ബാത്തുമി (ജോര്‍ജിയ): ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ. ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചാണ് നാഗ്പുര്‍ സ്വദേശിയായ ദിവ്യയുടെ കിരീട നേട്ടം. ജോര്‍ജിയയിലെ ബാത്തുമിയിലാണ് മത്സരം നടക്കുന്നത്.
നേരത്തേ ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചിരുന്നു. ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഗെയിമും സമനിലയായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം മത്സരത്തില്‍ കറുത്ത കരുക്കലുമായി കളിച്ചാണ് ദിവ്യ, കൊനേരു ഹംപിയെ കീഴടക്കി കിരീടമണിഞ്ഞത്. ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ദിവ്യയെ തേടിയെത്തി. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ദിവ്യ.
ദിവ്യ - ഹംപി ഫൈനല്‍ തലമുറകളുടെ പോരാട്ടമായിരുന്നു. ഹംപിയുടെ പകുതി പ്രായമേ ദിവ്യയ്ക്കുള്ളൂ. ഹംപി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയ ശേഷം പിന്നീട് രണ്ട് വനിതകള്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് ഈ പദവി നേടിയിട്ടുള്ളൂ. ഡി. ഹരിക, വൈശാലി എന്നിവരാണ് അവര്‍. ഈ പട്ടികയിലാണ് ഇപ്പോള്‍ ദിവ്യയുടെ ഇടംപിടിച്ചിരിക്കുന്നത്.
തിങ്കളാഴ്ച നടന്ന ടൈബ്രേക്കറില്‍ ആദ്യ ഗെയിം സമനിലയില്‍ അവസാനിച്ച ശേഷം ഹംപിയുടെ പിഴവ് മുതലെടുത്താണ് ദിവ്യ രണ്ടാം ഗെയിം സ്വന്തമാക്കിയത്.
ഇന്റര്‍നാഷണല്‍ മാസ്റ്ററായ ദിവ്യയ്ക്ക് ടൈബ്രേക്കുകളില്‍ ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. റാപ്പിഡ് ഫോര്‍മാറ്റില്‍ കൊനേരു ഹംപിക്കുള്ള മുന്‍തൂക്കം തന്നെയായിരുന്നു കാരണം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഹംപി തന്റെ കരിയറില്‍ രണ്ടാം തവണയും ലോക റാപ്പിഡ് ചാമ്പ്യനായത്. ഫിഡേ വനിതാ റേറ്റിങ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഹംപി. ദിവ്യ 18-ാം സ്ഥാനത്തും. മറ്റ് ഫോര്‍മാറ്റുകളിലും ദിവ്യയേക്കാള്‍ ഉയര്‍ന്ന റാങ്കിലാണ് ഹംപി. റാപ്പിഡില്‍ ഹംപി 10-ാം സ്ഥാനത്തും ദിവ്യ 22-ാം സ്ഥാനത്തുമാണ്. ബ്ലിറ്റ്‌സില്‍ ഹംപി 10-ാം റാങ്കിലും ദിവ്യ 18-ാമതുമാണ്.
ടൈബ്രേക്കര്‍ ഇങ്ങനെ
ടൈബ്രേക്കിലെ ആദ്യ രണ്ടു ഗെയിമുകള്‍ റാപ്പിഡ് സമയക്രമത്തിലായിരിക്കും. ഇതില്‍ ഓരോ കളിക്കാര്‍ക്കും ചിന്തിക്കാന്‍ 15 മിനിറ്റേ ലഭിക്കൂ. ഇതോടൊപ്പം ഓരോ കരുനീക്കം നടത്തിക്കഴിയുമ്പോള്‍ അവരുടെ സമയസൂചികയില്‍ 10 സെക്കന്‍ഡ് വീതം കൂട്ടിച്ചേര്‍ക്കപ്പെടും (ഇന്‍ക്രിമെന്റ്). ഒരാള്‍ എതിരാളിക്ക് ചെക്ക്‌മേറ്റ് നല്‍കുകയോ എതിരാളി തോല്‍വി സമ്മതിക്കുകയോ ഒരാളുടെ ചെസ് ക്ലോക്കിലെ സമയം തീരുകയോ ചെയ്താല്‍ കളിയുടെ ഫലം നിര്‍ണയിക്കപ്പെടും.
