റാഞ്ചി ∙ ഏകദിനത്തിലും ടീമിനെ ‘ടെസ്റ്റ്’ ചെയ്ത് ദക്ഷിണാഫ്രിക്കയെ 17 റൺസിന് വീഴ്ത്തി ഇന്ത്യ. റാഞ്ചിയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 350 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിന് തൊട്ടടുത്ത് വരെ ദക്ഷിണാഫ്രിക്ക എത്തിയെങ്കിലും ഒടുവിൽ ഇന്ത്യ വിജയം റാഞ്ചുകയായിരുന്നു. 49.2 ഓവറിൽ 332 റൺസിന് ദക്ഷിണാഫ്രിക്ക ഔൾഔട്ടായി. അർധസെഞ്ചറി നേടിയ മാത്യു ബ്രിറ്റ്സ്കി (80 പന്തിൽ 72), മാർക്കോ യാൻസൻ (39 പന്തിൽ 70), അവസാന ഓവറുകളിൽ പൊരുതിയ കോർബിൻ ബോഷ് (51 പന്തിൽ 67) എന്നിവരുടെ ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക പൊരുതിയത്. നിർണായക കൂട്ടുകെട്ടുകൾ പൊളിച്ചത് നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, മൂന്നു വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ ഹർഷിത് റാണ എന്നിവരുടെ ബോളിങ് ഇന്ത്യൻ വിജയത്തിൽ നിർണായകമായി. അർഷ്ദീപ് സിങ് രണ്ടു വിക്കറ്റും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.
അവസാന ഓവറിൽ 18 റൺസായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കു വിജയിക്കാൻ വേണ്ടിയിരുന്നത്. ക്യാപ്റ്റൻ കെ.എൽ.രാഹുൽ പന്തേൽപ്പിച്ചത് പ്രസിദ്ധ് കൃഷ്ണയെ. ആദ്യ പന്തു നേരിട്ട കോർബിൻ ബോഷിന് റൺസൊന്നും നേടാനായില്ല. രണ്ടാം ബോളിൽ, ബോഷ് ഉയർത്തിയടിച്ച പന്ത് രോഹിത് ശർമ കൈകളിലൊതുക്കിയതോടെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിലായി. രണ്ടാം ഏകദിനം ഡിസംബർ 3ന് റായ്‌പുരിൽ.
∙ ‘കില്ലർ’ കുൽദീപ്
ഹർഷിത് റാണയുടെ മിന്നൽപ്രഹരത്തിന്റെ ഞെട്ടലിലാണ് ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിങ് തുടങ്ങിയത്. ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ തന്നെ അവരുടെ ആദ്യ രണ്ടു വിക്കറ്റുകളും വീണു. റയാൻ റിക്കൽട്ടൻ (0), ക്വിന്റൻ ഡികോക്ക് (0) എന്നിവരെയാണ് ഹർഷിത് സംപൂജ്യരായി മടക്കിയത്. പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ ദക്ഷിണാഫ്രിക്കയുടെ അടുത്ത വിക്കറ്റും വീണു. ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തെ (7) അർഷ്ദീപ് സിങ്ങാണ് കെ.എൽ.രാഹുലിന്റെ കൈകളിൽ എത്തിച്ചത്. ഇതോടെ 4.4 ഓവറിൽ 3ന് 11 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. ഇന്ത്യ അതിവേഗം വിജയത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയും ഇതോടെ ഉയർന്നു.
എന്നാൽ പിന്നീട് തുടർച്ചയായ മൂന്നു വിക്കറ്റുകളിൽ അർധസെഞ്ചറി കൂട്ടുകെട്ടുണ്ടാക്കിയാണ് ദക്ഷിണാഫ്രിക്ക മത്സരത്തിലേക്കു തിരിച്ചുവന്നത്. നാലാം വിക്കറ്റിൽ ഒന്നിച്ച മാത്യു ബ്രിറ്റ്സ്കി (80 പന്തിൽ 72), ടോണി ഡി സോർസി (35 പന്തിൽ 39) സഖ്യമാണ് തുടക്കത്തിലെ തകർച്ചയിൽനിന്നു ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനെ കരകയറ്റിയത്. ഇരുവരും ചേർന്ന് 66 റൺസാണ് കൂട്ടിച്ചേർത്തത്. 15–ാം ഓവറിൽ ഡി സോർസിയെ വീഴ്ത്തി കുൽദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ഡിയേവാൾഡ് ബ്രെവിസും ബ്രിറ്റ്സ്കിക്ക് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്കോർ 100 കടത്തി.
