
ദിയാ കൃഷ്ണ | Photo: Instagram
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയാകൃഷ്ണയുടെ കടയിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും.നിലവിൽ കേസന്വേഷിക്കുന്ന മ്യൂസിയം പോലീസിനു ക്രമസമാധാനച്ചുമതലകൾ ധാരാളമുള്ളതിനാൽ ഈ കേസ് അന്വേഷിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നു കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടുകൊണ്ട് ബുധനാഴ്ച ഡിജിപി ഉത്തരവിട്ടത്. അതേസമയം ദിയ നൽകിയ കേസിലെ പ്രതികളായ ജീവനക്കാരികൾ ഒളിവിൽപ്പോയതായി പോലീസ് അറിയിച്ചു.
ആഭരണക്കടയിലെത്തിയിരുന്ന പണം മൂന്നു ജീവനക്കാരികൾ ചേർന്ന് ക്യൂആർ കോഡിൽ കൃത്രിമംകാട്ടി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയതായാണ് കേസ്. ഇത്തരത്തിൽ 60 ലക്ഷത്തിലേറെ രൂപ തട്ടിച്ചതിനുള്ള തെളിവുകളുമായാണ് കൃഷ്ണകുമാറും ദിയയും പോലീസിൽ പരാതി നൽകിയത്.
അതേസമയം കൃഷ്ണകുമാറും മകളും ചേർന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുക്കുകയായിരുന്നുവെന്നാരോപിച്ച് ജീവനക്കാരികളും മ്യൂസിയം പോലീസിൽ പരാതി നൽകിയിരുന്നു. കൃഷ്ണകുമാറും മകളും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.
കവടിയാറുള്ള തന്റെ കടയിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർക്കെതിരേയാണ് ദിയയുടെ പരാതി. മ്യൂസിയം പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ ഈ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 60 ലക്ഷത്തോളം രൂപ എത്തിയതായി കണ്ടെത്തിയിരുന്നു. ജീവനക്കാർ സാമ്പത്തികത്തട്ടിപ്പു നടത്തി എന്ന നിഗമനത്തിലാണ് പോലീസ്.
എന്നാൽ നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയതെന്നും ഈ പണം തങ്ങൾ പലപ്പോഴായി ദിയയ്ക്കു തിരികെ നൽകിയെന്നുമാണ് ജീവനക്കാരുടെ മൊഴി. ഇത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇവർ നൽകിയ തട്ടിക്കൊണ്ടുപോകൽ പരാതി കൗണ്ടർ കേസ് എന്നനിലയ്ക്കുമാത്രമാണ് പോലീസ് കൈകാര്യം ചെയ്യുന്നതും.
ചൊവ്വാഴ്ച മൂന്നുപേരോടും സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവർ ഫോൺ ഓഫ് ചെയ്ത് മുങ്ങിയതായും പോലീസ് പറയുന്നു. ബുധനാഴ്ചയും ഇവരെ തിരക്കി പോലീസ് വീടുകളിലെത്തിയെങ്കിലും കണ്ടെത്താനായില്ല. തെളിവുകൾ എതിരായതോടെ ഇവർ മുൻകൂർ ജാമ്യാപേക്ഷയ്ക്കു ശ്രമിക്കുകയാണെന്ന നിഗമനത്തിലാണ് പോലീസ്.
അക്കൗണ്ട് വിവരങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ മ്യൂസിയം പോലീസ് പരിശോധിച്ചുവരുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. കൗണ്ടർ കേസിൽ കൃഷ്ണകുമാറും ദിയയും നൽകിയ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും.
Content Highlights: Police says employees are absconding Diyakrishnas store Fraud case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·