ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ദിനത്തില്‍ ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ. ഒന്നാം ഇന്നിങ്‌സില്‍ 212 റണ്‍സിന് പുറത്തായെങ്കിലും ആദ്യ ദിവസത്തെ കളിയവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ നാലു വിക്കറ്റുകള്‍ ഓസീസ് പേസര്‍മാര്‍ വീഴ്ത്തി. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ നാലിന് 43 റണ്‍സെന്ന നിലയിലുള്ള ദക്ഷിണാഫ്രിക്ക, ഓസീസ് സ്‌കോറിനേക്കാള്‍ 169 റണ്‍സ് പിന്നിലാണ്. ക്യാപ്റ്റന്‍ ടെംബ ബവുമ (3*), ഡേവിഡ് ബെഡിങ്ങാം (8*) എന്നിവരാണ് ക്രീസില്‍.
രണ്ടു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രത്തെ ഡക്കാക്കിയാണ് സ്റ്റാര്‍ക്ക് തുടങ്ങിയത്. പിന്നാലെ ഒമ്പതാം ഓവറില്‍ റയാന്‍ റിക്കെല്‍ട്ടണെയും (16) സ്റ്റാര്‍ക്ക് മടക്കി. 44 പന്തുകള്‍ പിടിച്ചുനിന്ന വിയാന്‍ മള്‍ഡറുടെ ഊഴമായിരുന്നു അടുത്തത്. ആറു റണ്‍സ് മാത്രമെടുത്ത താരത്തെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബൗള്‍ഡാക്കി. പിന്നാലെയെത്തിയ ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സിനെ (2) ജോഷ് ഹെയ്‌സല്‍വുഡും പുറത്താക്കി.
നേരത്തേ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 212 റണ്‍സിന് പുറത്തായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാദയുടെയും മൂന്ന് വിക്കറ്റെടുത്ത മാര്‍ക്കോ യാന്‍സന്റെയും പ്രകടനമാണ് ഓസീസ് ഇന്നിങ്സ് വേഗത്തില്‍ അവസാനിപ്പിച്ചത്. സ്റ്റീവ് സ്മിത്തിനും ബ്യു വെബ്സ്റ്ററിനും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരേ പിടിച്ചുനില്‍ക്കാനായത്.
92 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറിയടക്കം 72 റണ്‍സെടുത്ത വെബ്സ്റ്ററാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 112 പന്തുകള്‍ നേരിട്ട സ്മിത്ത് 66 റണ്‍സെടുത്തു. 10 ബൗണ്ടറികളടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ പ്രതിരോധത്തിലാക്കി. ഇന്നിങ്സിന്റെ ആറാം ഓവറില്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയേയും (0), കാമറൂണ്‍ ഗ്രീനിനെയും (4) മടക്കി കാഗിസോ റബാദയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
തുടര്‍ന്ന് മാര്‍നസ് ലബുഷെയ്നും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് 11 ഓവറോളം പിടിച്ചുനിന്നു. നിലയുറപ്പിച്ചെന്ന് കരുതിയ ലബുഷെയ്‌നെ (17) വിക്കറ്റ് കീപ്പര്‍ കൈല്‍ വെരെയ്‌നിന്റെ കൈകളിലെത്തിച്ച മാര്‍ക്കോ യാന്‍സന്‍ ഈ പ്രതിരോധം പൊളിച്ചു. പിന്നാലെ 24-ാം ഓവറില്‍ ട്രാവിസ് ഹെഡിനെയും (11) വീഴ്ത്തിയ യാന്‍സന്‍ ഓസീസിനെ ഞെട്ടിച്ചു.
അഞ്ചാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തും ബ്യു വെബ്സ്റ്ററും കൂട്ടിച്ചേര്‍ത്ത 79 റണ്‍സാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ല്. വെബ്സ്റ്ററിനെതിരായ എല്‍ബിഡബ്ല്യു അപ്പീലില്‍ റിവ്യു എടുക്കാതിരുന്ന ദക്ഷിണാഫ്രിക്കയുടെ പിഴവും ഇവിടെ നിര്‍ണായകമായി. ഒടുവില്‍ 42-ാം ഓവറില്‍ സ്മിത്തിനെ മടക്കി ഏയ്ഡന്‍ മാര്‍ക്രമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടര്‍ന്ന് അലക്സ് കാരിയെ കൂട്ടുപിടിച്ച് വെബ്സ്റ്റര്‍ 46 റണ്‍സ് ചേര്‍ത്തതോടെ സ്‌കോര്‍ 192-ല്‍ എത്തി. 23 റണ്‍സെടുത്ത കാരി, കേശവ് മഹാരാജിന്റെ പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (1), വെബ്സ്റ്റര്‍, നേഥന്‍ ലയണ്‍ (0), മിച്ചല്‍ സ്റ്റാര്‍ക്ക് (1) എന്നിവരെ വേഗം പുറത്താക്കി ദക്ഷിണാഫ്രിക്ക, ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചു.
Content Highlights: World trial title last australia vs southbound africa








English (US) ·