22–ാം ഓവറിൽ ബ്രെവിസിനെ പുറത്താക്കി ഹർഷിത് റാണ വീണ്ടും ഇന്ത്യയ്ക്കു നിർണായക വിക്കറ്റ് സമ്മാനിച്ചു. ഇതോടെ 5ന് 130 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. പക്ഷേ ആറാം വിക്കറ്റിൽ ബ്രിറ്റ്സ്കിയും ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ വിറപ്പിച്ച മാർക്കാൻ യാൻസനും ഒന്നിച്ചതോടെയാണ് മത്സരത്തിൽ ഇന്ത്യ ഏറ്റവും വലിയ പരീക്ഷണം നേരിട്ടത്. ഇരുവരും ചേർന്നു ബോളർമാരെ കണക്കിന് പ്രഹരിച്ചതോടെ ഒരുഘട്ടത്തിൽ മത്സരം ഇന്ത്യ കൈവിടുമോയെന്ന് ആശങ്കപ്പെട്ടു.
ബ്രിറ്റ്സ്കിയും യാൻസനും ചേർന്ന് 69 പന്തിൽ 97 റൺസാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ കൂട്ടിച്ചേർത്തത്. 25–ാം ഓവറിൽ 150ഉം, 30–ാം ഓവറിൽ 200ഉം കടന്ന് ദക്ഷിണാഫ്രിക്കൻ സ്കോർ കുതിച്ചു. പക്ഷേ 34–ാം ഓവറിൽ കുൽദീപ് യാദവിന്റെ ഇരട്ടപ്രഹരമാണ് മത്സരത്തിൽ നിർണായകമായത്. ഓവറിൽ ആദ്യ പന്തിൽ മാർക്കോ യാൻസനെ രവീന്ദ്ര ജഡേജയുടെ കൈകളിൽ എത്തിച്ച കുൽദീപ്, മൂന്നാം പന്തിൽ ബ്രിറ്റ്സ്കിയെ വിരാട് കോലിയുടെ കൈകളിലും ഒതുക്കി. ഇതോടെ ഇന്ത്യയെ വിറപ്പിച്ച രണ്ടു ബാറ്റർമാരും ഒരു പന്തിന്റെ വ്യത്യാസത്തിൽ കൂടാരം കയറി.
പിന്നാലെയാണ് അവസാനം വരെ പോരാടിയ കോർബിൻ ബോഷ് ക്രീസിലെത്തിയത്. എട്ടാം വിക്കറ്റിൽ പ്രെനെലൻ സുബ്രയേനുമായി (16 പന്തിൽ 17) ചേർന്നും ഒൻപതാം വിക്കറ്റിൽ നാന്ദ്രെ ബർഗറുമായി (23 പന്തിൽ 17) ചേർന്നും ബോഷ് 42 വീതം റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സുബ്രയേനയെ വീഴ്ത്തി കുൽദീപും ബർഗറിനെ വീഴ്ത്തി അർഷ്ദീപുമാണ് ഈ കൂട്ടുകെട്ടുകൾ പൊളിച്ചത്. പത്താം വിക്കറ്റിൽ ഒട്ട്നീൽ ബാർട്ട്മാനെ (0*) മറുവശത്തു നിർത്തിയും ബോഷ് പൊരുതിയെങ്കിലും അവസാന ഓവറിൽ വീഴുകയായിരുന്നു.
∙ കൂറ്റൻ ടോട്ടൽദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യൻ ടീമും തമ്മിലുള്ള വ്യത്യാസം എന്താണ്? ഏകദിന ടീമിലെ പ്ലേയിങ് ഇലവനിലുള്ള ആ രണ്ടു പേരുകൾ. വിരാട് കോലി, രോഹിത് ശർമ. സൂപ്പർ താരപദവി വെറുതെ കിട്ടിയതല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് വിരാട് കോലിയും രോഹിത് ശർമയും ഒപ്പം ക്യാപ്റ്റൻ ഇന്നിങ്സുമായി കെ.എൽ.രാഹുലും ബാറ്റിങ്ങിൽ മിന്നിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 349 റൺസെടുത്തത്.
