ദിലീഷ് പോത്തൻ- റോഷൻ മാത്യു ചിത്രം 'റോന്ത്' തീയേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്

8 months ago 7

ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാഹി കബീര്‍ ചിത്രം 'റോന്തി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 13-ന് ചിത്രം തീയേറ്ററുകളിലേക്ക് എത്തും. 'ഇലവീഴാപൂഞ്ചിറ'യ്ക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം സൂപ്പര്‍ ഹിറ്റായ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്ക് ശേഷം അദ്ദേഹം തിരക്കഥയൊരുക്കുന്ന സിനിമകൂടിയാണ്. ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിര്‍മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്‌സിഡറി കമ്പനിയായ ജംഗ്ലീ പിക്‌ച്ചേഴ്‌സ് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മിക്കുന്നത്.

രണ്ട് പോലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടേയും വ്യക്തിജീവിതത്തിലൂടേയും സഞ്ചരിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് 'റോന്ത്'. യോഹന്നാന്‍ എന്ന പരുക്കനായ പോലീസ് കഥാപാത്രം ദിലീഷ് പോത്തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്. ദിന്‍നാഥ് എന്ന പോലീസ് ഡ്രൈവറായിട്ടാണ് റോഷന്‍ എത്തുന്നത്. റോഷന്റെ സിനിമ കരിയറിലെ വഴിത്തിരിവാകുന്ന കഥാപാത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു. ഒരു രാത്രി പട്രോളിങ്ങിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷന്‍.

'ജോസഫി'നും 'ഇലവീഴാപൂഞ്ചിറ'യ്ക്കും മനോഹരമായ ദൃശ്യഭാഷ ഒരുക്കിയ മനേഷ് മാധവനാണ് 'റോന്തി'ന്റെ ചിത്രത്തിന്റെ ഛായാഗ്രഹണം. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനില്‍ ജോണ്‍സണ്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയാണ് ഗാനരചന.

എഡിറ്റര്‍: പ്രവീണ്‍ മംഗലത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ദിലീപ് നാഥ്, അസോസിയേറ്റ് പ്രൊഡ്യൂസര്‍: കല്‍പ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസര്‍: സൂര്യ രംഗനാഥന്‍ അയ്യര്‍, സൗണ്ട് മിക്‌സിംഗ്: സിനോയ് ജോസഫ്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍: അരുണ്‍ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടര്‍: ഷെല്ലി ശ്രീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനര്‍: ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്‌സ്യല്‍: മംമ്ത കാംതികര്‍, ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ്: ഇശ്വിന്തര്‍ അറോറ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍: മുകേഷ് ജെയിന്‍, പിആര്‍ഒ: സതീഷ് എരിയാളത്ത്, പിആര്‍ സ്ട്രാറ്റജി: വര്‍ഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ യൂത്ത്.

Content Highlights: Ronth merchandise day out: Shahi Kabir’s movie with Dileesh Pothan and Roshan Mathew

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article