ആദ്യ റാപ്പിഡ് ഗെയിമില്‍ വെള്ളക്കരു ആര്‍ക്ക് എന്നത് ടോസിലൂടെ നിര്‍ണയിക്കും.
രണ്ട് റാപ്പിഡ് ഗെയിമുകള്‍ 1-1 ല്‍ അവസാനിച്ചാല്‍ ടൈബ്രേക്കറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.
വീണ്ടും നറുക്കെടുത്ത് ആര് ഏതു കരുവുമായി കളിക്കണം എന്ന് തീരുമാനിച്ചശേഷം 10 മിനിറ്റ് +10 സെക്കന്‍ഡ് ഇന്‍ക്രിമെന്റ് രീതിയില്‍ അടുത്ത ടൈബ്രേക്ക് പോരാട്ടം. ഇതും സമനിലയായാല്‍ കളര്‍ നറുക്കെടുപ്പിനുശേഷം അടുത്ത് സംഭവിക്കുന്നത് അഞ്ചുമിനിറ്റ് + 3 സെക്കന്‍ഡ് സമയഘടനയിലുള്ള ബ്ലിറ്റ്‌സ് (മിന്നല്‍ ചെസ്) മത്സരമാണ്.
എന്നിട്ടും തുല്യനിലയില്‍ തുടര്‍ന്നാല്‍ വീണ്ടും കളറിനായി നറുക്കെടുക്കും. മൂന്നു മിനിറ്റ് +2 സെക്കന്‍ഡ് സമയക്രമത്തില്‍ രണ്ട് ബ്ലിറ്റ്‌സ് മത്സരം വീണ്ടും. എന്നിട്ടും അനിശ്ചിതാവസ്ഥ തുടര്‍ന്നാല്‍ കളറുകള്‍ തിരിച്ചിട്ട് മേല്‍നടന്ന 3+2 സമയക്രമത്തിലുള്ള മിന്നല്‍ ചെസ് ആവര്‍ത്തിക്കും. 3+2 സമയക്രമത്തില്‍ രണ്ടു ഗെയിമുകള്‍ എന്ന പ്രക്രിയ ഒരാള്‍ ജയിക്കുന്നതുവരെ ആവര്‍ത്തിക്കും. ഇവിടെ റാപിഡ് ടൈബ്രേക്കറില്‍ തന്നെ വിജയിയെ തീരുമാനിച്ചതോടെ മറ്റു മത്സരങ്ങള്‍ വേണ്ടിവന്നില്ല.
ശനിയാഴ്ച നടന്ന ആദ്യ ഗെയിം (44 നീക്കങ്ങളില്‍ സമനില)
വനിതാ ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള ഫൈനലിലെ ആദ്യ ഗെയിം 44 നീക്കങ്ങളില്‍ സമനിലയിലായിരുന്നു. രാജ്ഞിയുടെ മുന്നിലെ കാലാളിനെ രണ്ടു കളം മുന്നോട്ടു നീക്കിക്കൊണ്ട് ക്വീന്‍ പോണ്‍ പ്രാരംഭമുറയില്‍ കളിയാരംഭിച്ച ദിവ്യയെ രണ്ടാം നീക്കത്തില്‍ത്തന്നെ ക്വീന്‍സ് ഗാംബിറ്റ് അക്‌സപ്റ്റഡ് എന്ന പ്രതിരോധമുറ അവലംബിച്ച് പരിചയസമ്പന്നയായ കൊനേരു നേരിട്ടു. ഇദംപ്രഥമമായായാണ് ദിവ്യ ഈ ടൂര്‍ണമെന്റില്‍ ക്വീനിനു മുന്നിലെ പോണിനെ തള്ളിക്കൊണ്ട് ഒരു ഗെയിം തുടങ്ങിവെച്ചത് എന്നത് ശ്രദ്ധേയമാണ്. ഒന്നാം ഗെയിം അര ഡസന്‍ നീക്കങ്ങള്‍ പിന്നിട്ടപ്പോള്‍ത്തന്നെ ഇരുവരും ജയത്തിനുവേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് കച്ചമുറുക്കിയാണ് ഗോദയിലിറങ്ങിയിരിക്കുന്നത് എന്ന് വ്യക്തമായി.