സെഞ്ചറി നേടിയ വിരാട് കോലി ( 120 പന്തിൽ 135), അർധസെഞ്ചറി നേടിയ രോഹിത് ശർമ (51 പന്തിൽ 57), ക്യാപ്റ്റൻ കെ.എൽ.രാഹുൽ (56 പന്തിൽ 60) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്കു കരുത്തായത്. ഏറെ കാത്തിരിപ്പിനു ശേഷം ഏകദിന ടീമിൽ അവസരം കിട്ടിയ യശ്വസി ജയ്‌സ്വാളും (16 പന്തിൽ 18) ഋതുരാജ് ഗെയ്‌ക്‌വാദും (14 പന്തിൽ 8) നിരാശപ്പെടുത്തിയപ്പോൾ ഏകദിന ടീമിലേക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജ 20 പന്തിൽ 32 റൺസെടുത്തു. വാഷിങ്ടൻ സുന്ദർ 13 റൺസെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി നന്ദ്രെ ബർഗർ, ഒട്ട്നീൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, മാർക്കോ യാൻസ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അവസാന മൂന്ന് ഓവറിനിടെ മൂന്നു വിക്കറ്റ് വീണതോടെയാണ് ഇന്ത്യയുടെ സ്കോർ 350 കടക്കാതിരുന്നത്.
∙ രോ–കോ ക്ലാസ്ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക്, ഓപ്പണർ യശ്വസി ജയ്‌സ്വാൾ മികച്ച തുടക്കമാണ് നൽകിയത്. ഇന്നിങ്സിലെ ആദ്യ പന്തു തന്നെ ബൗണ്ടറി പായിച്ചായിരുന്നു ജയ്സ്വാളിന്റെ തുടക്കം. ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ ഓപ്പണർ സ്ഥാനം ലഭിച്ച താരത്തിനു പക്ഷേ ആ ഇന്നിങ്സ് ഏറെ നേരം മുന്നോട്ടു കൊണ്ടുപോകാനായില്ല. നാലാം ഓവറിൽ ജയ്സ്വാളിനെ വീഴ്ത്തി നന്ദ്രെ ബർഗർ ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നൽകി. എന്നാൽ മൂന്നാമനായി വിരാട് കോലി ക്രീസിലെത്തിയപ്പോൾ കളത്തിലും ഇന്ത്യയ്ക്ക് ‘രാജയോഗം’ തുടങ്ങുകയായിരുന്നു. നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറി പായിച്ചായിരുന്നു കോലിയുടെയും തുടക്കം. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നതേയില്ല.
കോലിയും രോഹിത്തും ഒരുമിച്ചു കളിക്കുന്ന ഇന്ത്യയുടെ 392–ാം രാജ്യാന്തര മത്സരമായിരുന്നു ഇത്. 391 മത്സരങ്ങൾ ഒരുമിച്ചു കളിച്ച സച്ചിൻ തെൻഡുൽക്കറുടെയും രാഹുൽ ദ്രാവിഡിന്റെയും റെക്കോർഡാണ് ഇരുവരും മറികടന്നത്. ആ ചരിത്രനേട്ടം ഇരുവരും ആഘോഷമാക്കുകയും ചെയ്തു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 136 റൺസാണ് കൂട്ടിച്ചേർത്തത്. റൺസിലും ബൗണ്ടറികളും കോലിയും രോഹിത്തും ഏകദേശം ഒരു പോലെ മുന്നേറിയപ്പോൾ ഇന്ത്യൻ സ്കോർബോർഡും അതിവേഗം മുന്നോട്ടു പോയി. 14–ാം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. ഇതിനിടെ കോലി 76–ാം ഏകദിന അർധസെഞ്ചറിയും രോഹിത് 60–ാം ഏകദിന അർധസെഞ്ചറിയും കൈവരിച്ചു. 22–ാം ഓവറിൽ രോഹിത്തിനെ പുറത്താക്കി മാർക്കോ യാൻസനാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നു സിക്സും അഞ്ച് ഫോറുമാണ് രോഹിത്തിന്റെ ബാറ്റിൽനിന്നു പിറന്നത്.
