Published: July 26 , 2025 10:31 AM IST
1 minute Read
മാഞ്ചസ്റ്റർ∙ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ റൺ ഔട്ട് അവസരം പാഴാക്കിയതിന് അരങ്ങേറ്റ മത്സരം കളിക്കുന്ന അൻഷുൽ കാംബോജിനോട് ഗ്രൗണ്ടിൽവച്ച് ചൂടായി വെറ്ററൻ താരം രവീന്ദ്ര ജഡേജ. മത്സരത്തിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ടിന്റെ നട്ടെല്ലായ ജോ റൂട്ടിനെ പുറത്താക്കാനുള്ള സുവർണാവസരമായിരുന്നു അൻഷുലിന്റെ പിഴവിൽ ഇന്ത്യയ്ക്കു നഷ്ടമായത്.
മത്സരത്തിന്റെ 54–ാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്ത് നേരിട്ട ജോ റൂട്ട് അത് ഗള്ളിയിലേക്കാണ് അടിച്ചത്. പന്ത് ലഭിച്ച ജഡേജ ജോ റൂട്ടിനെ പുറത്താക്കാൻ നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് എറിഞ്ഞപ്പോൾ ഇംഗ്ലണ്ട് ബാറ്റർ ക്രീസിന് അടുത്തുപോലും ഇല്ലായിരുന്നു. എന്നാൽ ജഡേജയുടെ ഉന്നം പിഴച്ചു. പന്തു വിക്കറ്റിൽ കൊള്ളാതെ കടന്നുപോയപ്പോൾ അൻഷുൽ കാംബോജാണു പിടിച്ചെടുത്തത്. എന്നാൽ വിക്കറ്റ് കവർ ചെയ്തു നിൽക്കാൻ അൻഷുൽ എത്താതിരുന്നതാണ് ജഡേജയുടെ രോഷത്തിനു കാരണം.
അന്‍ഷുൽ വിക്കറ്റിനു സമീപത്തുവച്ച് പന്തു പിടിച്ചിരുന്നെങ്കിൽ ജോ റൂട്ടിനെ പുറത്താക്കാൻ സാധിക്കുമായിരുന്നു. അൻഷുലിന്റെ പിഴവ് കണ്ട് പേസർ മുഹമ്മദ് സിറാജും അസ്വസ്ഥനായി. അൻഷുലിന്റെ മുഖത്തുനോക്കി ജഡേജ രോഷം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിക്കറ്റിലേക്കു കയറി നിന്നാൽ എന്താണെന്നും ജഡേജ ഇന്ത്യൻ യുവതാരത്തോടു ചോദിച്ചു.
മത്സരത്തിൽ 248 പന്തുകൾ നേരിട്ട ജോ റൂട്ട് 150 റൺസെടുത്താണു പുറത്താകുന്നത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ സ്റ്റംപ് ചെയ്തായിരുന്നു ജഡേജയെ പുറത്താക്കിയത്. മൂന്നാം ദിവസം ബാറ്റിങ് അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ ലീഡ് 186 ആയി ഉയർന്നു. 135 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 544 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട് ഉള്ളത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @KaranMSdian എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·