ദക്ഷിണാഫ്രിക്കയുടെ കൂറ്റൻ സ്കോറിനു മുന്നിൽ വിറച്ച് ഇന്ത്യൻ ബാറ്റര്‍മാര്‍, 252 ന് ഓൾഔട്ട്; വമ്പൻ തോല്‍വി

2 months ago 2

ഓൺലൈൻ ഡെസ്‌ക്

Published: November 20, 2025 12:01 AM IST

1 minute Read

ishan-kishan
ഇഷാൻ കിഷൻ ബാറ്റിങ്ങിനിടെ

രാജ്കോട്ട്∙ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കു വമ്പൻ തോൽവി. 73 റൺസ് വിജയമാണ് രാജ്കോട്ടിൽ നടന്ന മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക എ സ്വന്തമാക്കിയത്. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് മൂന്നാം മത്സരത്തിൽ അടി പതറുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തപ്പോള്‍, മറുപടിയിൽ ഇന്ത്യ എ ടീം 49.1 ഓവറിൽ 252 റൺസടിച്ച് ഓള്‍ഔട്ടായി.

അര്‍ധ സെഞ്ചറി നേടിയ ആയുഷ് ബദോനി (66 പന്തിൽ 66), ഇഷാൻ കിഷന്‍ (67 പന്തിൽ 53) എന്നിവര്‍ ഇന്ത്യയ്ക്കായി തിളങ്ങിയെങ്കിലും വലിയ വിജയലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല. ഋതുരാജ് ഗെയ്ക്‌വാദ് (30 പന്തിൽ 25), മാനവ് സുതർ (33 പന്തിൽ 23), പ്രസിദ്ധ് കൃഷ്ണ (28 പന്തിൽ 23) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. 57 റൺസെടുക്കുന്നതിനിടെ ക്യാപ്റ്റൻ തിലക് വര്‍മയുടേതുൾപ്പടെ മൂന്നു വിക്കറ്റുകൾ നഷ്ടമായത് മത്സരത്തിൽ ഇന്ത്യയ്ക്കു തിരിച്ചടിയായി. 98 പന്തുകളിൽ 88 റൺസ് കൂട്ടിച്ചേർത്ത ഇഷാൻ കിഷൻ– ആയുഷ് ബദോനി കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ കരുത്തായത്. 210 റൺസെടുത്ത ഋതുരാജ് ഗെയ്ക്‌വാദാണു പരമ്പരയിലെ താരം.

മൂന്നാം അനൗദ്യോഗിക ഏകദിനത്തിൽ ഇന്ത്യ എയ്ക്കെതിരെ ദക്ഷിണാഫ്രിക്ക എ ഓപ്പണർ റിവാൾഡോ മൂൺസാമിയുടെ ബാറ്റിങ്.  (PTI Photo)

മൂന്നാം അനൗദ്യോഗിക ഏകദിനത്തിൽ ഇന്ത്യ എയ്ക്കെതിരെ ദക്ഷിണാഫ്രിക്ക എ ഓപ്പണർ റിവാൾഡോ മൂൺസാമിയുടെ ബാറ്റിങ്. (PTI Photo)

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. ഓപ്പണർമാരായ ലുയാൻ-ഡ്രെ പ്രിട്ടോറിയസ് (98 പന്തിൽ 123), റിവാൾഡോ മൂൺസാമി (130 പന്തിൽ 107) എന്നിവരുടെ സെഞ്ചറിയാണ് സന്ദർശകരെ മികച്ച സ്കോറിലെത്തിച്ചത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ തിലക് വർമ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഒന്നാം വിക്കറ്റിൽ പ്രിട്ടോറിയസും മൂൺസാമിയും ചേർന്ന് 241 റൺസ് കൂട്ടിച്ചേർത്തു. പ്രിട്ടോറിയസ്, ട്വന്റി20 ശൈലിയിൽ അടിച്ചുകളിച്ചപ്പോൾ തനത് ഏകദിന ശൈലിയിലായിരുന്നു മൂൺസാമിയുടെ ഇന്നിങ്സ്. ആറു സിക്സും ഒൻപത് ഫോറുമാണ് പ്രിട്ടോറിയസിന്റെ ബാറ്റിൽനിന്നു പിറന്നത്. മൂൺസാമി രണ്ടു സിക്സും 13 ഫോറുമടിച്ചു.

38–ാം ഓവറിലാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യയ്ക്കു സാധിച്ചത്. 37.1 ഓവറിൽ മൂൺസാമിയെ വിക്കറ്റിനു മുന്നിൽ കുരുക്കി പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ചത്. അതേ ഓവറിൽ തന്നെ പ്രിട്ടോറിയസിനെയും പ്രസിദ്ധ്, തിലക് വർമയുടെ കൈകളിൽ എത്തിച്ചു. പിന്നീടെത്തിയ റൂബിൻ ഹെർമൻ (11), സിനെതെംബ ക്വെഷിലെ (1), ക്യാപ്റ്റൻ മാർക്വസ് അക്കർമാൻ (16) എന്നിവർക്കു കാര്യമായ സംഭാവന നൽകാനായില്ലെങ്കിലും ഡയാൻ ഫോറസ്റ്റർ (20), ഡെലാനോ പോട്ട്ഗീറ്റർ (30*) എന്നിവർ ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്കോർ 300 കടത്തി.

ബ്യോൺ ഫോർട്ടുയിൻ (2*) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, ഖലീൽ അഹമ്മദ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആകെ എട്ടു ബോളർമാരെയാണ് ഇന്ത്യ പരീക്ഷിച്ചത്. ഖലീൽ അഹമ്മദ് പത്ത് ഓവറിൽ 82 റൺസ് വഴങ്ങിയപ്പോൾ ഹർഷിത് റാണ 10 ഓവറിൽ 47 റൺസെ വഴങ്ങിയുള്ളൂ.

English Summary:

India A vs South Africa A, 3rd unofficial ODI- Match Updates

Read Entire Article