Published: September 01, 2025 09:39 AM IST
1 minute Read
ന്യൂഡൽഹി∙ ഡൽഹി പ്രീമിയർ ലീഗിനിടെ സ്പിന്‍ ബോളർ ദിഗ്‍വേഷ് രതിയുമായി വഴക്കിട്ട നിതീഷ് റാണയ്ക്ക് അഭിനന്ദന പ്രവാഹം. ഐപിഎലിലെ സഹതാരങ്ങളാണ് നിതീഷ് റാണയ്ക്ക് ഇൻസ്റ്റഗ്രാമിൽ അഭിനന്ദനം അറിയിച്ചെത്തിയത്. ഫൈനലിനു മുൻപ് വെസ്റ്റ് ഡൽഹി ലയൺസ് ക്യാപ്റ്റനായ നിതീഷ് റാണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോയ്ക്കു കീഴിലായിരുന്നു സഹതാരങ്ങളുടെ പ്രതികരണം. ‘ഒന്നും പറയുന്നില്ല’ എന്നു കാണിക്കുന്നതിനായി ചുണ്ടിൽ കുഞ്ഞിന്റെ കൈവിരൽ വച്ചായിരുന്നു റാണ ഫോട്ടോയെടുത്തത്.
ഇംഗ്ലണ്ട് താരം ഫിൽ സോൾട്ട്, ഇന്ത്യൻ താരങ്ങളായ നവ്ദീപ് സെയ്നി, ഹർഷിത് റാണ എന്നിവരെല്ലാം നിതീഷ് റാണയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. നിതീഷ് റാണയെ പ്രകോപിപ്പിച്ചതിന് ദിഗ്‍വേഷ് രതിക്ക് ഡൽഹി പ്രീമിയർ ലീഗ് ഒരു മത്സരത്തിൽനിന്നു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ദിഗ്‍വേഷിന് മാച്ച് ഫീയുടെ 80 ശതമാനവും നിതീഷ് റാണയ്ക്ക് 50 ശതമാനവും പിഴയായി ചുമത്തിയിട്ടുണ്ട്.
ആരെങ്കിലും പ്രകോപിപ്പിച്ചാൽ ശക്തമായി പ്രതികരിക്കാനാണ് തീരുമാനമെന്ന് നിതീഷ് റാണ മത്സരശേഷം വ്യക്തമാക്കി. ‘‘തെറ്റും ശരിയും ആരുടെ ഭാഗത്ത് എന്നതല്ല. ഞാൻ എന്റെ ടീമിനെ ജയിപ്പിക്കാനാണ് കളിക്കുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ ടീമിനു വേണ്ടിയും ഇറങ്ങുന്നു. പക്ഷേ ക്രിക്കറ്റിനെ ബഹുമാനിക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്. ദിഗ്‍വേഷാണു പ്രശ്നങ്ങൾ തുടങ്ങിവച്ചത്. ആരെങ്കിലും എന്റെ നേർക്കുവന്നാൽ ഞാൻ വെറുതെ ഇരിക്കില്ല. എന്നെ പ്രകോപിപ്പിച്ചാൽ ഞാൻ പ്രതികരിക്കും. ഞാൻ കളിക്കുന്നതും അതേ രീതിയിലാണ്. ആരെങ്കിലും പ്രകോപിപ്പിച്ചാൽ ഉറപ്പായും ഞാൻ വലിയ ഷോട്ടുകൾക്കു പോകും. അതുകൊണ്ടാണ് കഴിഞ്ഞ കളിയിൽ ഞാൻ സിക്സുകൾ അടിച്ചത്.’’– നിതീഷ് റാണ മാധ്യമങ്ങളോടു പറഞ്ഞു.
ഡൽഹി പ്രീമിയർ ലീഗിലെ എലിമിനേറ്ററിൽ വെസ്റ്റ് ഡൽഹി ലയൺസും സൗത്ത് ഡൽഹി സൂപ്പർ സ്റ്റാർസും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് നിതീഷ് റാണയും ദിഗ്‍വേഷ് രതിയും ഗ്രൗണ്ടിൽ നേർക്കുനേർ വന്നത്. ഡൽഹി സൂപ്പർ സ്റ്റാർസ് താരം ദിഗ്‍വേഷ് രതി നിതീഷ് റാണയെ പ്രകോപിപ്പിക്കാൻ പലകുറി ശ്രമിച്ചതോടെ മത്സരത്തിനിടെ വാക്കു തർക്കമുണ്ടായി. ബോളിങ് റൺഅപിനൊടുവിൽ ദിഗ്‌വേഷ് പന്തെറിയാതെ മടങ്ങിയതോടെ നിതീഷ് റാണ അസ്വസ്ഥനായതാണു പ്രശ്നങ്ങളുടെ തുടക്കം.
ദിഗ്‍വേഷിനെ നിതീഷ് റാണ ചോദ്യം ചെയ്തത് വാക്കു തർക്കത്തിലാണു കലാശിച്ചത്. തുടർന്ന് നിതീഷ് റാണ ദിഗ്‍വേഷിനെ സിക്സർ പറത്തുകയും, ദിഗ്‍വേഷിന്റെ ‘നോട്ട്ബുക്ക്’ ആഘോഷം അനുകരിക്കുകയും ചെയ്തു. സഹതാരങ്ങളും അംപയർമാരും ഇടപെട്ടാണ് രണ്ടു താരങ്ങളെയും പിടിച്ചുമാറ്റിയത്. അരുൺ ജയ്റ്റ്്ലി സ്റ്റേഡിയത്തില്‍ വെസ്റ്റ് ഡൽഹി ക്യാപ്റ്റനായ നിതീഷ് റാണ 55 പന്തുകളിൽനിന്ന് 134 റൺസാണ് അടിച്ചെടുത്തത്. മത്സരത്തിൽ വെസ്റ്റ് ഡൽഹി ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കി.
English Summary:








English (US) ·