രോഹിത് പോയതോടെ കോലി മെല്ലെ പ്രതിരോധത്തിലേക്ക് വലിഞ്ഞെങ്കിലും റൺറേറ്റ് താഴാതെ നോക്കി. നാലാമനായി ക്രീസിലെത്തിയത് രണ്ടു വർഷത്തിനു ശേഷം ഏകദിനം കളിക്കുന്ന ഋതുരാജ് ഗെയ്‌ക്‌വാദാണ്. 14 പന്തുകൾ നേരിട്ട താരം, എട്ടു റൺസുമായി മടങ്ങി. പിന്നീടെത്തിയ വാഷിങ്ടൻ സുന്ദറിനും (19 പന്തിൽ 13) കാര്യമായ സംഭാവന നൽകാനായില്ല. ആറാമനായി ഇറങ്ങിയ ക്യാപ്റ്റൻ കെ.എൽ.രാഹുൽ, കോലിക്ക് ഉറച്ച പിന്തുണ നൽകി. ഇന്ത്യൻ ഇന്നിങ്സിന്റെ 38–ാം ഓവറിൽ കോലി, ഏകദിനത്തിലെ തന്റെ 52–ാം സെഞ്ചറി തികച്ചത്. നേരിട്ട 102–ാം പന്തിൽ ബൗണ്ടറി പായിച്ചായിരുന്നു കോലിയുടെ സെഞ്ചറി നേട്ടം. സെഞ്ചറിക്കു പിന്നാലെ വീണ്ടും ടോപ് ഗിയറിലായ കോലി, 39–ാം ഓവറിൽ രണ്ടു സിക്സും രണ്ടു ഫോറും നേടി. ഏഴു സിക്സും 11 ഫോറുമാണ് കോലി അടിച്ചത്. 43–ാം ഓവറിൽ നന്ദ്രെ ബർഗറാണ് കോലിയെ പുറത്താക്കിയത്.
പിന്നീട് രാഹുൽ–ജഡേജ സഖ്യം ചേർന്ന് ഇന്ത്യൻ സ്കോർ മുന്നൂറു കടത്തി. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 65 റൺസെടുത്തു. അർധസെഞ്ചറി നേടിയ രാഹുൽ 49–ാം ഓവറിലാണ് പുറത്തായത്. അവസാന ഓവറിൽ ജഡേജയും അർഷദീപും കൂടി പുറത്തായതോടെ 350ന് ഒരു റൺസകലെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.
∙ വീണ്ടും ടോസ് നഷ്ടംടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏകദിനത്തിൽ തുടർച്ചയായ 19–ാം തവണയാണ് ഇന്ത്യയ്ക്ക് ടോസ് നഷ്‌ടപ്പെടുന്നത്. 2023 ഏകദിന ലോകകപ്പ് ഫൈനൽ മുതൽ കളിച്ച ഒരു ഏകദിന മത്സരത്തിലും ഇന്ത്യയ്ക്ക് ടോസ് കിട്ടിയിട്ടില്ല. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ കെ.എൽ.രാഹുലാണ് ഇന്ത്യയെ നയിച്ചത്. വിക്കറ്റ് കീപ്പറും രാഹുൽ തന്നെ. ഋഷഭ് പന്തിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. രോഹിത് ശർമയ്ക്കൊപ്പം യശ്വസി ജയ്‌സ്വാൾ ഇന്നിങ്സ് ഓപ്പൺ ചെയ്തു.
നാലാം നമ്പറിൽ ഋതുരാജ് ഗെയ്‌ക്‌വാദ് എത്തി. മൂന്നു പേസർമാരും മൂന്നു സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്. അർഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്നിവർ പേസർമാരായി എത്തിയപ്പോൾ രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ എന്നിവരാണ് സ്പിന്നർമാർ. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് ടീമിലിടം ലഭിച്ചില്ല.
അതേസമയം, ക്യാപ്റ്റൻ ടെംബ ബവൂമയ്ക്ക് വിശ്രമം അനുവദിച്ചതോടെ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്. നാലു പേസർമാരായും ഒരു സ്പിന്നറുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. പ്രെനെലൻ സുബ്രയേനാണ് ഏക സ്പിന്നർ.
English Summary:








English (US) ·