'ദി ഡിപ്ലോമാറ്റ്' തീവ്രദേശീയത കാണിക്കാത്ത സിനിമ, പക്ഷെ ദേശസ്‌നേഹം ഉണര്‍ത്തും- ജോണ്‍ എബ്രഹാം

4 months ago 5

John Abraham

ജോൺ എബ്രഹാം | ഫോട്ടോ: ANI

ചില സിനിമകള്‍ കളക്ഷന്‍ നേടാനായി പല സാഹചര്യങ്ങളും മുതലെടുക്കുകയാണെന്ന് ജോണ്‍ എബ്രഹാം. തീവ്രദേശീയതയില്ലാത്ത സിനിമകള്‍ക്കും ദേശസ്‌നേഹമുള്ളവയാകാന്‍ കഴിയും. 'ഒരുപാട് അര്‍ത്ഥവത്തായ ദേശസ്‌നേഹ സിനിമകളുണ്ടെന്ന് അദ്ദേഹം
പിടിഐയോട് പറഞ്ഞു. 'ദി ഡിപ്ലോമാറ്റ്' സിനിമയുടെ പശ്ചാത്തലത്തിലാണ് പരാമര്‍ശം.

'ദി ഡിപ്ലോമാറ്റ്' തീവ്രദേശീയത കാണിക്കാത്ത സിനിമകളില്‍ ഒന്നാണ്. മറിച്ച്, ഉറച്ചതും നിശ്ശബ്ദവും സംയമനപരവുമായ രീതിയില്‍ നിങ്ങള്‍ ദേശസ്‌നേഹിയാവുകയാണ് ചെയ്യുന്നത്- നടന്‍ പറഞ്ഞു.

'ദയവായി എന്റെ വാക്കുകള്‍ മനസിലാക്കുക. മതം നമ്മെ വിഭജിക്കുന്ന, അതിയായ രാഷ്ട്രീയമുള്ള ഒരു പരിതസ്ഥിതിയിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. ഇത് ജീവിക്കാന്‍ അനുയോജ്യമായ ഒരു സാഹചര്യമല്ല. ചില സിനിമകള്‍ അത് മുതലെടുക്കുകയും കളക്ഷന്‍ നേടുകയും ചെയ്യുന്നു. ഇത് കാണുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. വളരെ സന്തുലിതമായ സിനിമകള്‍ നല്‍കുക എന്നതാണ് എന്റെ ഉത്തരവാദിത്തം - ജോണ്‍ എബ്രഹാം പറഞ്ഞു.

'പത്താന്‍' പോലുള്ള സിനിമകള്‍ നിങ്ങള്‍ക്ക് പണം നേടിത്തരും. പണമുണ്ടാക്കാന്‍ നിങ്ങള്‍ ഒരു സാഹചര്യത്തെ മുതലെടുക്കേണ്ട ആവശ്യമില്ല. അത് നിങ്ങള്‍ എടുക്കേണ്ട വ്യക്തിപരമായ ഒരു തീരുമാനമാണ്. ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ പറയേണ്ട ഒരാളായാണ് എന്നെ വളര്‍ത്തിയത്. എനിക്ക് തെറ്റുകള്‍ പറ്റാം. പക്ഷേ തെറ്റിനേക്കാള്‍ കൂടുതല്‍ ശരിയായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ധൂമി'ലായാലും പത്താനി'ലായാലും ഇടയ്ക്ക് വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്ന് എബ്രഹാം പറഞ്ഞു.

'ഞാന്‍ വില്ലന്‍ വേഷം ചെയ്തപ്പോഴെല്ലാം, ഞാന്‍ ഒരു വില്ലനായിരുന്നില്ല, മറിച്ച് ഒരു ആന്റി-ഹീറോ ആയിരുന്നു. അങ്ങനെ വിശ്വസിക്കുന്നത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു.'ധൂമി'ല്‍, സിനിമ എന്നെ കേന്ദ്രീകരിച്ചുള്ളതാണെന്നും എന്റെ സഹതാരം എന്റെ മോട്ടോര്‍സൈക്കിള്‍ ആണെന്നും ഞാന്‍ വിശ്വസിച്ചു. അത്രമാത്രം. അതുപോലെ, 'ഷൂട്ടൗട്ട് അറ്റ് വഡാല'യില്‍ താന്‍ ഒരു ഗുണ്ടയായിരുന്നെങ്കിലും, തന്റെ കഥാപാത്രമാണ് കേന്ദ്ര നായകനെന്ന് സങ്കല്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

'ആന്റി-ഹീറോകളെ കേന്ദ്രീകരിച്ച് സിനിമകള്‍ എഴുതിയില്ലെങ്കില്‍, നിങ്ങള്‍ക്ക് അവരെ അതിമാനുഷികരായി ചിത്രീകരിക്കാന്‍ കഴിയില്ല. 70-കളിലെയും 80-കളിലെയും 90-കളിലെയും സ്ഥിരം വില്ലന്‍ സങ്കല്‍പ്പങ്ങള്‍ ഒരുപക്ഷേ അവസാനിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ 'ധൂം' പോലുള്ള, വില്ലന്‍മാര്‍ നയിക്കുന്ന ഫ്രാഞ്ചൈസികളുണ്ട്. നായകനും വില്ലനും തമ്മിലുള്ള ആ അതിര്‍വരമ്പുകള്‍ ഇപ്പോള്‍ മാഞ്ഞുപോയി, അതാണ് ഇനിയുള്ള മുന്നോട്ടുള്ള വഴി. അത് മനോഹരമാണെന്ന് ഞാന്‍ കരുതുന്നു,' അദ്ദേഹം പറഞ്ഞു.

ശരീരം സംരക്ഷിക്കുന്നതിലും ബൈക്ക് ഓടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനും സിനിമകളില്‍നിന്ന് വിട്ടുനില്‍ക്കാനും വിവേക് അഗ്നിഹോത്രി ജോണിനെതിരെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആളുകളെ സ്വാധീനിക്കാന്‍' 'ദ കശ്മീര്‍ ഫയല്‍സ്' അല്ലെങ്കില്‍ 'ഛാവ' പോലുള്ള ഒരു സിനിമ താന്‍ ഒരിക്കലും ചെയ്യില്ലെന്ന് ജോണ്‍ എബ്രഹാം പറഞ്ഞതിനെതിരെയായിരുന്നു ഈ പരാമര്‍ശം.

Content Highlights: John Abraham criticizes films exploiting governmental and spiritual divides for profit

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article