ബിഷപ്പിനെ പുറത്തിറക്കിക്കൊണ്ട് കൊനേരു നടത്തിയ ഏഴാമത്തെ നീക്കം അല്പം ദുര്‍ബലമായിരുന്നു. എങ്കിലും ദിവ്യക്ക് ഈ പിഴവിനെ മുതലെടുക്കാനുള്ള കൃത്യമായ മറുനീക്കം കണ്ടെത്താനായില്ല. കളിയുടെ പ്രാരംഭഘട്ടത്തില്‍ ദിവ്യ താരതമ്യേന വേഗമേറിയ നീക്കങ്ങള്‍ നടത്തിയപ്പോള്‍ കൊനേരു ചിന്തിക്കുന്നതിനായി കൂടുതല്‍ സമയം ഉപയോഗിച്ചു. പിന്നീട് പത്താം നീക്കത്തിനു മാത്രമായി 27 മിനിറ്റ് ചെലവഴിച്ച് ദിവ്യ കൃത്യമായ നീക്കം കണ്ടെത്തി. കൊനേരുവിന്റെ മറുനീക്കം ദുര്‍ബലമായ ഒന്നായിരുന്നു. ഇതോടെ, ദിവ്യ കളിയില്‍ ആധിപത്യം നേടി. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ദിവ്യയുടെ പന്ത്രണ്ടാം നീക്കം കളിയില്‍ വെട്ടിപ്പിടിച്ച മികവിനെയെല്ലാം അടിയറവ് വെച്ച് എതിരാളിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ തുറന്നു നല്‍കി. മാത്രവുമല്ല, സമയത്തിലും ദിവ്യ കൊനേരുവിനേക്കാള്‍ 20 മിനിറ്റ് പുറകിലായി. പന്ത്രണ്ടാം നീക്കത്തില്‍ ദിവ്യയ്ക്കും അടുത്ത നീക്കത്തില്‍ കൊനേരുവിനും ഏറ്റവും കരുത്തുറ്റ നീക്കങ്ങള്‍ കണ്ടെത്താനാവാതെ പോയത് മത്സരത്തിന്റെ പിരിമുറക്കം കൊണ്ടായിരിക്കണം.
കളി സമനിലയിലേക്ക് നീങ്ങുന്നു എന്ന് തോന്നിച്ച വേളയില്‍ രാജാവിനെ മുന്നോട്ടുവെച്ച് ധീരമായൊരു നീക്കം നടത്തിയ ദിവ്യ പൊസിഷനില്‍ തനിക്കെതിരേ സമ്മര്‍ദം നിലനിന്നിട്ടും ജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല എന്നു വ്യക്തമാക്കി.
രാജ്ഞിയെയും തേരിനെയും കോര്‍ത്തിണക്കി കൊനേരു ശത്രുപാളയത്തിലേക്ക് പട നയിച്ചപ്പോള്‍ ദിവ്യ അക്ഷോഭ്യയായി പ്രതിരോധം കണ്ടെത്തുകയും അതോടൊപ്പം കൊനേരുവിന്റെ രാജാവിനെതിരേ പ്രത്യാക്രമണം നടത്തുകയും ചെയ്തു. ജയസാധ്യത ഇല്ല എന്ന് തിരിച്ചറിഞ്ഞ കൊനേരു മുപ്പത്തിയഞ്ചാം നീക്കത്തില്‍ തേരിനെ ബലിനല്‍കി നിര്‍ബന്ധിത സമനിലയിലേക്ക് കളിയെ നയിച്ചു. നാല്‍പ്പത്തിയൊന്നാം നീക്കത്തില്‍ നിലയ്ക്കാത്ത ചെക്കുകള്‍ വന്ന അവസ്ഥയില്‍ ഇരുവരും സമനില സമ്മതിച്ചു പിരിഞ്ഞു.
