്പാക്കിയത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിലും ക്ലർക്കായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയശിൽപി. 3 ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ ബംഗ്ല ഫീൽഡർമാരുടെ പ്രകടനവും മത്സരത്തിൽ നിർണായകമായി.
English Summary:








English (US) ·