Published: April 16 , 2025 07:50 PM IST
1 minute Read
മുംബൈ∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായതു പോലുള്ള ത്രില്ലിങ് മത്സരങ്ങൾ പഞ്ചാബ് കിങ്സ് പരിശീലകനെന്ന നിലയിൽ ആഗ്രഹിക്കുന്നില്ലെന്ന് റിക്കി പോണ്ടിങ്. തനിക്ക് ഇപ്പോൾ തന്നെ 50 വയസ്സായെന്നും, ഇത്തരം മത്സരങ്ങൾ ഇനിയും സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പോണ്ടിങ് വ്യക്തമാക്കി. ‘‘ഈ വിക്കറ്റിൽ കളിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. 112 റൺസാണു ഞങ്ങൾ പ്രതിരോധിച്ചു ജയിക്കേണ്ടത്. എന്റെ ഹൃദയമിടിപ്പ് ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല. എനിക്ക് 50 വയസ്സുണ്ട്. ഇനിയും ഇതുപോലുള്ള മത്സരങ്ങൾ ഞാൻ ആഗ്രഹിക്കുന്നില്ല.’’-റിക്കി പോണ്ടിങ് മത്സരത്തിനു ശേഷം പറഞ്ഞു.
തകർപ്പൻ പ്രകടനം നടത്തുന്നതിനു മുൻപ് യുസ്‍വേന്ദ്ര ചെഹൽ പരുക്കിന്റെ പിടിയിലായിരുന്നെന്നും പോണ്ടിങ് പറഞ്ഞു. ‘‘സത്യം പറഞ്ഞാൽ കളിക്കാൻ ഇറങ്ങുന്നതിനു തൊട്ടുമുൻപ് ചെഹലിനു ഫിറ്റ്നസ് പരിശോധന നടത്തിയിരുന്നു. പരിശീലനത്തിനിടെ ചെഹലിനെ ഗ്രൗണ്ടിൽനിന്നു വിളിച്ചുകൊണ്ടുപോയി, കളിക്കാൻ സാധിക്കുമോയെന്നു ഞാന്‍ ചോദിച്ചു. 100 ശതമാനവും കളിക്കാമെന്നായിരുന്നു ചെഹലിന്റെ മറുപടി. പഞ്ചാബ് തോറ്റാലും ഈ പോരാട്ടത്തിന്റെ പേരിൽ ഞാൻ അഭിമാനം കൊള്ളുമായിരുന്നു. കൊൽക്കത്തയ്ക്കെതിരായ വിജയം സീസണിൽ പഞ്ചാബിന്റെ ഗതി നിർണയിക്കുന്നതാകും.’’- പോണ്ടിങ് വ്യക്തമാക്കി.
കൊൽക്കത്ത– പഞ്ചാബ് പോരാട്ടത്തിനിടെ കടുത്ത സമ്മർദത്തിൽ ഡഗ്ഔട്ടിൽ ഇരുന്ന് കളി കാണുന്ന പോണ്ടിങ്ങിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇരു ടീമുകളിലെയും ബോളർമാർ കരുത്തുകാട്ടിയ ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സ് 16 റൺസിന്റെ നാടകീയ ജയമാണു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത് 111 റൺസിൽ ഒതുങ്ങിയിട്ടും പതറാതെ തിരിച്ചടിച്ച പഞ്ചാബ് കൊൽക്കത്തയെ 95 റൺസിന് ഓൾഔട്ടാക്കി.
ഐപിഎലിൽ ഏറ്റവും ചെറിയ ടോട്ടൽ പ്രതിരോധിച്ചു നേടിയ വിജയമെന്ന റെക്കോർഡും ഇതോടെ പഞ്ചാബിന് സ്വന്തമായി. 2009ൽ 116 റൺസ് പ്രതിരോധിച്ച് ജയിച്ച ചെന്നൈയുടെ റെക്കോർഡാണ് മറികടന്നത്. സ്കോർ: പഞ്ചാബ്– 15.3 ഓവറിൽ 111; കൊൽക്കത്ത 15.1 ഓവറിൽ 95. 4 വിക്കറ്റു വീഴ്ത്തിയ സ്പിന്നർ യുസ്‍വേന്ദ്ര ചെഹലും 3 വിക്കറ്റെടുത്ത മാർക്കോ യാൻസനും പഞ്ചാബ് ബോളിങ്ങിൽ തിളങ്ങി. ചെഹലാണ് പ്ലെയർ ഓഫ് ദ് മാച്ച്.
English Summary:








English (US) ·