
ദിയാ കൃഷ്ണ | Photo: Instagram
തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ സാമ്പത്തികത്തട്ടിപ്പ് നടത്തിയതായി പോലീസിന്റെ നിഗമനം. ജീവനക്കാരായിരുന്ന മൂന്നു യുവതികളുടെയും ബാങ്ക് അക്കൗണ്ടിലെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തികത്തട്ടിപ്പ് നടന്നതായുള്ള പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിയിരിക്കുന്നത്. സ്ഥാപന ഉടമ ദിയാ കൃഷ്ണ, ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് പോലീസ് പരിശോധിച്ചത്.
ഡിജിറ്റൽ വിവരങ്ങളായ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഫോൺ, സിസിടിവി ദൃശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് അന്വേഷണം. ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലും കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തി. ജീവനക്കാരികൾ സ്വന്തം അക്കൗണ്ടിലേക്കു വാങ്ങിയ തുകകൾ എടിഎം വഴി പിൻവലിച്ച് ദിയാ കൃഷ്ണയ്ക്കു നൽകിയതായാണ് യുവതികൾ പറയുന്നത്. എന്നാൽ, പണം പിൻവലിച്ചതിന്റെ രേഖകൾ ലഭിച്ചിട്ടില്ല. യുവതികൾ ദിയയോടും കുടുംബത്തോടും കുറ്റം സമ്മതിക്കുന്നതായുള്ള ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും. മൂന്നു ജീവനക്കാരികൾ ചേർന്ന് 69 ലക്ഷം രൂപയുടെ തട്ടിപ്പുനടത്തിയെന്നാണ് കേസ്.
ജീവനക്കാരികൾ നൽകിയ തട്ടിക്കൊണ്ടുപോകൽ പരാതി, കൗണ്ടർ പരാതിയായി പരിഗണിച്ചാൽ മതിയെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ദിയാ കൃഷ്ണയുടെ ഫ്ളാറ്റിൽനിന്ന് യുവതികൾ രണ്ടു കാറുകളിലായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതികളുടെ പരാതിയിൽ കഴമ്പില്ലെന്നും കൗണ്ടർ കേസായി പരിഗണിച്ചാൽ മതിയെന്നുമുള്ള തീരുമാനത്തിലേക്ക് പോലീസ് എത്തിയിരിക്കുന്നത്. ദിയാ കൃഷ്ണ തങ്ങളുടെ വിലാസവും ഫോൺ നമ്പറുമാണ് എല്ലായിടത്തും ഉപയോഗിച്ചതെന്നും നികുതി വെട്ടിക്കാനാണ് ഇതു ചെയ്തതെന്നുമാണ് ജീവനക്കാരികളുടെ ആരോപണം.
പോലീസിന്റെ അന്വേഷണത്തിൽ സംതൃപ്തയാണെന്ന് ദിയാ കൃഷ്ണ പറയുന്നു. ഫാൻസി ആഭരണങ്ങൾ വില്പന നടത്തുന്നതിന്റെ ചെറിയ തുകകൾ മാത്രമാണ് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് യുവതികൾ അയച്ചിരുന്നത്. ജീവനക്കാരിൽ അത്രമേൽ വിശ്വാസമായിരുന്നു. ഇവർക്കെതിരേ പരാതികൾ വന്നിട്ടും പറഞ്ഞുവിടാത്തത് തന്റെ ദൗർബല്യമാണെന്നും ദിയാ കൃഷ്ണ മാധ്യമങ്ങളോടു പ്രതികരിച്ചു.
അതേസമയം, ജീവനക്കാരികൾ നൽകിയ പരാതിയിൽ ദിയാ കൃഷ്ണയും അച്ഛൻ ജി.കൃഷ്ണകുമാറും മുൻകൂർ ജാമ്യം തേടി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസിന് തങ്ങൾ നൽകിയ പരാതികൾ ആദ്യമേ അന്വേഷിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങളുണ്ടാവില്ലായിരുന്നുവെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു. കേസിൽ രാഷ്ട്രീയം കലർത്തരുതെന്നും കൃത്യമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഉറപ്പുലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ മൊഴിയെടുപ്പ് നടന്നില്ല
ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തികത്തട്ടിപ്പ് നടത്തിയതായി പറയുന്ന ജീവനക്കാരുടെ മൊഴിയെടുക്കാനാവാതെ പോലീസ്. രണ്ടു ദിവസമായി ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മൂവരുടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
Content Highlights: Police analyse a ₹69 lakh fraud lawsuit involving employees astatine Diya Krishna`s firm
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·