തർക്കം 536 പാട്ടുകളിൽ, 'കേസുകൾ ചെന്നൈയിലേക്ക് മാറ്റണം'; ഇളയരാജയുടെ ആവശ്യം തള്ളി സുപ്രീം കോടതി

5 months ago 5

Ilaiyaraja

ഇളയരാജ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ ‌| മാതൃഭൂമി

ചെന്നൈ: പകർപ്പവകാശ തർക്കവുമായി ബന്ധപ്പെട്ട കേസ് ബോംബെ ഹൈക്കോടതിയിൽ നിന്ന് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന സം​ഗീത സംവിധായകൻ ഇളയരാജയുടെ ഹർജി സുപ്രീം കോടതി തള്ളി. 536 സംഗീത സൃഷ്ടികളുടെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട ഈ നിയമയുദ്ധം തുടരുകയാണ്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

പകർപ്പവകാശ തർക്ക കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് ഇളയരാജയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണ് ഹാജരായത്. അദ്ദേഹം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാൻ കോടതി വിസമ്മതിച്ചു. മദ്രാസ് ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസും നിലവിലില്ലാതിരുന്ന സമയത്താണ് തങ്ങൾ ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതെന്ന് എതിർകക്ഷിക്കാരായ സോണി മ്യൂസിക് എൻ്റർടെയിൻമെൻ്റിൻ്റെ അഭിഭാഷകൻ വാദം കേൾക്കലിന്റെ തുടക്കത്തിൽ ബെഞ്ചിനെ അറിയിച്ചു.

536 സംഗീത സൃഷ്ടികൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇളയരാജ മ്യൂസിക് എൻ മാനേജ്‌മെൻ്റ് പ്രൈവറ്റ് ലിമിറ്റഡിനെ (IMMPL) തടയണമെന്ന് ആവശ്യപ്പെട്ട് സോണി മ്യൂസിക് എൻ്റർടെയിൻമെൻ്റ് ഇന്ത്യ 2022-ൽ ബോംബെ ഹൈക്കോടതിയിൽ നൽകിയ കേസോടെയാണ് ഈ നിയമതർക്കം ആരംഭിച്ചത്. ഇളയരാജ ദീർഘകാലമായി നിയമയുദ്ധം നടത്തുന്ന സ്ഥാപനങ്ങളായ ഓറിയൻ്റൽ റെക്കോർഡ്‌സ്, എക്കോ റെക്കോർഡിംഗ് എന്നിവയിൽ നിന്നാണ് തങ്ങൾക്ക് ഈ സൃഷ്ടികളുടെ അവകാശം ലഭിച്ചതെന്ന് സോണി വാദിക്കുന്നു.

അതേസമയം, തർക്കത്തിലുള്ള 536 സംഗീത സൃഷ്ടികളിൽ 310 എണ്ണം മദ്രാസ് ഹൈക്കോടതിയിൽ നിലവിലുള്ള ഒരു കേസിന്റെ പരിഗണനയിലാണെന്നാണ് ഇളയരാജ മ്യൂസിക് എൻ മാനേജ്‌മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് വാദിക്കുന്നത്. എക്കോ റെക്കോർഡിംഗിനെതിരെ 2014-ൽ ഇളയരാജ നൽകിയ ഈ കേസിൽ 2019-ൽ വിധി വന്നിരുന്നു. ഒരു സംഗീത സംവിധായകൻ എന്ന നിലയിലുള്ള ഇളയരാജയുടെ ധാർമ്മികവും സവിശേഷവുമായ അവകാശങ്ങളെ ശരിവെക്കുന്നതായിരുന്നു ഈ വിധി.

1,500-ൽ അധികം സിനിമകളിലായി 7,500-ൽ പരം ഗാനങ്ങൾ ഇളയരാജ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനരായ സംഗീത സംവിധായകരിൽ ഒരാളായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്.

Content Highlights: Supreme Court Rejects Ilaiyaraaja's Plea to Transfer Copyright Case to Madras High Court

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article