ഞായറാഴ്ച നടന്ന രണ്ടാം ഗെയിം (34-ാം നീക്കത്തിനൊടുവില്‍ സമനില)
കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള പോരാട്ടം ഞായറാഴ്ച 34-ാം നീക്കത്തിനൊടുവിലാണ് സമനിലയില്‍ പിരിഞ്ഞത്. ഞായറാഴ്ച ആദ്യനീക്കത്തില്‍ കുതിരയെ പുറത്തിറക്കി റെറ്റി പ്രാരംഭമുറയെ അനുസ്മരിപ്പിച്ച തുടക്കം പിന്നീട് ഇംഗ്ലീഷ് ഓപ്പണിങ് സമ്പ്രദായത്തിലേക്ക് മാറി. വേഗം കരുക്കളെ കളത്തിലിറക്കുന്നതിന് ഇരുവരും ഊന്നല്‍ നല്‍കി. പെട്ടെന്നുതന്നെ ഒെേട്ടറ കരുക്കള്‍ പരസ്പരം വെട്ടിനീക്കപ്പെട്ടു. ഓരോ കിങ്ങും ക്വീനും ചെറുകരുക്കളും മാത്രം ബോര്‍ഡില്‍ ശേഷിച്ചു. പോണ്‍ ഘടനയിലും കാര്യമായ സങ്കീര്‍ണതയുണ്ടായിരുന്നില്ല. പക്ഷേ, കൊനേരുവിന് സമയക്കുറവുണ്ടെന്നത് പ്രകടമായിരുന്നു. 23-ാം നീക്കത്തില്‍ കൊനേരു മികച്ച നീക്കത്തോടെ പോണ്‍ബലി നടത്തി. ഈ നീക്കം ഇല്ലായിരുന്നെങ്കില്‍ ദിവ്യയുടെ നൈറ്റ് കൊനേരുവിന്റെ ബിഷപ്പിനുമേല്‍ ആധിപത്യം നേടിയേനെ. അങ്ങനെവന്നാല്‍ കൊനേരു പ്രതിരോധത്തിലാകുമായിരുന്നു.
പോണ്‍ സ്വീകരിച്ച ദിവ്യക്കെതിരേ അടുത്ത ക്വീന്‍ നീക്കത്തിലൂടെ കൊനേരു ചെക്ക്‌മേറ്റ് ഭീഷണിയുമുയര്‍ത്തി. പോണ്‍ മികവ് നിലനിര്‍ത്തിക്കൊണ്ട് ദിവ്യ പ്രതിരോധം കണ്ടെത്തി. പക്ഷേ, കൊനേരുവിന്റെ ക്വീനും ബിഷപ്പും പരസ്പര ധാരണയോടെ ബോര്‍ഡില്‍ സജീവമായി ചലിക്കാന്‍ തുടങ്ങി. മറുപടിയായി ദിവ്യ ഒരേസമയം, പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച് ക്വീനിനെ നന്നായി ചലിപ്പിച്ചു.
തനിക്ക് നഷ്ടപ്പെട്ട പോണിനെ നിരന്തര സമ്മര്‍ദത്തിലൂടെ കൊനേരു തിരിച്ചെടുത്തതോടെ ഒന്നാം ഗെയിമില്‍ സംഭവിച്ചതുപോലെ പെര്‍പെക്ച്വല്‍ ചെക്കില്‍ ഗെയിം സമനിലയില്‍ പര്യവസാനിച്ചു.
ഒന്നാം ഗെയിമില്‍ പെര്‍പെക്ച്വല്‍ ചെക്ക് ആയുധം പ്രയോഗിച്ചത് കൊനേരു ആയിരുന്നെങ്കില്‍ രണ്ടാംഗെയിമില്‍ ദിവ്യയുടെ ഊഴമായിരുന്നു. ഒന്നാം ഗെയിമില്‍ തനിക്കുലഭിച്ച അവസരങ്ങള്‍ മുതലെടുക്കാനായില്ലെന്ന നഷ്ടബോധം രണ്ടാം ഗെയിമിലെ കരുനീക്കത്തെ ഒരുവിധത്തിലും ബാധിക്കില്ലെന്ന ദൃഢനിശ്ചയം ദിവ്യ ദേശ്മുഖിന്റെ നീക്കങ്ങളില്‍ പ്രകടമായിരുന്നു. കൊനേരുവാകട്ടെ, പരിചയസമ്പത്തിന്റെയും വിശകലന പാടവത്തിന്റെയും സ്രോതസ്സുകളെ ഉചിതമായി വിനിയോഗിച്ചു. രണ്ടാം ഗെയിം കുറ്റമറ്റതായിരുന്നു.
Content Highlights: 19-year-old Indian chess prodigy Divya Deshmukh wins the FIDE Women`s World Cup, defeating Koneru Hu








English (US) ·